Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബുധനാഴ്ചക്കകം...

ബുധനാഴ്ചക്കകം കരാറിലെത്തിയില്ലെങ്കിൽ ഇറാൻ വെടിനിർത്തൽ അവസാനിപ്പിക്കും; യുദ്ധമെന്നും ട്രംപിന്‍റെ മുന്നറിയിപ്പ്

text_fields
bookmark_border
Donald Trump
cancel

വാഷിങ്ടൺ: ബുധനാഴ്ചക്കു മുമ്പായി യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ദീർഘകാല കരാറിലെത്തിയില്ലെങ്കിൽ ഇറാനുമായുള്ള വെടിനിർത്തൽ ധാരണ അവസാനിപ്പിക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. വെടിനിർത്തൽ ധാരണ നീട്ടിയേക്കില്ല, ഹുർമുസിലും ഇറാനിയൻ തുറമുഖങ്ങളിലുമുള്ള ഉപരോധം തുടരുമെന്നും എയർ ഫോഴ്സ് വണ്ണിൽ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. കരാറായില്ലെങ്കിൽ നിർഭാഗ്യവശാൽ ബോംബ് വർഷം പുനരാരംഭിക്കേണ്ടിവരുമെന്നും കൂട്ടിച്ചേർത്തു.

യു.എസ്-ഇറാൻ വെടിനിർത്തൽ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പശ്ചിമേഷ്യയിൽ ശാശ്വത സമാധാനത്തിനുള്ള നയതന്ത്ര നീക്കങ്ങൾ സജീവമായി തുടരുകയാണ്. പാകിസ്താൻ, തുർക്കിയ, ഈജിപ്ത്, സൗദി എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ഇന്ന് തുർക്കിയയിലെ അനറ്റോളിയയിൽ യോഗം ചേരുന്നുണ്ട്. ഹുർമുസ് പ്രതിസന്ധി പരിഹരിക്കുന്നതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുടെയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെയും നേതൃത്വത്തിൽ പാരിസിൽ വിവിധ രാജ്യങ്ങളുടെ യോഗം വെള്ളിയാഴ്ച ചേർന്നു. ഈ യോഗത്തിന്റെ താൽപര്യംകൂടി മുൻനിർത്തിയാണ് ഇറാൻ ഹുർമുസ് തുറക്കാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, നാവിക ഉപരോധം തുടർന്നാൽ ഹുർമുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന് ഇറാൻ പാർലമെന്‍റ് സ്പീക്കർ മുന്നറിയിപ്പ് നൽകി.

അതേസമയം, സമ്പുഷ്ടീകരിച്ച യുറേനിയം എവിടേക്കും മാറ്റില്ലെന്ന് ഇറാനിയൻ വിദേശകാര്യ വക്താവ് ഇസ്മാഈൽ ബാക്വി പറഞ്ഞു. നേരത്തെ, ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കക്ക് ലഭിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ലബനാൻ വെടിനിർത്തൽ കാലയളവ് വരെയാണ് ഹുർമുസ് എല്ലാ വാണിജ്യ കപ്പലുകൾക്കായും ഇറാൻ തുറന്നുകൊടുത്തത്. യുദ്ധം ആരംഭിച്ചശേഷം ആദ്യമായി ക്രൂയിസ് കപ്പൽ ഹുർമുസ് കടന്നു. ഇതിനിടെ ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ യു.എസ്.എസ് ജെറാൾഡ് ഫോർഡ് വീണ്ടും മിഡിൽ ഈസ്റ്റിൽ എത്തിയതായി വാർത്ത ഏജൻസി അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്തു. സൂയസ് കനാൽ കടന്നെത്തിയ കപ്പൽ നിലവിൽ ചെങ്കടലിൽ തമ്പടിച്ചിരിക്കുകയാണ്. നേരത്തെ, ഇറാനെതിരായ യു.എസ്-ഇസ്രായേൽ സംയുക്ത ഓപ്പറേഷൻ എപ്പിക് ഫ്യൂറിയിൽ പങ്കെടുക്കാനായി ചെങ്കടലിൽ ഉണ്ടായിരുന്ന കപ്പലിന്‍റെ ലോൺട്രി ഭാഗത്ത് തീപിടിച്ചതിനെ തുടർന്ന് അറ്റകുറ്റപ്പണിക്കായി യൂറോപ്പിലേക്ക് പോയിരുന്നു.

വെടിനിർത്തൽ ധാരണയുടെ അടിസ്ഥാനത്തിലും ഉപാധികളോടെയുമാണ് ഹുർമുസ് കപ്പൽ ഗതാഗതത്തിനായി തുറന്നുകൊടുത്തതെന്ന് ഇറാൻ പ്രതിരോധ മന്ത്രാലയം വക്താവ് അറിയിച്ചു.

ലബനാനിൽ വെടിനിർത്തൽ പ്രാബല്യത്തിൽവന്നതോടെയാണ് ഹുർമുസ് എണ്ണക്കപ്പൽ ഗതാഗതത്തിനായി ഇറാൻ തുറന്നുകൊടുത്തത്. പശ്ചിമേഷ്യയിൽ വെടിനിർത്തലിന് യു.എസും ഇറാനും തമ്മിൽ ധാരണയായിട്ടും ലബനാനിൽ ഇസ്രായേൽ ആക്രമണം തുടർന്നപ്പോഴാണ് കഴിഞ്ഞയാഴ്ച ഹുർമുസ് വീണ്ടും ഇറാൻ അടച്ചത്. തുടർന്ന്, ഹുർമുസിൽ യു.എസ് ഉപരോധം ഏർപ്പെടുത്തിയെങ്കിലും ഇറാൻ വഴങ്ങിയില്ല.

എന്നാൽ, കഴിഞ്ഞദിവസം, വാഷിങ്ടണിൽ ലബനാൻ-ഇസ്രായേൽ ചർച്ചക്ക് മുന്നോടിയായി പത്ത് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു. വെടിനിർത്തൽ വെള്ളിയാഴ്ച പുലർച്ച പ്രാബല്യത്തിൽ വരികയും ചെയ്തു. ഇതോടെയാണ്, ഹുർമുസ് തുറക്കാൻ ഇറാൻ തീരുമാനിച്ചത്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗിഷിയാണ് ഇക്കാര്യം അറിയിച്ചത്. ഇറാന്റെ തീരുമാനത്തിൽ നന്ദി അറിയിച്ച യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പക്ഷേ, നാവിക ഉപരോധം തുടരുമെന്ന് വ്യക്തമാക്കി. ഇറാനുമായി പുതിയ വെടിനിർത്തൽ കരാർ യാഥാർഥ്യമാകുന്നതുവരെ ഹുർമുസിൽ ഉപരോധമേർപ്പെടുത്തുമെന്നാണ് അദ്ദേഹം സമൂഹമാധ്യമമായ ട്രൂത്തിൽ കുറിച്ചത്. ഇറാന്റെ പ്രഖ്യാപനത്തോടെ എണ്ണ വില കുറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald TrumpUS Attack on IranIsrael Iran War
News Summary - Trump says ceasefire may end if no deal reached as Wednesday deadline nears
Next Story