ഇസ്രായേലിനെതിരായ അന്വേഷണം: അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധമേർപ്പെടുത്തി ട്രംപ്
text_fieldsവാഷിങ്ടൺ: ഇസ്രായേലിനെതിരെ അന്വേഷണം നടത്തുന്ന പശ്ചാത്തലത്തിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് (ഐ.സി.സി) ഉപരോധമേർപ്പെടുത്തുന്ന ഉത്തരവിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചു. ഐ.സി.സിക്കുള്ള സാമ്പത്തിക സഹായവും യു.എസ് അവസാനിപ്പിക്കും. എന്നാൽ യു.എസോ ഇസ്രായേലോ ഐ.സി.സിയിൽ അംഗമല്ലെന്നത് ശ്രദ്ധേയമാണ്. ഇരു രാജ്യങ്ങളും കോടതിയെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുമില്ല.
2023 ഒക്ടോബറിലെ ഹമാസ് ആക്രമണത്തിനു പിന്നാലെയാണ് സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഉൾപ്പെടെ പതിനായിരക്കണക്കിനു ഫലസ്തീനികളെ ഇസ്രായേൽ സൈനിക നീക്കത്തിലൂടെ കൊന്നൊടുക്കിയത്. ഇതോടെ ഗസ്സയിലെ യുദ്ധക്കുറ്റത്തിന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരെ ഐ.സി.സി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
കോടതിയുടെ നടപടി അമേരിക്കയേയും സഖ്യകക്ഷികളെയും ലക്ഷ്യമിട്ടുള്ളതും അടിസ്ഥാനരഹിതവും നിയമവിരുദ്ധവുമാണെന്നും ട്രംപ് ഒപ്പിട്ട ഉത്തരവിൽ പറയുന്നു. നെതന്യാഹുവിനും മുൻ പ്രതിരോധമന്ത്രി യൊആവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിലൂടെ കോടതി അധികാര ദുർവിനിയോഗം നടത്തി. യു.എസിലോ ഇസ്രായേലിലോ ഐ.സി.സിക്ക് അധികാരപരിധി ഇല്ല. അപകടകരമായ നീക്കമാണ് കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഉത്തരവിൽ പറയുന്നു.
നെതന്യാഹുവിന്റെ യു.എസ് സന്ദർശനത്തിനു പിന്നാലെയാണ് ട്രംപിന്റെ നടപടി. ചൊവാഴ്ച ട്രംപുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യാഴാഴ്ച ക്യാപിറ്റോൾ ഹില്ലിൽ പാർലമെന്റ് അംഗങ്ങളെയും നെതന്യാഹു കണ്ടു. ഐ.സി.സി ഉദ്യോഗസ്ഥർക്ക് യു.എസിലേക്ക് പ്രവേശനം നിരോധിക്കുന്നതിനൊപ്പം ആസ്തി മരവിപ്പിക്കാനും ഉത്തരവിൽ പറയുന്നുണ്ട്. ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

