ഗസ്സ വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം പ്രാബല്യത്തിൽ; 24 മണിക്കൂറിനുള്ളിൽ ഇസ്രായേൽ സൈന്യം പിൻവാങ്ങും
text_fieldsഗസ്സ: ഗസ്സ വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം പ്രാബല്യത്തിൽ വന്നു. ഫലസ്തീൻ പ്രാദേശിക സമയം 12മണിയോടെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. കരാറിന്റെ ആദ്യഘട്ടത്തിന് ഹമാസും ഇസ്രായേലും നേരത്തെ അംഗീകാരം നൽകിയിരുന്നു.
തിങ്കളാഴ്ചയോടെ ഇസ്രായേലി ബന്ദികളെ വിട്ടയക്കുമെന്നും 24 മണിക്കൂറിനുള്ളിൽ ഗസ്സയില്‍ നിന്ന് സൈന്യം പിൻവാങ്ങിത്തുടങ്ങുമെന്നുമാണ് റിപ്പോര്‍ട്ട്.
ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തൽ കരാറിന് അംഗീകാരമായത്. ഈജിപ്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ ഗസ്സയിലെ വെടിനിർത്തൽ കരാറിന് അംഗീകാരം നൽകിയ വിവരം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും സ്ഥിരീകരിച്ചിരുന്നു. മഹത്തായ ഒരു ദിവസമാണെന്നും ലോകം മുഴുവൻ ഇതിനായി ഒരുമിച്ച് വന്നുവെന്നും ഡോണൾഡ് ട്രംപ് പ്രതികരിച്ചത്.
വെടിനിർത്തൽ വാർത്ത വന്നതോടെ ഗസ്സയിലെങ്ങും ആഹ്ലാദ പ്രകടനങ്ങൾ തുടങ്ങി. തിങ്കളാഴ്ചയോടെ ഇസ്രായേലി ബന്ദികളെ വിട്ടയക്കുമെന്നും 24 മണിക്കൂറിനുള്ളിൽ ഗസ്സയില്‍ നിന്ന് സൈന്യം പിൻവാങ്ങിത്തുടങ്ങുമെന്നുമാണ് റിപ്പോര്‍ട്ട്.
ഗസ്സ സമാധാന കരാറിനെ യു.എന്നും സ്വാഗതം ചെയ്തിട്ടുണ്ട്. യു.എസ്, ഖത്തർ, ഈജിപ്ത്, തുർക്കിയ തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങൾക്കൊടുവിലാണ് സമാധാനകരാർ യാഥാർഥ്യമായതെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. സമ്പൂർണമായൊരു വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കാൻ എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
മോചിപ്പിക്കേണ്ട ബന്ദികളുടെയും തടവുകാരുടെയും പട്ടിക കഴിഞ്ഞ ദിവസം തന്നെ ഹമാസും ഇസ്രായേലും കൈമാറിയിരുന്നു.
വെടിനിർത്തൽ കരാർ അംഗീകരിച്ചതിന് ശേഷവും ഗസ്സയിൽ ഇസ്രായേൽ ആക്രമണങ്ങൾ
ഗസ്സ: വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചതിന് ശേഷവും ഗസ്സയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. ഗസ്സ സിവിൽ ഡിഫൻസാണ് മുനമ്പിൽ ആക്രമണങ്ങൾ നടക്കുന്ന വിവരം അറിയിച്ചത്. വെടിനിർത്തൽ കരാറിന് ശേഷവും ഇസ്രായേൽ വലിയ രീതിയിൽ ഗസ്സയിൽ ആക്രമണങ്ങൾ നടത്തിയെന്ന് മുഹമ്മദ് അൽ-മുഗായ്യിർ പറഞ്ഞു. വ്യോമാക്രമണങ്ങളും ഇസ്രായേൽ നടത്തിയെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
ഗസ്സ വംശഹത്യ കവർന്നത് 20,179 കുരുന്നുകളെ; 12 ലക്ഷത്തിലധികം കുട്ടികൾ ഭക്ഷണം കിട്ടാതെ നരകിക്കുന്നു
ഇസ്രായേൽ വംശഹത്യ തുടരുന്ന ഗസ്സയിൽ ഓരോ 52 മിനിറ്റിലും ഒരു കുട്ടി കൊല്ലപ്പെടുന്നുണ്ടെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം. 2025 ഒക്ടോബറിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരമുള്ള റിപ്പോർട്ടിലാണ് ഗസ്സയിലെ കുട്ടികൾ അനുഭവിക്കുന്ന ക്രൂരതകൾ വിശദീകരിക്കുന്നത്. ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്നതിന് പുറമേ ഭക്ഷ്യക്ഷാമം കൊണ്ടും നിരവധി പേരാണ് മരണപ്പെടുന്നത്. ഇതിനു പുറമെ 12 ലക്ഷത്തിലധികം കുട്ടികൾ ഭക്ഷണം ലഭിക്കാതെ വലയുന്നു. 58,554 കുട്ടികൾ വംശഹത്യയെ തുടർന്ന് അനാഥരായിട്ടുണ്ട്.
