യുക്രെയ്നിലേക്ക് കൂടുതൽ ആയുധങ്ങൾ അയക്കുമെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: യുക്രെയ്നിലേക്ക് ആയുധങ്ങൾ അയക്കുന്നത് നിർത്തിവെക്കുമെന്ന് വൈറ്റ് ഹൗസ് കഴിഞ്ഞയാഴ്ച പറഞ്ഞെങ്കിലും, ഇപ്പോൾ കൂടുതൽ ആയുധങ്ങൾ അയക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നമുക്ക് കൂടുതൽ ആയുധങ്ങൾ അയയ്ക്കേണ്ടിവരും, പ്രധാനമായും പ്രതിരോധ ആയുധങ്ങൾ -അദ്ദേഹം വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അവർ വളരെ വലിയ ആക്രമണമാണ് നേരിടുന്നതെന്ന് പറഞ്ഞ ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി താൻ അത്ര സന്തോഷത്തിലല്ലെന്നും ട്രംപ് വ്യക്തമാക്കി.
മുൻ പ്രസിഡന്റ് ജോ ബൈഡൻ ഭരണകൂടം 65 ബില്യൺ സൈനിക സഹായമാണ് യുക്രെയ്ന് നൽകിയിരുന്നത്. ഇതിനിടെ യുദ്ധോപകരണങ്ങളുടെ വിതരണം നിർത്തലാക്കുന്നത് യുക്രെയ്ന് ഗുരുതര വെല്ലുവിളിയായിരുന്നു. കഴിഞ്ഞ ദിവസം, യൂറോപ്യൻ സഖ്യകക്ഷികളുമായും യു.എസിലെ പ്രമുഖ ആയുധ നിർമാണ കമ്പനിയുമായും ഡ്രോൺ ഉൽപാദനവുമായി ബന്ധപ്പെട്ട് യുക്രെയ്ൻ കരാറിലെത്തിയിരുന്നു.
അതേസമയം, അമേരിക്ക മുൻകൈയെടുത്ത് തുടങ്ങിയ വെടിനിർത്തൽ ശ്രമങ്ങൾ പാളിപ്പോയിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിൽ തുർക്കിയയിലെ ഇസ്തംബൂളിൽ സമാധാന ചർച്ച തുടങ്ങാനിരിക്കെയാണ് ആക്രമണ-പ്രത്യാക്രമണങ്ങൾ രൂക്ഷമായത്. മൂന്ന് വർഷത്തെ യുദ്ധത്തിൽ യുക്രെയ്നെതിരെ ഏറ്റവും വലിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളാണ് റഷ്യ ഇപ്പോൾ നടത്തുന്നത്.
തിങ്കളാഴ്ച നൂറിലേറെ ഡ്രോണുകൾ ഉപയോഗിച്ചാണ് യുക്രെയ്നിലെ സിവിലിയൻ കേന്ദ്രങ്ങളിൽ ഉൾപ്പെടെ റഷ്യ ആക്രമണം നടത്തിയത്. സംഭവത്തിൽ പത്തുപേർ കൊല്ലപ്പെടുകയും 38 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരാഴ്ചക്കിടെ 1270 ഡ്രോണുകളും 39 മിസൈലുകളുമാണ് റഷ്യ യുക്രെയ്നുനേരെ തൊടുത്തത്. യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് നൂറോളം ബോംബ് വർഷിക്കുകയും ചെയ്തതായി യുക്രെയ്ൻ പ്രസിഡന്റ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

