കിം ജോങ് ഉന്നുമായി ഇപ്പോഴും നല്ല ബന്ധമെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: കിം ജോങ് ഉന്നുമായി ഇപ്പോഴും നല്ല ബന്ധമാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നേരത്തെ ഭരണത്തിലുണ്ടായിരുന്നപ്പോൾ കിം ജോങ് ഉന്നുമായി നിരവധി ചർച്ചകൾ ട്രംപ് നടത്തിയിരുന്നു. അതേസമയം, ഇത്തവണയും ഉത്തരകൊറിയയെ ആണവശക്തിയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെയുമായുള്ള സംയുക്ത വാർത്താസമ്മേളനത്തിനിടെയാണ് ട്രംപ് ഉത്തരകൊറിയയെ കുറിച്ച് പ്രതികരിച്ചത്. കിം ജോങ് ഉന്നുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളത്. എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം. ഉത്തരകൊറിയ ഒരു ആണവശക്തിയാണെന്ന കാര്യവും ട്രംപ് ഓർമിപ്പിച്ചു.
റഷ്യയുടേയും ചൈനയുടേയും ആണവശക്തിയെ കുറിച്ചുള്ള ചോദ്യത്തിന് നമുക്ക് ആണവായുധങ്ങളുടെ എണ്ണം കുറക്കാൻ കഴിഞ്ഞാൽ അത് വലിയ നേട്ടമായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. നമുക്ക് ധാരാളം ആയുധങ്ങളുണ്ട്. ശക്തി വളരെ വലുതാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുന്നതിനു മുമ്പായി കടുത്ത യു.എസ് വിരുദ്ധ നയം നടപ്പാക്കുമെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ അഞ്ചു ദിവസത്തെ പ്ലീനറി യോഗത്തിലാണ് യു.എസ് വിരുദ്ധ നയം കടുപ്പിക്കുന്നതിനുള്ള സൂചന കിം നൽകിയത്.
‘കമ്യൂണിസ്റ്റ് വിരുദ്ധതയെ അതിന്റെ ശീയ നയമായി കണക്കാക്കുന്ന ഏറ്റവും പിന്തിരിപ്പൻ രാഷ്ട്രം’ എന്ന് കിം യു.എസിനെ വിശേഷിപ്പിച്ചു. കഴിഞ്ഞയാഴ്ച കിമ്മിന്റെ സഹോദരിയും യു.എസിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.