‘ഗസ്സ സമാധാനക്കരാറിൽ നെതന്യാഹു വളരെ പോസിറ്റീവ്,’ സമാധാന കരാർ ഉടനെന്നും ട്രംപ്
text_fieldsന്യൂയോർക്ക്: ഇസ്രായേൽ -ഹമാസ് സമാധാന കരാറിൽ ബിന്യമിൻ നെതന്യാഹു നെഗറ്റീവല്ല, വളരെ പോസിറ്റീവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘ഏകദേശം എല്ലാ രാജ്യങ്ങളും ഈ കരാറിനായി പ്രവർത്തിക്കുകയും അത് അന്തിമമാക്കാൻ ഉത്സാഹിക്കുകയും ചെയ്യുന്നുണ്ട്. അവിശ്വസനീയമാംവിധം, എല്ലാവരും ഒത്തുചേർന്ന ഒരു കരാറാണിത്,’ തിങ്കളാഴ്ച നടന്ന വാർത്തസമ്മേളനത്തിൽ ട്രംപ് പറഞ്ഞു.
ഗസ്സ വെടിനിർത്തൽ പദ്ധതിയിൽ ഹമാസിന്റെ പ്രതികരണത്തെക്കുറിച്ച് ചോദ്യത്തിന് മറുപടിയായി, പ്രധാനപ്പെട്ട നിബന്ധനകൾ എല്ലാം ഹമാസ് അംഗീകരിക്കുന്നുണ്ടെന്നാണ് കരുതുന്നതെന്നായിരുന്നു ട്രംപിൻറെ മറുപടി. ഹമാസിൻറെ നിരായുധീകരണമടക്കം നിബന്ധനകൾ പരാമർശിച്ച് ‘ചില കാര്യങ്ങൾ അന്തിമമാകാത്ത പക്ഷം’ കരാർ അന്തിമമാവില്ലെന്ന് പറഞ്ഞ ട്രംപ് നിലവിലെ പുരോഗതി പ്രതീക്ഷ നൽകുന്നതാണെന്നും വിശദമാക്കി.
ബിന്യമിൻ നെതന്യാഹുവിനോട് നെഗറ്റീവാവുന്നത് അവസാനിപ്പിക്കണമെന്ന് താൻ പറഞ്ഞുവെന്ന വാർത്ത തെറ്റാണെന്നും ട്രംപ് പറഞ്ഞു. നെതന്യാഹു സമാധാന ഉടമ്പടിയെ സംബന്ധിച്ച് ഏറെ പോസിറ്റീവാണ്. സമാധാന ഉടമ്പടി ഉടനുണ്ടാവുമെന്നും ട്രംപ് പറഞ്ഞു.
ഈജിപ്തിലെ ഷാം എൽ-ഷെക്കിൽ പുരോഗമിക്കുന്ന സമാധാന ചർച്ചകൾ ചൊവ്വാഴ്ചയും തുടരുമെന്ന് ഈജിപ്തിന്റെ ഔദ്യോഗിക മാധ്യമമായ അൽ ഖഹേര ന്യൂസ് റിപ്പോർട്ട് ചെയ്തു.
‘ഇരുകക്ഷികളോടും മധ്യസ്ഥരോടും വേഗത്തിൽ നീങ്ങാനാണ് ഞാൻ ആവശ്യപ്പെടുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ സംഘർഷം ഞാൻ തുടർന്നും നിരീക്ഷിക്കും. തീരുമാനം വൈകിയാൽ, ആരും കാണാനാഗ്രഹിക്കാത്ത, വലിയ രക്തച്ചൊരിച്ചിലുണ്ടാവും,’ ട്രംപ് ട്രൂത് സോഷ്യലിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

