Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അതിരുകടന്നാൽ വീണ്ടും ആക്രമണം; ഇറാൻ ചെയ്ത കാര്യങ്ങൾക്ക് വലിയ വില നൽകിയിട്ടില്ലെന്നും ട്രംപിന്‍റെ ഭീഷണി

text_fields
bookmark_border
Donald Trump
cancel

വാഷിങ്ടൺ: ഇറാൻ പുതുതായി സമർപ്പിച്ച സമാധാന കരാറിന്‍റെ ഏകദേശ രൂപം തനിക്ക് ലഭിച്ചതായും പൂർണരൂപത്തിനായി കാത്തിരിക്കുകയാണെന്നും യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തെഹ്റാൻ വീണ്ടും പ്രകോപനം സൃഷ്ടിച്ചാൽ സൈനിക ആക്രമണം പുനരാരംഭിക്കുമെന്നും ട്രംപ് ഭീഷണിമുഴക്കി.

ഹുർമുസ് കടലിടുക്ക് പൂർണമായി കപ്പൽ ഗതാഗതത്തിന് തുറന്നുകൊടുക്കാനും യു.എസ് നാവിക ഉപരോധം അവസാനിപ്പിക്കാനും നിർദേശിക്കുന്ന ഇറാന്‍റെ പുതിയ കരാർ, ആണവ വിഷയത്തിലുള്ള ചർച്ച പിന്നീട് നടത്താമെന്നും പറയുന്നു. എന്നാൽ ട്രംപ് ഈ നിർദേശം തള്ളിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇറാൻ ഇതുവരെ ചെയ്ത കാര്യങ്ങൾക്ക് വലിയ വില നൽകിയിട്ടില്ലെന്നും ട്രംപ് സമൂഹമാധ്യമ കുറിപ്പിലൂടെ വ്യക്തമാക്കി.

ഇറാന്‍റെ പുതിയ കരാറിനെക്കുറിച്ച് കേട്ടതായും കൂടുതൽ വ്യക്തതക്കായി കാത്തിരിക്കുകയാണെന്നും ട്രംപ് ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇറാന് മേൽ വീണ്ടും ആക്രമണം നടത്തുമോ എന്ന ചോദ്യത്തിന്, 'അവർ മോശമായി പെരുമാറിയാൽ ആക്രമണത്തിന് സാധ്യതയുണ്ട്' എന്നായിരുന്നു ട്രംപിന്റെ മറുപടി. എങ്കിലും മാനുഷിക പരിഗണന വെച്ച് സൈനിക നീക്കത്തിന് താൻ താൽപര്യപ്പെടുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. ആഗോള എണ്ണ വിതരണത്തിന്‍റെ 20 ശതമാനവും കടന്നുപോകുന്ന ഹുർമുസ് കടലിടുക്കിലെ ഉപരോധം അമേരിക്കയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധന വിലയും ആവശ്യ വസ്തുക്കളുടെ വിലയിലും ഗണ്യമായ വർധനയുണ്ടായി. ഇത് നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ എന്ന ആശങ്ക റിപ്പബ്ലിക്കൻ ക്യാമ്പിലുണ്ട്.

ഇറാനു ചുറ്റുമുള്ള യു.എസ് സേനയെ പിൻവലിക്കുക, ഉപരോധം നീക്കുക, മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുക, യുദ്ധത്തിലുണ്ടായ നാശങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, ഇനിയൊരിക്കലും ആക്രമിക്കില്ലെന്ന് ഉറപ്പ് നൽകുക എന്നിവയാണ് ഇറാന്റെ പ്രധാന ആവശ്യങ്ങൾ. അതേസമയം, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾക്ക് 8.6 ബില്യൺ ഡോളറിന്റെ ആയുധ വിൽപനക്ക് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് അനുമതി നൽകി. അത്യാധുനിക സൈനിക ഹാർഡ്‌വെയറുകളും അനുബന്ധ സേവനങ്ങളും ഇതിൽ ഉൾപ്പെടും. മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് സഖ്യകക്ഷികളുടെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആയുധവിൽപ്പനയെന്നാണ് അമേരിക്കൻ വാദം.

വെടിനിർത്തൽ കരാറിനിടയിലും തെക്കൻ ലബനാനിൽ ഇസ്രായേലിന്‍റെ സൈനിക നടപടി തുടരുകയാണ്. മാർച്ച് രണ്ടു മുതലുള്ള ഇസ്രായേൽ ആക്രമണങ്ങളിൽ ലബനാനിൽ ഇതുവരെ 2,659 പേരാണ് കൊല്ലപ്പെട്ടത്. 8,183 പേർക്ക് പരിക്കേറ്റു. അതിനിടെ, ഇറാനിലെ സൈനിക നടപടിക്ക് അമേരിക്കൻ കോൺഗ്രസിന്റെ അംഗീകാരം വാങ്ങാനുള്ള 60 ദിവസ കാലാവധി കഴിഞ്ഞദിവസം അവസാനിച്ചു. വെടിനിർത്തൽ പ്രാബല്യത്തിലുള്ളതിനാൽ 60 ദിവസ കാലാവധി ബാധകമല്ലെന്നാണ് ട്രംപിന്റെ നിലപാട്. കോൺഗ്രസ് അംഗങ്ങൾക്കെഴുതിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, നിലവിലെ വെടിനിർത്തലിനെ യുദ്ധം അവസാനിച്ചതായി കണക്കാക്കാൻ കഴിയില്ലെന്നും 60 ദിവസ സമയപരിധി മേയ് ഒന്നിനുതന്നെ അവസാനിച്ചെന്നുമാണ് ഡെമോക്രാറ്റുകളുടെ വാദം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Trump says US could restart Iran strikes 'if they misbehave'
Next Story