പദവിയിൽ തുടരണമെങ്കിൽ യു.എസ് ഭരണകൂടത്തെ ബഹുമാനിക്കണമെന്ന് മംദാനിയോട് ട്രംപ്
text_fieldsഡോണൾഡ് ട്രംപ്
വാഷിങ്ടൺ: ന്യൂയോർക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്റാൻ മംദാനിയെ പിന്തുണക്കാൻ തയാറാണെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. എന്നാൽ, പദവിയിൽ തുടരണമെങ്കിൽ മംദാനി യു.എസ് ഭരണകൂടത്തെ ബഹുമാനിക്കണമെന്ന് ട്രംപ് പറഞ്ഞു. അപകടകരമായ പ്രസ്താവനയാണ് മംദാനി നടത്തിയതെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.
ചരിത്രം കുറിച്ച് ഇന്ത്യൻ വംശജനായ സൊഹ്റാൻ മംദാനി ന്യൂയോർക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ന്യൂയോർക്ക് നഗര ചരിത്രത്തിലെ ആദ്യ മുസ്‌ലിം മേയറാണ് സോഷ്യലിസ്റ്റ് നിലപാടുള്ള 34കാരൻ തെരഞ്ഞെടുക്കപ്പെട്ടത്. സ്വതന്ത്ര സ്ഥാനാർഥി ആൻഡ്രൂ കുമോയെ പരാജയപ്പെടുത്തിയാണ് ഡെമോക്രാറ്റിക് സ്ഥാനാർഥി മംദാനിയുടെ ചരിത്ര വിജയം. 51.5 ശതമാനം വോട്ടുകൾ നേടി. കുമോക്ക് 39.7 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
ന്യൂയോർക്ക് മേയറാകുന്ന ആദ്യ ഇന്ത്യൻ വംശജനും ഏറ്റവും പ്രായം കുറഞ്ഞയാളുമാണ് 34കാരനായ മംദാനി. റിപ്പബ്ലിക്കൻ സ്ഥാനാർഥി കർട്ടിസ് സ്ലീവക്ക് എട്ടു ശതമാനം വോട്ടുകൾ മാത്രമാണ് നേടാനായത്. അമേരിക്കയിലെ ഏറ്റവും ജനസാന്ദ്രതയേറിയ നഗരമായ ന്യൂയോർക്കിന്റെ മേയറെ തെരഞ്ഞെടുക്കുന്ന വോട്ടെടുപ്പിൽ 85 ലക്ഷത്തോളം നഗരവാസികളാണ് വോട്ട് ചെയ്തത്. ബ്രൂക്‍ലിൻ, ക്വീൻസ്, മാൻഹാട്ടൻ, ദി ബ്രോൺക്സ്, സ്റ്റേറ്റൺ ഐലൻഡ് എന്നീ അഞ്ചു നഗരങ്ങൾ ചേർന്നാണ് ന്യൂയോർക്ക് സിറ്റി. ഡെമോക്രാറ്റിക് സ്ഥാനാർഥി സൊഹ്റാൻ മംദാനി ന്യൂയോർക്ക് മേയറാകുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയെയും വെല്ലുവിളികളെയും മലർത്തിയടിച്ച് ന്യൂയോർക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ശക്തമായ മറുപടിയുമായി സൊഹ്റാൻ മംദാനി രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കടുത്ത വിദ്വേഷവും വിമർശനവുമായി പിന്തുടർന്ന ഡോണൾഡ് ട്രംപിനോട് കൂടുതൽ ഉറക്കെ ശബ്ദിക്കൂ എന്നായിരുന്നു മംദാനിയുടെ മറുപടി.
‘ട്രംപ്, ഇതെല്ലാം നിങ്ങൾ കാണുന്നുണ്ടെന്ന് എനിക്കറിയാം. നിങ്ങളോട് നാല് വാക്കുകളേ ഇപ്പോൾ പറയാനുള്ളൂ. ശബ്ദം കൂടുതൽ ഉയർത്തുക’ -വിജയ കുറിച്ച രാത്രിയിൽ അനുയായികളുടെ ആഘോഷങ്ങൾക്കിടയിൽ സൊഹ്റാൻ മംദാനി പറഞ്ഞു. ഇതിന് മറുപടിയായി എന്നാൽ നമുക്ക് തുടങ്ങാമെന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്. മംദാനിക്കെതിരെ ശക്തമായ വിമർശനമാണ് ട്രംപ് ഉന്നയിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

