"ഇത് ഞാൻ പരിഹരിച്ച 8ാമത്തെ യുദ്ധം"; ഗസ്സ വെടി നിർത്തലിൽ അവകാശ വാദവുമായി ട്രംപ്
text_fieldsവാഷിങ്ടൺ: ദീർഘകാലമായി ആഗോള തലത്തിൽ നില നിൽക്കുന്ന നിരവധി സംഘർഷങ്ങൾക്ക് താൻ പരിഹാരം കണ്ടുവെന്ന് അവകാശ വാദവുമായി ട്രംപ്. മിഡിൽ ഈസ്റ്റിലേക്കുള്ള യാത്രക്കിടെ മാധ്യമപ്രവർത്തകരുമായി സംവദിച്ച ട്രംപ് പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷത്തെക്കുറിച്ചും പ്രതിപാദിച്ചു. യുദ്ധങ്ങൾ പരിഹരിക്കുന്നതിലുള്ള തന്‍റെ കഴിവിൽ ആത്മ വിശ്വാസം പ്രകടിപ്പിച്ച ട്രംപ് മടങ്ങിയെത്തിയ ഉടൻ ഈ വിഷയത്തിലിടപെടുമെന്നും പറഞ്ഞു.
ഗസ്സ വെടി നിർത്തൽ താൻ വിജയകരമായി പരിഹരിച്ച 8ാമത്തെ സംഘർഷമാണെന്നാണ് ട്രംപിന്‍റെ അവകാശവാദം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചത് തന്‍റെ ഇടപെടലിലൂടെയാണെന്ന് നേരത്തേ ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യ ഇതിനെ പാടെ തള്ളിക്കളയുകയായിരുന്നു.
"ഇന്ത്യയെയും പാകിസ്താനെയും നോക്കൂ, അതുപോലെ ലോകത്ത് വിവിധ ഭാഗങ്ങളിൽ വർഷങ്ങളായി ലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ട യുദ്ധങ്ങൾ നോക്കൂ. ഇവയിൽ മിക്ക യുദ്ധങ്ങളും അവസാനിപ്പിക്കാൻ ഒരു ദിവസം മാത്രമാണ് എനിക്ക് വേണ്ടി വന്നത്. തന്‍റെ സമാധാന സംരഭങ്ങളിലൂടെ ജീവനുകൾ സംരക്ഷിക്കാൻ കഴിഞ്ഞു എന്നതിൽ താൻ അഭിമാനിക്കുകയാണ്" ട്രംപ് പറഞ്ഞു.
"ഇത്തവണത്തെ സമാധാന നൊബേലിന് പരിഗണിച്ചത് 2024ലെ പ്രവർത്തനങ്ങളാണ്. എന്നാൽ 2025ൽ നിരവധി സമാധാന പ്രവർത്തനങ്ങൾ നടന്നിരുന്നതിനാൽ ഈ വർഷവും പരിഗണിക്കണമെന്ന് ചിലർ ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഞാൻ ഇതൊന്നും ചെയ്തത് പുരസ്കാരത്തിന് വേണ്ടിയല്ല." ട്രംപ് കൂട്ടിച്ചേർത്തു.
ഇത്തവണത്തെ നൊബേൽ സമ്മാന ജേതാവ് മഷാദോക്ക് താൻ ഒന്നിലധികം തവണ സഹായം നൽകിയിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. പുരസ്കാരം ലഭിച്ച ശേഷം മഷാദോ തന്നെ വിളിച്ച് ഈ പുരസ്കാരം തനിക്ക് സമർപ്പിക്കുകയാണെന്ന് പറഞ്ഞുവെന്നും എന്നാൽ താൻ അത് വേണമെന്ന് അവകാശപ്പെട്ടില്ലെന്നും ട്രംപ് പറഞ്ഞു. വെന്വസേലയിലെ അവകാശ പോരാട്ടത്തിന് സഹായം ആവശ്യമായിരുന്നു. അത് താൻ ചെയ്ത് നൽകി. ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചതിൽ തനിക്ക് സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

