ഇറാനെതിരായ ഇസ്രായേൽ ആക്രമണം: ആശങ്കയോടെ പ്രതികരിച്ച് ലോകം; ആക്രമണത്തിൽ പങ്കില്ലെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: ഇറാന്റെ ആണവ ലക്ഷ്യങ്ങൾ ആക്രമിച്ച് രജ്യത്തെ ആണവായുധങ്ങൾ വികസിപ്പിക്കുന്നത് തടയാൻ ശ്രമിച്ചതായി ഇസ്രായേലിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ആശങ്കയിൽ ലോക രാജ്യങ്ങൾ.
രാജ്യത്തിന്റെ പ്രധാന യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിൽ ഉൾപ്പെടെ സ്ഫോടനങ്ങൾ നടന്നതായി ഇറാനിയൻ മാധ്യമങ്ങളും ദൃക്‌സാക്ഷികളും റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ കുറഞ്ഞത് രണ്ട് ഉന്നത ഇറാനിയൻ സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഇത് രണ്ട് കടുത്ത എതിരാളികൾ തമ്മിലുള്ള ഒരു പൂർണ യുദ്ധത്തിനുള്ള സാധ്യത ഉയർത്തി. 1980കളിലെ ഇറാഖുമായുള്ള യുദ്ധത്തിനുശേഷം ഇറാൻ നേരിട്ട ഏറ്റവും പ്രധാനപ്പെട്ട ആക്രമണമാണിതെന്നാണ് സൂചന.
‘ഇസ്രായേലിന്റെ ചരിത്രത്തിലെ നിർണായക നിമിഷം’ എന്ന് ഇതിനെ വിശേഷിപ്പിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആണവ ബോംബിലും മിസൈൽ ഫാക്ടറികളിലും പ്രവർത്തിക്കുന്ന ഇറാനിയൻ ശാസ്ത്രജ്ഞരെയും ഈ ഓപ്പറേഷനിൽ ലക്ഷ്യമിടുന്നുണ്ടെന്ന് പറഞ്ഞു.
അതേസമയം, പ്രതികാരമായി ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ പ്രതീക്ഷിച്ച് ഇസ്രായേൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തങ്ങളുടെ ആണവ സംബന്ധിയായ പ്രവർത്തനങ്ങൾ സമാധാനപരമായ ആവശ്യങ്ങൾക്കുള്ളതാണെന്ന് ഏറെക്കാലമായി ഇറാൻ വാദിച്ചുവരുന്നു. എന്നാൽ, ഇറാനുമായുള്ള ചർച്ചകളിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവ്യക്തത പ്രകടിപ്പിച്ചു. യു.എസ് ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്നും ഇറാന് രാജ്യത്ത് ആണവായുധം സൂക്ഷിക്കാൻ കഴിയില്ലെന്നും ട്രംപ് പറഞ്ഞു. ചർച്ചാ മേശയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നമുക്ക് അവിടെ കാണാമെന്നുമായിരുന്നു ട്രംപിന്റെ മറുപടി.
ലോകമെമ്പാടുമുള്ള ചില ഉന്നത ഉദ്യോഗസ്ഥരുടെയും സർക്കാറുകളുടെയും പ്രതികരണങ്ങൾ ഇതാ:
യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ
‘ഇന്ന് രാത്രി ഇസ്രായേൽ ഇറാനെതിരെ ഏകപക്ഷീയമായ നടപടി സ്വീകരിച്ചു. ഇറാനെതിരായ ആക്രമണങ്ങളിൽ ഞങ്ങൾ ഉൾപ്പെട്ടിട്ടില്ല. മേഖലയിലെ അമേരിക്കൻ സേനയെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ മുൻഗണന. ഞാൻ വ്യക്തമായി പറയുന്നു, ഇറാൻ യു.എസ് താൽപ്പര്യങ്ങളെയോ ഉദ്യോഗസ്ഥരെയോ ലക്ഷ്യം വെക്കരുത്.
ആസ്ട്രേലിയ
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷത്തിൽ ആസ്ട്രേലിയ ആശങ്കാകുലരാണെന്ന് വിദേശകാര്യ മന്ത്രി പെന്നി വോങ് പറഞ്ഞു. ഇത് ഇതിനകം തന്നെ അസ്ഥിരമായ ഒരു മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്താൻ സാധ്യതയുണ്ട്. കൂടുതൽ വഷളാക്കുന്ന നടപടികളിൽ നിന്നും വാചാടോപങ്ങളിൽ നിന്നും എല്ലാ കക്ഷികളും വിട്ടുനിൽക്കണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു. ഇറാന്റെ ആണവ-ബാലിസ്റ്റിക് മിസൈൽ പദ്ധതിയുടെ ഭീഷണി അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണെന്ന് നമുക്കെല്ലാവർക്കും അറിയാം. കൂടാതെ സംഭാഷണത്തിനും നയതന്ത്രത്തിനും മുൻഗണന നൽകാൻ ഞങ്ങൾ കക്ഷികളോട് അഭ്യർത്ഥിക്കുന്നു.’
ന്യൂസിലാൻഡ്
പശ്ചിമേഷ്യയിൽ ഇത് ശരിക്കും സ്വാഗതാർഹമല്ലാത്ത ഒരു സംഭവവികാസമാണെന്ന് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ പറഞ്ഞു. തെറ്റായ കണക്കുകൂട്ടലുകളുടെ സാധ്യത കൂടുതലാണ്. ആ മേഖലയിൽ ഇനിയൊരു സൈനിക നടപടിയും അതുമായി ബന്ധപ്പെട്ട അപകടസാധ്യതയും ഉണ്ടാവരുത്.
ജപ്പാൻ
സ്ഥിതി കൂടുതൽ വഷളാകുന്നത് തടയാൻ ജപ്പാൻ ആവശ്യമായ എല്ലാ നയതന്ത്ര ശ്രമങ്ങളും നടത്തുന്നുവെന്നും അതേസമയം ജപ്പാനീസ് പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും നടപ്പിലാക്കുന്നുവെന്നും ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിമാസ ഹയാഷി പറഞ്ഞു.
യു.എൻ
മിഡിൽ ഈസ്റ്റിലെ ഏതൊരു സൈനിക നടപടിയെയും അപലപിക്കുന്നുവെന്ന് യു.എൻ സെക്രട്ടറി ജനറൽ പറഞ്ഞു. ഇറാന്റെ ആണവ പരിപാടിയുടെ അവസ്ഥയെക്കുറിച്ച് ഇറാനും അമേരിക്കയും തമ്മിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുമ്പോൾ ഇറാനിലെ ആണവ സ്ഥാപനങ്ങൾക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണങ്ങളിൽ അദ്ദേഹം ആശങ്കാകുലനാണെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് പറഞ്ഞു. സെക്രട്ടറി ജനറൽ ഇരു കക്ഷികളോടും പരമാവധി സംയമനം പാലിക്കാൻ ആവശ്യപ്പെടുന്നു. എന്തായാലും ആഴത്തിലുള്ള സംഘർഷത്തിലേക്ക് കാര്യങ്ങൾ വഷളാകുന്നത് ഒഴിവാക്കണം. അത് മേഖലക്ക് താങ്ങാൻ കഴിയാത്ത ഒരു സാഹചര്യം ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

