തീരുവരഹിത കരാറിന് ഇന്ത്യ സമ്മതം മൂളിയതായി ട്രംപ്
text_fieldsഡോണൾഡ് ട്രംപ്
വാഷിങ്ടൺ: തീരുവരഹിത കരാറിന് ഇന്ത്യ സമ്മതം മൂളിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ വെളിപ്പെടുത്തൽ. ഇന്ത്യ- പാക് വെടിനിർത്തലിൽ തന്റെ പങ്ക് ഏഴാംതവണയും ഊന്നിപ്പറഞ്ഞ ട്രംപ്, പിരിമുറുക്കങ്ങൾക്ക് വിരാമമിട്ടതായി അവകാശപ്പെട്ടു.
തന്റെ ഇടപെടലിന്റെ ഭാഗമായി ഇന്ത്യ അമേരിക്കക്ക് തീരുവരഹിത വ്യാപാര കരാർ വാഗ്ദാനം ചെയ്തുവെന്ന അവകാശവാദം അഭിമുഖത്തിലും ട്രംപ് ആവർത്തിച്ചു. അതേസമയം, നിർദിഷ്ട ഉഭയകക്ഷി വ്യാപാര കരാറിനുള്ള ചർച്ചകളുടെ പുരോഗതി വിലയിരുത്താനായി ഇന്ത്യയും യു.എസും വാഷിങ്ടണിൽ മന്ത്രിതല യോഗങ്ങൾ ആരംഭിക്കാൻ ഒരുങ്ങുമ്പോഴാണ് കരാറിനെക്കുറിച്ചുള്ള ട്രംപിന്റെ തുറന്ന അഭിപ്രായങ്ങൾ പുറത്തുവരുന്നത്. മേയ് 17ന് ആരംഭിക്കുന്ന യോഗങ്ങൾക്കായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ വാഷിങ്ടണിലെത്തിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫുള്ള രാഷ്ട്രങ്ങളിലൊന്നായാണ് ഇന്ത്യയെ ട്രംപ് വിശേഷിപ്പിച്ചത്. സമാധാനം സ്ഥാപിക്കാൻ വ്യാപാരം ഉപയോഗിക്കുന്നതായി ട്രംപ് തുറന്നു പറഞ്ഞു. ഇരു രാജ്യങ്ങളും ഇതുവരെ വ്യക്തമായ ഒരു കരാർ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അവർ അമേരിക്കക്കുള്ള താരിഫ് നൂറുശതമാനം കുറയ്ക്കാൻ തയാറാണെന്ന് നിങ്ങൾക്കറിയാമോ എന്നാണ് അഭിമുഖത്തിനിടെ ട്രംപ് മറുചോദ്യമെറിഞ്ഞത്.
ഈ വിഷയത്തിൽ ഇന്ത്യയിൽനിന്ന് ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല. മാത്രമല്ല, മേയ് ഏഴിന് പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒമ്പതു ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട ഓപറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ- യു.എസ് നേതൃത്വങ്ങൾ നടത്തിയ ടെലിഫോൺ സംഭാഷണങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിഷയം ഉൾപ്പെടുത്തിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ നേരത്തേ പറഞ്ഞിരുന്നു. ഇന്ത്യയുമായുള്ള കരാർ ഉടൻ വരുമോ എന്നു ചോദിച്ചപ്പോൾ, ഉടൻ വരുമെന്ന് തന്നെയായിരുന്നു ട്രംപിന്റെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

