‘അവർക്ക് സംസാരിക്കണം, പക്ഷേ വളരെ വൈകിപ്പോയി’: ഇറാന്റെ സൈനിക നേതൃത്വം ഇല്ലാതാക്കിയെന്നും ട്രംപ്
text_fieldsഡോണൾഡ് ട്രംപ്
വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ ഇറാൻ അധികൃതർ ചർച്ചകൾക്ക് താൽപര്യം പ്രകടിപ്പിച്ചെന്നും എന്നാലിപ്പോൾ സമയം അതിക്രമിച്ചുവെന്നും യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാന്റെ സൈനിക നേതൃത്വം അമേരിക്കയുമായി ചർച്ച നടത്താൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ ഇനി ചർച്ചക്ക് സമയമില്ലെന്നും വളരെ വൈകിപ്പോയെന്നുമാണ് താൻ അവർക്ക് നൽകിയ മറുപടി. ഇറാന്റെ ഭരണനേതൃത്വത്തെയും സൈനിക ശേഷിയെയും അമേരിക്കൻ സൈന്യം ഇല്ലാതാക്കിയെന്നും ട്രംപ് അവകാശപ്പെട്ടു.
മേഖലയിലെ സംഘർഷങ്ങളിൽ ഇസ്രായേലിന് പൂർണ പിന്തുണ നൽകുന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണികളെ പ്രതിരോധിക്കാൻ ഇസ്രായേലിന് എല്ലാ അവകാശവുമുണ്ടെന്ന് ട്രംപ് ആവർത്തിച്ചു. ഇറാന്റെ സൈനിക നീക്കങ്ങളെയും അവരുടെ നയങ്ങളെയും ട്രംപ് നിശിതമായി വിമർശിച്ചു. ഇറാനുമേൽ താൻ ഏർപ്പെടുത്തിയ ശക്തമായ ഉപരോധങ്ങളെയും സമ്മർദ തന്ത്രങ്ങളെയും യു.എസ് പ്രസിഡന്‍റ് ന്യായീകരിച്ചു.
ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനിക നീക്കങ്ങൾ അതീവ ഗുരുതര സാഹചര്യമാണ് പശ്ചിമേഷ്യയിൽ ഉണ്ടാക്കിയിരിക്കുന്നത്. ഈ ഘട്ടത്തിൽ ട്രംപിന്റെ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ഇറാൻ ഭരണകൂടം സമാധാന ചർച്ചകൾക്ക് വഴിതേടുന്നുണ്ടെങ്കിലും, മുൻപത്തെ അവസരങ്ങൾ അവർ പാഴാക്കിയെന്നും ഇപ്പോൾ കടുത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് യു.എസിന്‍റെ തീരുമാനമെന്നുമാണ് ട്രംപിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. ഇസ്രായേലിനെ ലക്ഷ്യംവെച്ചുള്ള ഇറാന്റെ നീക്കങ്ങൾക്കെതിരെ തിരിച്ചടി ഉണ്ടാകുമെന്ന സൂചനയും ഇതിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

