‘ഇനി സുഡാനിൽ സമാധാനം കൊണ്ടുവരും’ ഇടപെൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അഭ്യർഥിച്ചതിനെ തുടർന്നെന്നും ട്രംപ്
text_fieldsവാഷിങ്ടൺ: സുഡാനിനെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ രംഗത്തിറങ്ങുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സംഘർഷത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അതിക്രമങ്ങളെ അപലപിച്ച ട്രംപ്, സൗദി കിരീടാവകാശിയുടെ അഭ്യർഥന മാനിച്ചാണ് ഇടപെടലിനൊരുങ്ങുന്നതെന്നും വ്യക്തമാക്കി.
സുഡാൻ സൈന്യവും അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (ആർ.എസ്.എഫ്) തമ്മിലുള്ള വിനാശകരമായ യുദ്ധം മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഉന്നയിക്കുന്നത് വരെ തന്റെ പട്ടികയിലില്ലായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. യു.എ.ഇ അടക്കം മേഖലയിലെ വിവിധ ശക്തികളുമായി ചേർന്ന് സംഘർഷം അവസാനിപ്പിക്കാൻ മുന്നിട്ടിറങ്ങുമെന്നും ട്രംപ് വ്യക്തമാക്കി.
2023 ഏപ്രിലിൽ പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിൽ പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും 12 ദശലക്ഷം ആളുകൾ പലായനം ചെയ്തുവെന്നുമാണ് കണക്കുകൾ. വിഷയത്തിൽ ആഗോളതലത്തിൽ കൂടുതൽ ഇടപെടലുണ്ടാവണമെന്ന് ഐക്യരാഷ്ട്രസഭ ആവർത്തിച്ച് ആഹ്വാനം ചെയ്തിരുന്നു.
‘സുഡാനുമായി ബന്ധപ്പെട്ട് ഞാൻ വളരെ ശക്തമായ എന്തെങ്കിലും ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു,’ സൗദി രാജകുടുംബവുമായുള്ള ഒരു ബിസിനസ് ചർച്ചയിൽ ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസം മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ സ്വീകരിക്കാൻ വൈറ്റ് ഹൗസിൽ പ്രൗഢഗംഭീരമായ സ്വീകരണമൊരുക്കിയിരുന്നു.
‘ വിഷയം എന്റെ ചാർട്ടിൽ ഉണ്ടായിരുന്നില്ല. പക്ഷേ, നിങ്ങൾക്കും ഈ മുറിയിലുള്ള നിരവധി സുഹൃത്തുക്കൾക്കും, സുഡാനും അത് എത്രത്തോളം പ്രധാനമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ഞങ്ങൾ സുഡാനിൽ പ്രവർത്തിക്കാൻ തുടങ്ങും,’ ട്രംപ് പറഞ്ഞു.
‘സുഡാനിൽ അതിഭീകരമായ അതിക്രമങ്ങൾ നടക്കുന്നുണ്ട്. ഭൂമിയിലെ ഏറ്റവും അക്രമാസക്തമായ സ്ഥലമായി അത് മാറിയിരിക്കുന്നു. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഈജിപ്ത്, മറ്റ് പശ്ചിമേഷ്യൻ പങ്കാളികൾ എന്നിവരുമായി ചേർന്ന് ഈ അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനും സുഡാനിൽ സ്ഥിരത കൊണ്ടുവരുന്നതിനും ശ്രമിക്കും,’ മണിക്കൂറുകൾക്ക് ശേഷം ട്രംപ് ട്രൂത്ത് സോഷ്യൽ നെറ്റ്‌വർക്കിൽ കുറിച്ചു.
ഇതിനിടെ, സൈനിക മേധാവി അബ്ദുൽ ഫത്താഹ് അൽ-ബുർഹാന്റെ നേതൃത്വത്തിൽ സുഡാനിലെ സൗദി പിന്തുണയുള്ള പരമാധികാര കൗൺസിൽ, അമേരിക്കയുമായും റിയാദുമായും സഹകരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി. സുഡാനിലെ രക്തച്ചൊരിച്ചിൽ തടയാനുള്ള ശ്രമങ്ങൾക്ക് വാഷിംഗ്ടണിനും റിയാദിനും പ്രസ്താവനയിൽ കൗൺസിൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

