എണ്ണ, എരിതീ
text_fieldsയു.എ.ഇയിലെ ഫുജൈറയിലെ എണ്ണ കേന്ദ്രത്തിൽ ആക്രമണത്തെ തുടർന്ന് പുക ഉയരുന്നു
തെഹ്റാൻ/ തെൽ അവീവ്: പശ്ചിമേഷ്യൻ സംഘർഷം 15 ദിവസം പിന്നിടുമ്പോൾ, ഇറാന്റെ മുഖ്യ സാമ്പത്തിക സ്രോതസ്സുകൾ ലക്ഷ്യമാക്കി യു.എസ് ആക്രമണം ശക്തമാക്കി. ഇറാന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായി കണക്കാക്കപ്പെടുന്ന ഖാർഗ് ദ്വീപിൽ കനത്ത ബോംബാക്രമണം നടത്തിയതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. ദ്വീപിലെ മുഴുവൻ സൈനിക കേന്ദ്രങ്ങളും തകർത്തുവെന്നും അടുത്ത ഘട്ടത്തിൽ എണ്ണ റിഫൈനറികൾ ലക്ഷ്യമിടുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാന്റെ 90 ശതമാനം അസംസ്കൃത എണ്ണ കയറ്റുമതിയും നടക്കുന്നത് ഖാർഗ് ദ്വീപ് വഴിയാണ്. ഇവിടെ അനിശ്ചിതത്വമുണ്ടായാൽ, ആഗോള എണ്ണ വിപണിയെയും അത് സാരമായി ബാധിക്കും. അടുത്ത ദിവസം മുതൽ ആക്രമണം കനപ്പിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കു പിന്നാലെയാണ് ഖാർഗ് ആക്രമണമെന്നതും ശ്രദ്ധേയമാണ്. വടക്കുപടിഞ്ഞാറൻ ഇറാനിലെ സാമ്പത്തിക നഗരമായ തബ്രീസ് ലക്ഷ്യമാക്കി ഇന്നലെ ഇസ്രായേലും ശക്തമായ വ്യോമാക്രമണം നടത്തി. 15 ദിവസത്തിനിടെ രാജ്യത്ത് യു.എസ്-ഇസ്രായേൽ സംയുക്താക്രമണത്തിൽ 1500ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
ഖാർഗ് ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രതികരിച്ചു. ഗൾഫിൽ യു.എസ് നിയന്ത്രണത്തിലുള്ള എണ്ണ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത് ഗൾഫ് മേഖലയിൽ ആശങ്കക്കിടയാക്കിയിട്ടുണ്ട്. ഇസ്രായേൽ, അറബ് രാജ്യങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഇറാൻ ശക്തമായ പ്രത്യാക്രമണവും തുടരുന്നുണ്ട്. അതിനിടെ, ഇറാഖിൽ യു.എസ് എംബസിയും ആക്രമിക്കപ്പെട്ടു. കഴിഞ്ഞദിവസം ഇവിടെ യു.എസ് വിമാനം തകർന്ന് ആറ് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇറാനെ പിന്തുണക്കുന്ന ഇറാഖിലെ സായുധ സംഘമാണ് വിമാനം വെടിവെച്ചിട്ടതെന്നാണ് കരുതുന്നത്. ഇതേ സംഘംതന്നെയാണ് ബഗ്ദാദിൽ എംബസിക്കുനേരെ ആക്രമണം നടത്തിയതെന്നും സംശയമുണ്ട്. ലബനാനിൽ ഇസ്രായേലിന്റെ കുരുതി തുടരുകയാണ്. ഒമ്പത് ലക്ഷം പേർ അധിവസിക്കുന്ന ദക്ഷിണ ബൈറൂത്തിൽനിന്ന് എട്ടര ലക്ഷത്തോളം പേർ പലായനം ചെയ്തു. ഇസ്രായേൽ ആക്രമണത്തിൽ മരണം 700 കവിഞ്ഞു. അതിനിടെ, രാജ്യത്ത് വെടിനിർത്തൽ ചർച്ചക്ക് മധ്യസ്ഥ ശ്രമവുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

