‘വെനിസ്വേലയുടെ അഞ്ചു കോടി ബാരൽ എണ്ണ അമേരിക്കക്ക്, ആ പണം ഞാൻ നിയന്ത്രിക്കും’; അവകാശവാദവുമായി ട്രംപ്
text_fieldsവാഷിങ്ടൺ: വെനിസ്വേലയിൽ നിന്ന് 30 മുതൽ 50 ദശലക്ഷം ബാരൽ എണ്ണ അമേരിക്കക്ക് ലഭിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിപണി നിരക്കിലായിരിക്കും എണ്ണ കൈമാറ്റം നടത്തുകയെന്നും ഇതിലൂടെ ലഭിക്കുന്ന വരുമാനം ഇരു രാജ്യത്തെ ജനങ്ങൾക്കുവേണ്ടി ഉപയോഗിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.
‘വെനിസ്വേലയിലെ ഇടക്കാല അധികാരികൾ 30 മുതൽ 50 ദശലക്ഷം ബാരൽ വരെ ഉയർന്ന നിലവാരമുള്ള എണ്ണ അമേരിക്കക്ക് കൈമാറുമെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഈ എണ്ണ അതിന്റെ വിപണി വിലക്ക് വിൽക്കും. കൂടാതെ ആ പണം അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ഞാൻ നിയന്ത്രിക്കും. വെനിസ്വേലയിലെയും അമേരിക്കയിലെയും ജനങ്ങൾക്ക് പ്രയോജനപ്പെടുന്നതിനായി അത് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കും,’ ട്രംപ് പറഞ്ഞു.
വെനിസ്വേലയുടെ എണ്ണമേഖലയിൽ കൂടുതൽ അമേരിക്കൻ നിക്ഷേപവും സാങ്കേതിക വൈദഗ്ധ്യവും എത്തിക്കുന്നതിനായി ട്രംപ് ഭരണകൂടം സമ്മർദം ശക്തമാക്കുന്നതിനിടയിലാണ് ഈ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി എക്‌സോൺ, ഷെവ്‌റോൺ , കൊനോക്കോ ഫിലിപ്‌സ് തുടങ്ങിയ പ്രമുഖ അമേരിക്കൻ എണ്ണക്കമ്പനികളുടെ മേധാവികളുമായി വൈറ്റ് ഹൗസിൽ ചർച്ച നടക്കും.
എന്നാൽ ട്രംപിന്റെ അവകാശവാദത്തെ വെനിസ്വേലൻ പ്രസിഡന്റ് ഡെൽസി റോഡിഗ്രസ് തള്ളിക്കളഞ്ഞു. അമേരിക്ക പറയുന്നത് അനുസരിച്ചില്ലെങ്കിൽ മദുറോയേക്കാൾ കനത്ത പ്രത്യാഘതം നേരിടേണ്ടി വരുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് ഡെൽസിയുടെ പ്രതികരണം. ഇതിനിടെ അമേരിക്ക തടവിലാക്കിയ വെനിസ്വേലൻ മുൻ പ്രസിഡന്റ് നിക്കാളസ് മദുറോയെ കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ തനിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം നിഷേധിച്ച മദുറോ താനാണ് ഇപ്പോഴും വെനിസ്വേലയുടെ പ്രസിഡന്റെന്ന് അവകാശപ്പെട്ടു.
മയക്കുമരുന്നുകള്‍ കടത്തുണ്ടെന്ന് ആരോപിച്ച് മാസങ്ങളോളം വേട്ടയാടിയ ശേഷമാണ് രാജ്യത്ത് അതിക്രമിച്ച് കടന്ന് അമേരിക്ക മദുറോയെയും ഭാര്യയെയും ബന്ദിയാക്കിയത്. ശനിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം രണ്ടിന് യു.എസ് സേനയുടെ ഭീകരവിരുദ്ധ സേനയായ ഡെല്‍റ്റ ഫോഴ്‌സാണ് മദുറോയെയും സിലിയ ഫ്ലോറസിനെയും ബന്ദിയാക്കിയത്. ശേഷം ട്രംപ് തന്നെയാണ് ഈ വിവരം ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടത്. ഇനി വെനസ്വേല യു.എസ് ഭരിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
അതേസമയം വെനീസ്വേലൻ പ്രസിഡന്റ് മദുറോയെ പിടികൂടുന്ന സൈനിക നടപടിക്കിടെ 24 വെനിസ്വേലൻ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി കാരാക്കസിലെ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

