‘അവിടെ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് കാണണമായിരുന്നു’; വെടിവെപ്പിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ജോലി താൻ പ്രയാസപ്പെടുത്തിയെന്ന് ട്രംപ്
text_fieldsഡോണാൾഡ് ട്രംപ്
വാഷിങ്ടൺ: ഹിൽട്ടൺ ഹോട്ടലിൽ വൈറ്റ് ഹൗസ് മാധ്യമപ്രവർത്തക സംഘടന ഒരുക്കിയ അത്താഴവിരുന്നിനിടെ നടത്തിയ വെടിവെപ്പിന് പിന്നാലെ തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ ശ്രമിച്ച സീക്രട്ട് സർവീസ് ഏജന്റുമാരുടെ നടപടികൾ താൻ ദുഷ്കരമാക്കിയെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. സി.ബി.എസ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നാടകീയമായ ആ നിമിഷങ്ങളെക്കുറിച്ച് ട്രംപ് പറഞ്ഞത്.
വെടിയൊച്ച കേട്ട ഉടൻ തന്നെ തന്നെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും ഹാളിന് പുറത്തെത്തിക്കാൻ സുരക്ഷാ ഏജന്റുമാർ ശ്രമിച്ചിരുന്നു. എന്നാൽ താൻ അത് അത്ര എളുപ്പമാക്കിയില്ലെന്ന് ട്രംപ് സമ്മതിച്ചു. ‘സത്യത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് കാണണമായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ അവരോട് സഹകരിക്കുന്നത് അല്പം പ്രയാസകരമാക്കി. സാധാരണ ഹാളുകളിൽ കേൾക്കുന്ന ശബ്ദമല്ല ഇതെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് അതൊരു വലിയ പ്രശ്നമാണെന്ന് ബോധ്യപ്പെട്ടത്’ അദ്ദേഹം പറഞ്ഞു. താൻ ചുറ്റുമുള്ള മികച്ച ഉദ്യോഗസ്ഥരുടെ ജോലി പതുക്കെയാക്കിയെന്നും, നിൽക്കൂ, എന്താണെന്ന് ഒന്ന് നോക്കട്ടെ എന്ന് താൻ അവരോട് ആവർത്തിച്ചുകൊണ്ടിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം താനും പ്രഥമ വനിത മെലാനിയയും നിലത്ത് കിടന്നാണ് മുറിക്ക് പുറത്തേക്ക് നീങ്ങിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ‘ആദ്യം ഞാൻ എഴുന്നേറ്റു നിന്ന് നടക്കാൻ നോക്കി. അപ്പോൾ അവർ എന്നോട് നിലത്ത് കിടക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ ഞാനും മെലാനിയയും നിലത്ത് കിടന്ന് ഇഴഞ്ഞാണ് പുറത്തേക്ക് കടന്നത്’ ട്രംപ് വിശദീകരിച്ചു.
വെടിവെപ്പ് നടത്തിയ അക്രമിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കാലിഫോർണിയയിലെ ടോറൻസിൽ നിന്നുള്ള കോൾ തോമസ് അല്ലൻ (31) എന്നയാളാണ് പിടിയിലായത്. ഇയാൾ ഇപ്പോൾ സുരക്ഷാ ഏജൻസികളുടെ കസ്റ്റഡിയിലാണ്. വെടിവെപ്പിനെത്തുടർന്ന് തടസ്സപ്പെട്ട പരിപാടി അടുത്ത 30 ദിവസത്തിനുള്ളിൽ വീണ്ടും നടത്തണമെന്ന് വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷനോട് ട്രംപ് അഭ്യർത്ഥിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുമെന്നും എന്നാൽ ഇത്തരം ഭീഷണികൾക്ക് മുന്നിൽ താൻ വഴങ്ങില്ലെന്നും ട്രംപ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

