യു.എഫ്.ഒകളെ കുറിച്ചുള്ള രഹസ്യ ഫയലുകൾ പുറത്ത് വിട്ട് ട്രംപ്
text_fieldsവാഷിങ്ടൺ: യു.എഫ്.ഒകളെയും അന്യഗ്രഹ ജീവനെയും കുറിച്ചുള്ള രഹസ്യ ഫയലുകൾ പുറത്ത് വിട്ട് ഡോണൾഡ് ട്രംപ്. ആദ്യഘട്ട വെളിപ്പെടുത്തലിന് പിന്നാലെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് യു.എസ് പ്രതിരോധ വകുപ്പ് അറിയിച്ചിട്ടുണ്ട്. 1940-കൾ മുതലുള്ള യു.എഫ്.ഒ റിപ്പോർട്ടുകളാണ് ഫയലിലുള്ളത്. എന്നാൽ വെള്ളിയാഴ്ച പുറത്തുവിട്ട 160 ഓളം ഫയലുകളിൽ അന്യഗ്രഹ ജീവന്റെ സാന്നിധ്യത്തെക്കുറിച്ച് നിർണ്ണായകമായ തെളിവുകളൊന്നുമില്ലെന്നാണ് വിദഗ്ദർ പറയുന്നത്.
1947-ലെ പറക്കും തളികകളെ കുറിച്ചുള്ള റിപ്പോർട്ട്, 1969-ലെ അപ്പോളോ 12 ചന്ദ്രോപരിതലത്തിൽ നിന്ന് പകർത്തിയ അജ്ഞാത പ്രതിഭാസത്തിന്റെ ചിത്രം, 1972-ലെ അപ്പോളോ 17 ക്രൂ കണ്ട അജ്ഞാത വസ്തുക്കളെക്കുറിച്ചുള്ള സംഭാഷണങ്ങൾ എന്നിവയാണ് പുറത്തുവിട്ട ഫയലിലുള്ളത്. രഹസ്യമായി സൂക്ഷിച്ചിരുന്ന ഈ ഫയലുകൾ കാലങ്ങളായി പല ഊഹാപോഹങ്ങൾക്കും കാരണമായിട്ടുണ്ട്. ഇപ്പോൾ അമേരിക്കൻ ജനതയ്ക്ക് അത് നേരിട്ട് കാണാനുള്ള സമയമായെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു.
അതേസമയം, പുറത്തു വിട്ട ചിത്രങ്ങൾ ചന്ദ്രോപരിതലത്തിലെ ഉൽക്കാപതനങ്ങളുടേതാണോ എന്നും പലരും സംശയിക്കുന്നുണ്ട്. രേഖകൾ പുറത്തുവിട്ടതിനു പിന്നിൽ നിലവിലെ രാഷ്ട്രീയ വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാനുള്ള ട്രംപിന്‍റെ ശ്രമമാണെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. പുറത്തുവിട്ട ഫയലുകളിൽ പുതുതായി ഒന്നുമില്ലെന്നും വിഡിയോകളിൽ കാണുന്ന രൂപങ്ങൾ ക്യാമറ ലെൻസിന്റെ സാങ്കേതിക തകരാറുകളോ ദൂരെയുള്ള പ്രകാശ ബിന്ദുക്കളോ ആകാനാണ് സാധ്യതയെന്നും യു.എ.പി ഇൻവെസ്റ്റിഗേറ്റർ മിക് വെസ്റ്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