ഗസ്സക്കെതിരായ ഇസ്രായേലിന്റെ യുദ്ധത്തിൽ 9,14,102 കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. ഗസ്സ വംശഹത്യ രണ്ട് കൊല്ലം പൂർത്തിയായ ഘട്ടത്തിൽ കൊല്ലപ്പെട്ട 20,179 കുട്ടികളിൽ 1,029 കുട്ടികളും ഒരു വയസ്സിന് താഴെയുള്ള പിഞ്ചുമക്കളാണ്. 420 കുട്ടികൾ വംശഹത്യ കാലയളവിനിടെ ജനിക്കുകയും പിന്നാലെ കൊല്ലപ്പെടുകയും ചെയ്തു.
ഗസ്സയിലെ കുട്ടികളിലെ വാക്സിനേഷൻ 2022-ൽ 98.7 ശതമാനം ആയിരുന്നത് വശഹത്യയുടെ പശ്ചാത്തലത്തിൽ 80 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കൂടാതെ യുദ്ധത്തിൽ പരിക്കേറ്റ 1,102 കുട്ടികൾ അംഗഛേദം ചെയ്യപ്പെട്ടു. ഗസ്സയിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒക്ടോബർ ഏഴുവരെ ഗസ്സയിൽ 67,173 പേർ കൊല്ലപ്പെടുകയും 1,69,780 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
മരണപ്പെട്ടവരിൽ 20,179 കുട്ടികളും, 10,427 സ്ത്രീകളും, 4,813 വയോധികരും, 31,754 പുരുഷന്മാരുമാണുള്ളത്. കൂടാതെ, 4,900 പേർക്ക് അംഗവൈകല്യം സംഭവിച്ചു. ഗസ്സയിൽ ദിനംപ്രതി 13 കുടുംബങ്ങൾ കൂട്ടക്കൊലയ്ക്ക് വിധേയമാകുന്നുണ്ടെന്നും ഇതുവരെ 8,910 കുടുംബങ്ങൾ കൂട്ടക്കൊല ചെയ്യപ്പെട്ടുവെന്നും റിപ്പോർട്ട് പറയുന്നു. 2025ൽ ഗസ്സയിൽ നടന്ന ഗർഭഛിദ്രങ്ങളുടെ എണ്ണം 4,163 ഉം, അകാല ജനനങ്ങൾ 2,415 ഉം, നവജാത ശിശു മരണങ്ങൾ 274 ഉം ആയി ഉയർന്നതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
ഇസ്രായേൽ ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്ന് നിലനിൽക്കുന്ന ഭക്ഷ്യ ക്ഷാമം കാരണം പോഷകാഹാരക്കുറവ് മൂലമുള്ള മരണങ്ങൾ വൻതോതിൽ വർധിച്ചിട്ടുണ്ട്. ഇങ്ങനെ മരണപ്പെടുന്നവരിൽ 34 ശതമാനത്തിലധികവും കുട്ടികളാണ്. ഗസ്സയിലെ ആശുപത്രികളും നിരന്തര ആക്രമണങ്ങൾ നേരിടുന്നുണ്ട്. നിലവിൽ 13 ആശുപത്രികളാണ് ഗസ്സയിൽ ഭാഗികമായെങ്കിലും പ്രവർത്തിക്കുന്നത്. മിക്ക പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഇസ്രായേൽ ആക്രമണത്തിൽ തകർത്തിട്ടുണ്ട്.
സാധാരണക്കാർക്ക് പുറമെ നിരവധി ആരോഗ്യ പ്രവർത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. 1,701 പേർ കൊല്ലപ്പെടുകയും 362 പേർ ഇസ്രായേലി തടങ്കലിൽ അടക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ യു.എസ് മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ അംഗീകരിച്ച ശേഷവും ഗസ്സയിലെ അക്രമങ്ങൾ ഇസ്രായേൽ തുടരുകയാണ്. ഗസ്സ വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടത്തിനാണ് ഹമാസും ഇസ്രായേലും അംഗീകാരം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

