ഗസ്സ ഏറ്റെടുത്താൽ ഫലസ്തീനികൾക്ക് അവകാശമുണ്ടാകില്ല, ശനിയാഴ്ചയോടെ ബന്ദികളെ ഹമാസ് വിട്ടയച്ചില്ലെങ്കിൽ വെടിനിർത്തൽ റദ്ദാക്കും -ട്രംപ്
text_fieldsവാഷിങ്ടൺ: ഗസ്സയെ അമേരിക്ക ഏറ്റെടുത്താൽ പിന്നെ അവിടെ ഫലസ്തീനികൾക്ക് അവകാശമുണ്ടാകില്ലെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. മാറ്റിപ്പാർപ്പിക്കുന്ന ഫലസ്തീനികൾക്ക് അറബ് രാജ്യങ്ങളിൽ പാര്‍പ്പിട സൗകര്യം ഒരുക്കുമെന്നും ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. ഇന്ന് ജോര്‍ഡൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി വൈറ്റ് ഹൗസിൽ ട്രംപ് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ കൂടിക്കാഴ്ചയിൽ ഫലസ്തീനികളെ മാറ്റിപ്പാർപ്പിക്കുന്ന കാര്യം ട്രംപ് ഉന്നയിക്കുമെന്നാണ് വിവരം.
വെടിനിർത്തൽ കരാർ ഇസ്രായേൽ നിരന്തരം ലംഘിക്കുന്നത് ചൂണ്ടിക്കാട്ടി ഗസ്സയിലെ ബന്ദിമോചനം തത്ക്കാലം നിർത്തിവെക്കുന്നതായി ഹമാസ് അറിയച്ചതോടെ, ഇതിനെതിരെയും ട്രംപ് രംഗത്തെത്തി. ശേഷിക്കുന്ന ബന്ദികളെ ശനിയാഴ്ച രാത്രി 12ഓടെ ഹമാസ് വിട്ടയച്ചില്ലെങ്കിൽ വെടിനിർത്തൽ കരാർ റദ്ദാക്കുമെന്നും വീണ്ടും നരകം സൃഷ്ടിക്കുമെന്നും ട്രംപ് പറഞ്ഞു. ഈ സമയപരിധിയെക്കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിനെ അറിയിക്കുമെന്നും ട്രംപ് പറഞ്ഞു.
ഗസ്സയെ ഏറ്റെടുക്കുമെന്ന ട്രംപിന്‍റെ പ്രഖ്യാപനത്തിനെതിരെ ആഗോളവ്യാപകമായി പ്രതിഷേധം ഉയരവെയാണ് ട്രംപിന്‍റെ പുതിയ പ്രസ്താവനകൾ. ഗസ്സ പുനർനിർമിക്കുമ്പോൾ ഒരു ഭാഗം പശ്ചിമേഷ്യയിലെ രാജ്യങ്ങൾക്ക് നൽകാമെന്നും എന്നൽ അവകാശം അമേരിക്കയ്ക്കായിരിക്കുമെന്നും കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. മണ്ടത്തരമെന്നാണ് ഇതിനെക്കുറിച്ച് ഹമാസ് പ്രതികരിച്ചത്. വാങ്ങാനും വിൽക്കാനും ഗസ്സ റിയൽ എസ്റ്റേറ്റ് ഭൂമിയല്ലെന്നും റിയൽ എസ്റ്റേറ്റ് വിൽപനക്കാരന്റെ മനസ്സുമായി വന്നാൽ പരാജയപ്പെടുത്തുമെന്നും ഹമാസ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

