'11 വിമാനങ്ങൾ വെടിവെച്ചിട്ടു'- ഇന്ത്യ-പാക് യുദ്ധം നിർത്തിച്ചതിൽ വീണ്ടും അവകാശവാദങ്ങളുമായി ഡോണൾഡ് ട്രംപ്
text_fieldsഡോണൾഡ് ട്രംപ്
ലണ്ടൻ: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം താൻ ഇടപെട്ടാണ് അവസാനിപ്പിച്ചതെന്ന അവകാശവാദവുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്ത്. അണുവായുധ പ്രയോഗത്തിലേക്ക് നീങ്ങുമായിരുന്ന യുദ്ധത്തിൽ 11 വിമാനങ്ങൾ വെടിവെച്ചിട്ടിരുന്നുവെന്നും, താൻ ഇടപെട്ടില്ലായിരുന്നെങ്കിൽ ലക്ഷക്കണക്കിന് ആളുകൾ മരിക്കുമായിരുന്നെന്നും ട്രംപ് അവകാശപ്പെട്ടു. ബ്രിട്ടനിൽ വെച്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർ ഫോഴ്‌സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.
താൻ നോബൽ സമാധാന സമ്മാനത്തിന് ഏറ്റവും അർഹനാണെന്നും, ഇതുവരെ ആ അവാർഡ് ലഭിച്ച ആരെക്കാളും താൻ അതിന് യോഗ്യനാണെന്നും ട്രംപ് അവകാശപ്പെട്ടു. ‘ഞാൻ എട്ട് യുദ്ധങ്ങളാണ് അവസാനിപ്പിച്ചത്. അർമേനിയ-അസർബൈജാൻ സംഘർഷം മുതൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും റുവാണ്ടയും തമ്മിലുള്ള തർക്കം വരെ ഇതിൽ ഉൾപ്പെടും," ട്രംപ് പറഞ്ഞു. വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ താൻ നോബൽ സമ്മാനത്തിന് അർഹനാണെന്ന് പരസ്യമായി പറഞ്ഞതായും ട്രംപ് അവകാശപ്പെട്ടു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം രൂക്ഷമായ ഘട്ടത്തിൽ, ഇരുരാജ്യങ്ങൾക്കും നേരെ കടുത്ത തീരുവ ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതാണ് സമാധാനത്തിന് വഴിയൊരുക്കിയതെന്ന് ട്രംപ് വീണ്ടും ആവർത്തിച്ചു. യുദ്ധം അവസാനിപ്പിച്ചതിസ് പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് തന്നെ അഭിനന്ദിച്ചതായും ട്രംപ് കൂട്ടിച്ചേർത്തു.
എന്നാൽ, ട്രംപിന്റെ ഈ അവകാശവാദങ്ങളെ ഇന്ത്യ നേരത്തെ തന്നെ തള്ളിക്കളഞ്ഞതാണ്. 2025 ഏപ്രിലിൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' എന്നറിയപ്പെടുന്ന മിന്നലാക്രമണത്തിന് ശേഷമാണ് സംഘർഷം ഉടലെടുത്തത്. എന്നാൽ, ഈ സംഘർഷത്തിൽ അമേരിക്കയുടെ മധ്യസ്ഥതയൊന്നും ഉണ്ടായിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഇരുരാജ്യങ്ങളിലെയും മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളിലൂടെയാണ് വെടിനിർത്തൽ സാധ്യമായതെന്ന് ഇന്ത്യ ആവർത്തിച്ചു. ഒരു മൂന്നാം കക്ഷിയുടെയും ഇടപെടലില്ലാതെ ഉഭയകക്ഷി ചർച്ചകളിലൂടെ മാത്രമേ പാകിസ്താനുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കൂ എന്ന് ഇന്ത്യ വ്യക്തമാക്കി.
ട്രംപിന്റെ ഈ അപ്രതീക്ഷിത അവകാശവാദങ്ങൾ അന്താരാഷ്ട്ര നയതന്ത്ര വൃത്തങ്ങളിൽ വലിയ ചർച്ചയാവുകയാണ്. ഇറാനുമായുള്ള യുദ്ധത്തിനിടയിൽ ട്രംപ് ഇത്തരമൊരു പഴയ വിഷയം വീണ്ടും ഉയർത്തുന്നത് തന്റെ നേതൃപാടവം ലോകത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണെന്ന വിമർശനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

