ഇറാൻ യുദ്ധം അവസാനിച്ചെന്ന് ട്രംപ്
text_fieldsഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം സൈനികമായി ഫലത്തിൽ അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വാഷിങ്ടണിൽ ഖത്തർ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. ഇറാൻറെ സൈനിക ശേഷി പൂർണ്ണമായി തകർക്കപ്പെട്ടെന്നും നിലവിലെ സ്ഥിതിതുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ട്രംപിന്റെ പ്രസ്താവന വ്യാജവാർത്തയാണെന്ന് പറഞ്ഞ് ഇറാനിയൻ അധികൃതർ തള്ളി.
അയൽരാജ്യങ്ങളുടെ താൽപര്യപ്രകാരമാണ് നിലവിലെ ‘സ്റ്റാറ്റസ് ക്വോ’ (നിലവിലെ സ്ഥിതി) തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ ഥാനിയും യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും തമ്മിലുള്ള അടച്ചിട്ട ചർച്ചക്ക് ശേഷമായിരുന്നു ട്രംപിന്റെ പരാമർശം. മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിനും ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും ചർച്ചകൾ സഹായകരമായെന്ന് ഖത്തർ പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചു.
യുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ചെങ്കിലും ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ യുഎസ് നാവിക ഉപരോധം തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. കരമാർഗ്ഗവും കാസ്പിയൻ കടൽ വഴിയുമുള്ള വ്യാപാരം തടയുന്നതിനായി രൂപീകരിച്ച ‘ടാസ്ക് ഫോഴ്സ് അയേൺ ഗേറ്റ്’ ഉൾപ്പെടെയുള്ള നടപടികൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തർ, സൗദി അറേബ്യ, യു.എഇ, ബഹ്റൈൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളുടെ താൽപ്പര്യപ്രകാരമാണ് ഈ നിലപാട് തുടരുന്നത്. ആവശ്യമെങ്കിൽ ഏതു നിമിഷവും സൈനിക നടപടികളിലേക്ക് തിരിച്ചുവരാൻ രാജ്യം സജ്ജമാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ട്രംപിന്റെ അവകാശവാദങ്ങക്കെതിരെ ഇറാൻ രംഗത്തെത്തി. യുദ്ധം യുഎസ് സർക്കാരിനെയാണ് തകർത്തതെന്നും വാഷിങ്ടൺ ഒരു നിരാശനായ ചൂതാട്ടക്കാരനെപ്പോലെയാണ് പെരുമാറുന്നതെന്നും ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മുഹ്സിൻ റെസോയി സോഷ്യൽ മീഡിയയിൽ കുറിച്ചു.
രാജ്യത്ത് നിലവിലുള്ളത് ‘യുദ്ധവുമില്ല സമാധാനവുമില്ല’എന്ന അവസ്ഥയാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ വ്യക്തമാക്കി. സുപ്രീം നേതാവ് മുജ്തബ ഖാംനഈയും ഈ സ്ഥിതിക്ക് മാറ്റം വരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ബലപ്രയോഗത്തിനും ഭീഷണിക്കും മുന്നിൽ കീഴടങ്ങില്ലെന്നും എന്നാൽ ഉപാധികളോടെയുള്ള ചർച്ചകൾക്ക് രാജ്യം തയ്യാറാണെന്നും പെസെഷ്കിയൻ കൂട്ടിച്ചേർത്തു.
ഫെബ്രുവരി 28നാണ് ഇറാനെതിരെയുള്ള യുദ്ധം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി എണ്ണ, ഗ്യാസ്, വളം എന്നിവയുടെ നിർണായക പാതയായ ഹുർമുസ് കടലിടുക്ക് ഇറാൻ അടച്ചുപൂട്ടുകയും ഗൾഫ് രാജ്യങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഇതിനുപുറമെ ലബനനിലെ ഇസ്രായേൽ അധിനിവേശവും സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഹൂതികൾക്കെതിരെയുള്ള പോരാട്ടവും മേഖലയെ കൂടുതൽ സംഘർഷഭരിതമാക്കി.
യുദ്ധം അവസാനിപ്പിക്കുന്നതിനായി യു.എസിനു മുന്നിൽ ഇറാൻ ഏഴ് പ്രധാന ഉപാധികളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. യുഎസ് ഉപരോധങ്ങൾ പിൻവലിക്കുക, മരവിപ്പിച്ച ഇറാനിയൻ ഫണ്ടുകൾ തിരികെ നൽകുക, ഒമാനുമായി ചേർന്ന് ഹുർമുസ് കടലിടുക്കിൽ പുതിയ യാത്രാമാർഗ്ഗം അംഗീകരിക്കുക, ലബനാനിലെ ആക്രമണങ്ങൾ ഉൾപ്പെടെ എല്ലാ രംഗത്തുമുള്ള യുദ്ധം അവസാനിപ്പിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ഖത്തറിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് പുതിയ രാഷ്ട്രീയ നീക്കങ്ങൾ ഉണ്ടായിരിക്കുന്നത്.

