Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാൻ യുദ്ധച്ചെലവ് തിരിച്ചുനൽകണം; അമേരിക്ക സംരക്ഷിച്ച രാജ്യങ്ങളോട് പണം ആവശ്യപ്പെട്ട് ട്രംപ്

text_fields
bookmark_border
ഇറാൻ യുദ്ധച്ചെലവ് തിരിച്ചുനൽകണം; അമേരിക്ക സംരക്ഷിച്ച രാജ്യങ്ങളോട് പണം ആവശ്യപ്പെട്ട് ട്രംപ്
cancel

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ യു.എസ് ചെലവഴിച്ച മുഴുവൻ തുകയും അമേരിക്കൻ സൈനിക സംരക്ഷണം ലഭിച്ച രാജ്യങ്ങൾ തിരിച്ചുനൽകണമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം അവസാനിച്ചുകഴിഞ്ഞാൽ സൈനിക നടപടികൾക്കായി ചെലവഴിച്ച പണം ബന്ധപ്പെട്ട രാജ്യങ്ങൾ അമേരിക്കക്ക് തിരികെ നൽകണമെന്നാണ് ട്രംപിന്റെ ആവശ്യം. സി.ബി.എസ് ന്യൂസിന്റെ '60 മിനിറ്റ്സ്' പരിപാടിക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

അമേരിക്ക സംരക്ഷിച്ച രാജ്യങ്ങൾ യുദ്ധച്ചെലവ് മുഴുവൻ തിരിച്ചുനൽകണം. അമേരിക്കയുടെ സഹായമില്ലായിരുന്നെങ്കിൽ ഈ രാജ്യങ്ങൾ ഇന്ന് നിലനിൽക്കുമായിരുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു. ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ അമേരിക്ക വഹിച്ച പങ്കും ട്രംപ് പ്രത്യേകം എടുത്തുപറഞ്ഞു. അമേരിക്കയുടെ ഇടപെടലില്ലായിരുന്നെങ്കിൽ ഇസ്രായേൽ എന്ന രാജ്യം തന്നെ ഉണ്ടാകുമായിരുന്നില്ലെന്നും ഡോണൾഡ് ട്രംപില്ലായിരുന്നെങ്കിൽ ഇസ്രയേലിന്റെ നിലനിൽപ്പ് സാധ്യമാകുമായിരുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു.

യുദ്ധച്ചെലവ് തിരിച്ചുനൽകണമെന്ന ആവശ്യം ബന്ധപ്പെട്ട രാജ്യങ്ങളെ നേരത്തെ അറിയിച്ചിട്ടുണ്ടെന്നും തുക പൂർണമായും തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു. അതേസമയം, അമേരിക്കക്ക് എത്ര തുകയാണ് തിരിച്ചുകിട്ടേണ്ടതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. ഏതൊക്കെ രാജ്യങ്ങളാണ് പണം നൽകേണ്ടതെന്നോ തുക തിരിച്ചുപിടിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്തായിരിക്കുമെന്നോ വിശദീകരിച്ചില്ല.

ഇതിനിടെ ഇറാനുമായുള്ള യുദ്ധം സൈനികമായി ഫലത്തിൽ അവസാനിച്ചതായി ട്രംപ് അറിയിച്ചു. വാഷിങ്ടണിൽ ഖത്തർ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം പുറത്തുവന്നത്. ഇറാൻറെ സൈനിക ശേഷി പൂർണമായി തകർക്കപ്പെട്ടെന്നും നിലവിലെ സ്ഥിതിതുടരുകയാണെന്നും ട്രംപ് അവകാശപ്പെട്ടു.

യുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ചെങ്കിലും ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ യുഎസ് നാവിക ഉപരോധം തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. കരമാർഗ്ഗവും കാസ്പിയൻ കടൽ വഴിയുമുള്ള വ്യാപാരം തടയുന്നതിനായി രൂപീകരിച്ച ‘ടാസ്ക് ഫോഴ്സ് അയേൺ ഗേറ്റ്’ ഉൾപ്പെടെയുള്ള നടപടികൾ തുടരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ആവശ്യമെങ്കിൽ ഏതു നിമിഷവും സൈനിക നടപടികളിലേക്ക് തിരിച്ചുവരാൻ രാജ്യം സജ്ജമാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Trump Shocks Israel With Iran War Repayment Demand After Republicans' Midterm Defeat
Next Story