ഇറാനിൽ അധികാരമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ്; 'എല്ലാം എത്രയും വേഗം ശാന്തമായി കാണാൻ ആഗ്രഹിക്കുന്നു'
text_fieldsവാഷിങ്ടൺ ഡി.സി: ഇറാനിൽ അധികാരമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. എല്ലാം എത്രയും വേഗം ശാന്തമാകുന്നത് കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഹേഗിൽ നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായുള്ള യാത്രക്കിടെ പ്രസിഡന്‍റിന്‍റെ എയർ ഫോഴ്സ് വൺ വിമാനത്തിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്.
'ഇറാന് ആണവായുധം ഉണ്ടാകില്ല. അവരുടെ മനസ്സിൽ ഇപ്പോഴുള്ളത് അങ്ങനെയാണെന്ന് ഞാൻ കരുതുന്നു. അവർ യുറേനിയം സമ്പുഷ്ടീകരിക്കാനോ അണുബോംബ് ഉണ്ടാക്കാനോ പോകുന്നില്ല. അവർ ഒരു മികച്ച വ്യാപാര രാഷ്ട്രമായിരിക്കും, അവർക്ക് ധാരാളം എണ്ണയുമുണ്ട്. അവർ നന്നായി പ്രവർത്തിക്കും. അവർക്ക് ആണവായുധം ഉണ്ടാകാൻ പോകുന്നില്ല. എല്ലാം സാധ്യമാകുന്നത്ര വേഗത്തിൽ ശാന്തമാകുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അധികാരമാറ്റം കുഴപ്പങ്ങൾ സൃഷ്ടിക്കും. അത്രയും കുഴപ്പങ്ങൾ കാണാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം' -ട്രംപ് പറഞ്ഞു.
നേരത്തെ, ഇറാനിലെ ഭരണമാറ്റമാണ് ട്രംപ് ലക്ഷ്യമിടുന്നതെന്ന തരത്തിൽ അദ്ദേഹത്തിന്‍റെ പ്രസ്താവനകളുണ്ടായിരുന്നു. 'ഭരണമാറ്റം എന്ന പദം ഉപയോഗിക്കുന്നത് രാഷ്ട്രീയമായി ശരിയല്ല. പക്ഷേ നിലവിലെ ഇറാനിയൻ ഭരണകൂടത്തിന് ഇറാനെ വീണ്ടും മഹത്തരമാക്കാൻ കഴിയുന്നില്ലെങ്കിൽ, എന്തുകൊണ്ട് ഒരു ഭരണമാറ്റം ഉണ്ടായിക്കൂടാ' എന്നായിരുന്നു ട്രംപ് ഞായറാഴ്ച അഭിപ്രായപ്പെട്ടത്.
ഇസ്രായേൽ-ഇറാൻ യുദ്ധം തുടങ്ങിയതിന്‍റെ ആദ്യ നാളുകളിൽ, ഇറാനോട് നിരുപാധികം കീഴടങ്ങാനാണ് ട്രംപ് ആവശ്യപ്പെട്ടിരുന്നത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയാമെന്നും അദ്ദേഹത്തെ ഇല്ലാതാക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞിരുന്നു.
ചൊവ്വാഴ്ച രാവിലെയോടെയാണ് യുദ്ധത്തിന്‍റെ 12ാം ദിവസം ഇസ്രായേലിനും ഇറാനുമിടയിൽ വെടിനിർത്തലുണ്ടായത്. തന്‍റെ ഇടപെടലിൽ യാഥാർഥ്യമായെന്ന് അവകാശപ്പെടുന്ന വെടിനിർത്തൽ ലംഘിച്ചതിൽ ഇസ്രായേലിനെതിരെ രൂക്ഷമായ ഭാഷയിൽ ട്രംപ് പ്രതികരിച്ചിരുന്നു. ഇസ്രായേലും ഇറാനും തമ്മിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി ട്രംപാണ് ആദ്യം പ്രഖ്യാപിച്ചത്. ഇരു രാജ്യങ്ങളും കരാർ ലംഘിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വെടിനിർത്തലിന് ശേഷവും ഇരുഭാഗത്തും ആക്രമണമുണ്ടായി. ധാരണക്ക് ശേഷവും വൻതോതിൽ ആക്രമണം നടത്തിയ ഇസ്രായേലിന്‍റെ നടപടിയെ ട്രംപ് രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.
ഇസ്രായേൽ ഇറാനെ ആക്രമിക്കില്ലെന്നും ഇസ്രായേലിന്‍റെ സൈനിക വിമാനങ്ങൾ തിരിച്ചുവരുമെന്നും ഇതിന് പിന്നാലെ ട്രംപ് തന്‍റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

