എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടാനുള്ള ബില്ലിൽ ഒപ്പിട്ട് ട്രംപ്
text_fieldsജെഫ്രി എപ്സ്റ്റീനും ഡോണൾഡ് ട്രംപും (ഫയൽ ചിത്രം)
വാഷിങ്ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിടാൻ നീതിന്യായ വകുപ്പിനോട് നിർദേശിക്കുന്ന ബില്ലിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചു. എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്റ്റ് എന്ന് ഔപചാരികമായി പേരിട്ടിരിക്കുന്ന ബിൽ, യു.എസ് ജനപ്രതിനിധിസഭ നേരത്തെ ഒന്നിനെതിരെ 427 വോട്ടുകൾക്ക് പാസാക്കിയിരുന്നു. സെനറ്റ് ബിൽ ഏകകണ്ഠമായി പാസാക്കാൻ സമ്മതിച്ചിരുന്നു. ഇതിനുപിന്നാലെയണ് ബില്ലിൽ പ്രസിഡന്‍റ് ട്രംപ് ഒപ്പിട്ടത്. 2019-ൽ ജയിലിൽ എപ്സ്റ്റീൻ മരിച്ചപ്പോഴുള്ള അന്വേഷണം ഉൾപ്പെടെ, കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും 30 ദിവസത്തിനുള്ളിൽ പുറത്തുവിടാൻ പുതിയ നിയമം നീതിന്യായ വകുപ്പിനെ നിർബന്ധിതമാക്കുന്നു.
20,000 പേജുകള്‍ വരുന്നതാണ് എപ്സ്റ്റീന്‍ ഫയല്‍ എന്നറിയപ്പെടുന്ന രേഖകള്‍. ചില ഫയലുകളിൽ പ്രസിഡന്റ് ട്രംപിനെ കുറിച്ചും പരാമര്‍ശമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വിഷയം നിരന്തരം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇതിനിടെയാണ് തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും ഫയലുകള്‍ പുറത്തുവിടണമെന്നും ആവശ്യപ്പെട്ട് ട്രംപ് രംഗത്തെത്തിയത്. തന്റെ പേര് പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ എന്ന പേരില്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിവരങ്ങളെ ഡെമോക്രാറ്റുകളുടെ എപ്സ്റ്റീന്‍ തട്ടിപ്പ് എന്നാണ് ട്രംപ് വിശേഷിപ്പിച്ചിരിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മഹത്തായ വിജയത്തെ അപമാനിക്കാന്‍ ഇടത് മൗലിക വാദികള്‍ പ്രചാരണം നടത്തുന്നുവെന്നും ട്രംപ് ആരോപിക്കുന്നു.
വിഷയം യു.എസ് പ്രതിനിധി സഭയില്‍ എത്തിയപ്പോള്‍ ലൂസിയാനയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ ക്ലേ ഹിഗ്ഗിന്‍സ് മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. വിവരങ്ങള്‍ പുറത്തുവിടുന്നതിലൂടെ ‘നിരപരാധികളായ ആളുകള്‍ വേദനിക്കു’മെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് ഹിഗ്ഗിൻസ് എതിർപ്പുന്നയിച്ചത്. ലൈംഗിക കുറ്റകൃത്യക്കേസില്‍ വിചാരണ നേരിടവേ ജയിലില്‍വെച്ച് മരണമടഞ്ഞ യുഎസ് കോടീശ്വരനാണ് ജെഫ്രി എപ്സ്റ്റീന്‍. രാഷ്ട്രീയത്തിലടക്കം സ്വാധീനശക്തിയുണ്ടായിരുന്ന എപ്സ്റ്റീന്‍ അമേരിക്കന്‍ പ്രസിഡന്റുമാരുമായി ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ബ്രിട്ടീഷ് രാജകുമാരന്‍ ആന്‍ഡ്രൂ എന്നിവരടക്കം അദ്ദേഹത്തിന്റെ സൗഹൃദവലയത്തില്‍ ഉണ്ടായിരുന്നു.
ബാലപീഡന വാര്‍ത്തകളിലൂടെയാണ് എപ്സ്റ്റീന്‍ കുപ്രസിദ്ധി നേടുന്നത്. 2001 മുതല്‍ 2006 വരെയുള്ള അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികള്‍ എപ്സ്റ്റീന്റെ വൈകൃതങ്ങള്‍ക്ക് ഇരയായെന്നായിരുന്നു റിപ്പോര്‍ട്ട്. എണ്‍പതോളം പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരകളായെന്നും സമൂഹത്തിലെ ഉന്നതരുടെ പിന്തുണയോടെ പല സ്ത്രീകളെയും കുട്ടികളെയും എപ്സ്റ്റീനും കൂട്ടാളികളും ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് കേസ്.
എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും അംഗീകരിച്ചതോടെ ബില്‍ ഇനി യുഎസ് പ്രസിഡന്റിന്റെ പരിഗണയിലേക്ക് എത്തും. നിലവിലെ സാഹചര്യത്തില്‍ ഡോണള്‍ഡ് ട്രംപ് ഇതിന് അംഗീകാരം നല്‍കും എന്നാണ് വിലയിരുത്തല്‍. എന്നാല്‍, ഫയലുകള്‍ പുറത്തുവിടാന്‍ കോണ്‍ഗ്രസില്‍ വോട്ടെടുപ്പ് ആവശ്യമില്ലായിരുന്നു എന്നാണ് മറ്റൊരു യാഥാര്‍ഥ്യം. പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് ട്രംപിന് നേരിട്ട് ഫയലുകള്‍ പുറത്തുവിടാന്‍ സാധിക്കുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

