‘യു.എസിന്റെ പുതിയ ഭൂപ്രദേശം’; ഹുർമുസ് മാപ്പ് പങ്കുവെച്ച് വീണ്ടും ഡോണൾഡ് ട്രംപ്; അയൽരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
text_fieldsവാഷിങ്ടൺ: തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് യു.എസിന്റെ പുതിയ ഭൂപ്രദേശമെന്ന് അവകാശപ്പെട്ട് വീണ്ടും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സ്വന്തം സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ ഹുർമുസിനെ അമേരിക്കയുടെ ഭാഗമായി ചിത്രീകരിക്കുന്ന മാപ്പും ട്രംപ് പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ 18നും ട്രംപ് സമാന മാപ്പ് പങ്കുവെച്ചിരുന്നു.
ഹുർമുസ് കടലിടുക്ക് ഉടൻ തന്നെ യു.എസ് പ്രദേശമായി പ്രഖ്യാപിക്കുമെന്നാണ് അവകാശവാദം. വൈകാതെ തന്നെ താൻ ഹുർമുസ് കടലിടുക്ക് അമേരിക്കയുടെ അധീനതയിലുള്ള പ്രദേശമായി പ്രഖ്യാപിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ, അമേരിക്കയുടെ വാദം ഇറാൻ തള്ളി. തങ്ങളുടെ നിബന്ധനകൾ യു.എസ് അംഗീകരിക്കുന്നത് വരെ ഹുർമുസ് കടലിടുക്ക് തുറക്കില്ലെന്ന നിലപാടിലാണ് ഇറാൻ. അമേരിക്കൻ നാവിക ഉപരോധം നീക്കുക, എണ്ണ വ്യാപാരത്തിന്മേലുള്ള ഉപരോധം പിൻവലിക്കുക, വിദേശ രാജ്യങ്ങളിൽ മരവിപ്പിച്ച ഇറാന്റെ ആസ്തികൾ വിട്ടുനൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവെക്കുന്നത്. ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള അമേരിക്കയുടെ കഴിവില്ലായ്മയും അതിന്റെ ഉടമസ്ഥത അവകാശപ്പെടാനുള്ള ശ്രമവും തമ്മിലുള്ള അന്തരം, വാഷിങ്ടണും കടലിടുക്കും തമ്മിലുള്ള 7,000 മൈൽ ദൂരത്തേക്കാൾ വലുതാണെന്നാണ് ഇറാനിലെ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മുഹ്സിൻ റെസായ് പരിഹസിച്ചത്.
ഹുർമുസ് വിഷയത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെ, ഇറാനുമേൽ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് ട്രംപ് ഭരണകൂടം. അതേസമയം, അമേരിക്കയുടെ സാമ്പത്തിക ഉപരോധ നീക്കങ്ങളുമായി സഹകരിക്കുന്ന അയൽരാജ്യങ്ങളെ ശത്രുക്കളായി കാണുമെന്നും മേഖലയിലെ അവരുടെ താൽപര്യങ്ങൾ ലക്ഷ്യമിടുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. യു.എസിന്റെ സാമ്പത്തിക യുദ്ധത്തിൽ പങ്കുചേരരുതെന്ന് തങ്ങൾ എല്ലാ അയൽ രാജ്യങ്ങളോടും ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം അവരെ തങ്ങൾ ശത്രുക്കളായി കാണുമെന്നും മുഹ്സിൻ റെസായ് വ്യക്തമാക്കി. ഇറാനുമായുള്ള ബന്ധം തുടരുന്ന ഏത് രാജ്യത്തിനും കനത്ത സാമ്പത്തിക തിരിച്ചടികൾ ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റും ഭീഷണികൾ ആവർത്തിച്ചിരുന്നു.
എന്നാൽ, അയൽരാജ്യങ്ങളുമായുള്ള സംഘർഷങ്ങൾ ലഘൂകരിക്കാനാണ് തങ്ങൾ ആദ്യം ശ്രമിക്കുന്നതെന്നും മൂന്ന് ഘട്ടങ്ങളായുള്ള ഒരു പ്രാദേശിക തന്ത്രമാണ് ഇറാൻ ഇതിനായി ആവിഷ്കരിച്ചിട്ടുള്ളതെന്നും റെസായ് പ്രതികരിച്ചു. ‘ആദ്യം ഞങ്ങൾ ചർച്ച നടത്തും. പിന്നാലെ, അമേരിക്കയുമായുള്ള ബന്ധത്തിൽനിന്ന് അവരെ സൗഹൃദപരമായി വേർപെടുത്താൻ ശ്രമിക്കും; കാരണം ഞങ്ങൾ യുദ്ധം വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല’ - മുഹ്സിൻ റെസായ് വ്യക്തമാക്കി. യു.എസിനൊപ്പം നിൽക്കുന്ന രാജ്യങ്ങൾക്ക് പുനരാലോചന നടത്താൻ സമയം നൽകുമെന്നും എന്നാൽ മൂന്നാം ഘട്ടത്തിൽ ഈ രാജ്യങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

