അമേരിക്ക-ഇറാൻ സമാധാന കരാർ ഒപ്പുവെച്ചു; ഉടൻ പുറത്തുവിടുമെന്ന് ട്രംപ്
text_fieldsപാരീസ്: ഗൾഫ് മേഖലയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു. വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങിന് ശേഷം കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കരാറിന്റെ ഭാഗമായി 60 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കാലയളവിൽ ഇറാനുമായുള്ള ആണവ വിഷയങ്ങൾ ഉൾപ്പെടെയുള്ള നിർണായക കാര്യങ്ങൾ ചർച്ച ചെയ്യും. ഹോർമുസ് കടലിടുക്ക് ഇതിനകം ഭാഗികമായി തുറന്നു.
ഇറാനുമായുള്ള ഉപരോധം നീക്കുന്നതുൾപ്പെടെയുള്ള സുപ്രധാന തീരുമാനങ്ങൾ കരാറിൽ ഉൾപ്പെടുന്നതായി ജി 7 ഉച്ചകോടിക്കായി ഫ്രാൻസിലെത്തിയ ട്രംപ് പറഞ്ഞു.
കരാർവാർത്ത പുറത്തുവന്നതോടെ ആഗോളവിപണിയിൽ എണ്ണവില ഗണ്യമായി കുറയുകയും ഓഹരി വിപണിയിൽ വലിയ മുന്നേറ്റമുണ്ടാകുകയും ചെയ്തു. അതേസമയം, കരാറിനെക്കുറിച്ച് തങ്ങളുമായി കൂടിയാലോചിച്ചില്ലെന്ന് ഇസ്രായേൽ വ്യക്തമാക്കി. കരാർ പ്രഖ്യാപനത്തിന് ശേഷവും ദക്ഷിണ ലെബനനിൽ ഇസ്രായേൽ ആക്രമണം നടത്തിയിട്ടുണ്ട്.
കരാറിന്റെ വിശദാംശങ്ങൾ ഉടൻ പുറത്തുവിടണമെന്നും ഇക്കാര്യത്തിൽ സുതാര്യത ഉറപ്പാക്കണമെന്നും അമേരിക്കൻ സെനറ്റ് ഡെമോക്രാറ്റിക് നേതാവ് ചക്ക് ഷുമർ ആവശ്യപ്പെട്ടു. ഹിസ്ബുല്ലയുമായുള്ള പോരാട്ടത്തിൽ ഇസ്രായേലിന്റെ നിലപാട് കരാറിനെ ബാധിക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
നേരത്തെ, ലബനാൻ തലസ്ഥാനമായ ബൈറൂതിൽ വ്യോമാക്രമണം നടത്തിയ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിന്റെ നടപടിക്കെതിരെ കടുത്ത ഭാഷയിലാണ് ഡോണൾഡ് ട്രംപ് പ്രതികരിച്ചത്. ഹിസ്ബുല്ല ഇസ്രായേലിന് നേരെ ആദ്യം ആക്രമണം നടത്തിയിരുന്നു എന്നത് ശരിയാണെങ്കിലും അതിൽ ആർക്കും ജീവഹാനിയോ കാര്യമായ നാശനഷ്ടങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.
ഇസ്രായേൽ പ്രകോപനത്തിന് പിന്നാലെ ഇറാൻ സൈന്യം കടുത്ത ജാഗ്രതയിലാണ്. ഇറാന്റെ സായുധസേനയുടെ വിരലുകൾ ഇപ്പോൾ ‘ട്രിഗറിലാണ്’ ഉള്ളതെന്നും ശത്രുവിന്റെ ഹൃദയത്തിലേക്ക് വെടിയുതിർക്കാൻ തയാറാണെന്നും ഇറാന്റെ ഔദ്യോഗിക വാർത്താഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

