വീണ്ടും ട്രംപിന്റെ നിർണായക ഇടപെടൽ; തീരുമോ റഷ്യ-യുക്രെയ്ൻ യുദ്ധം
text_fieldsവാഷിങ്ടൺ: റഷ്യ-യുക്രെയ്ൻ യുദ്ധം തീർക്കാൻ വീണ്ടും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർണായക ഇടപെടൽ. ചർച്ചകൾക്കായി പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനെ ട്രംപ് അടുത്തയാഴ്ച റഷ്യയിലേക്ക് അയക്കും. യുദ്ധം തീർക്കാനുള്ള ചർച്ചകൾ നടത്തുകയാണ് വിറ്റ്കോഫിന്റെ ദൗത്യം.
അടുത്ത ബുധനാഴ്ചയോ വ്യാഴാഴ്ചയോ വിറ്റ്കോഫ് റഷ്യയിലെത്തുമെന്ന് ട്രംപ് പറഞ്ഞു. ആളുകൾ മരിക്കുന്നത് തടയാൻ ഉടൻ തന്നെ ഒരു കരാറിലെത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു. യുക്രെയ്നുമായി ഉടൻ വെടിനിർത്തൽ കരാറിലേർപ്പെട്ടിലില്ലെങ്കിൽ റഷ്യക്കുമേൽ കനത്ത തീരുവ ചുമത്തുമെന്നും ട്രംപ് ഭീഷണിമുഴക്കി.
രണ്ട് ആണവഅന്തർവാഹിനി കപ്പലുകൾ റഷ്യക്ക് സമീപം വിന്യസിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. എന്നാൽ, ഏത് മേഖലയിലാണ് കപ്പലുകൾ വിന്യസിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്താൻ ട്രംപ് തയാറായില്ല.
റഷ്യയിലെ സോച്ചിയിലെ റിസോർട്ടിന് സമീപമുള്ള എണ്ണ സംഭരണശാലയിലുണ്ടായ വൻ തീപിടുത്തത്തിന് കാരണം യുക്രേനിയൻ ഡ്രോൺ ആക്രമണമാണെന്ന് റഷ്യൻ അധികൃതർ ആരോപിച്ചിരുന്നു. ഇതെത്തുടർന്ന് സോച്ചിയുടെ അടുത്തുള്ള വിമാനത്താവളത്തിലെ സർവിസുകൾ നിർത്തിവച്ചു.
അതേസമയം, യുക്രെയ്നിന്റെ തെക്കൻ നഗരമായ മൈക്കോലൈവിൽ റഷ്യ മിസൈൽ, ഷെൽ ആക്രമണത്തിലൂടെ വീടുകളും അടിസ്ഥാന സൗകര്യങ്ങളും നശിപ്പിച്ചതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. റഷ്യൻ സൈന്യത്തിന്റെ ആവർത്തിച്ചുള്ള ഷെല്ലാക്രമണത്തിൽ നഗരത്തിൽ ഏഴു സാധാരണക്കാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

