Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഞാൻ വീമ്പ് പറയുകയല്ല , എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു’; നൊബേൽ സമാധാന പുരസ്‌കാരത്തിന് വീണ്ടും അവകാശവാദവുമായി ട്രംപ്

text_fields
bookmark_border
trump
cancel
camera_alt

ട്രംപ് 

വാഷിങ്‌ടൺ: ലോകത്തിലെ എട്ട് വലിയ സംഘർഷങ്ങൾ അവസാനിപ്പിച്ചത് താനാണെന്ന വാദവുമായി നൊബേൽ സമാധാന പുരസ്‌കാരത്തിനായുള്ള നീക്കങ്ങൾ വീണ്ടും ശക്തമാക്കി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് തന്റെ നൊബേൽ മോഹം പരസ്യമാക്കിയത്.

‘മറ്റാരും ചെയ്യാത്ത കാര്യങ്ങളാണ് ഞാൻ ചെയ്തത്. ഞാൻ അഹങ്കാരം പറയുകയല്ല, വസ്തുതകൾ വ്യക്തമാക്കുക മാത്രമാണ് ചെയ്യുന്നത്. മറ്റൊരു പ്രസിഡന്റും യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ടാകില്ല, എന്നാൽ ഞാൻ എട്ട് യുദ്ധങ്ങൾ നിർത്തിവെപ്പിച്ചു’ -തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ശേഷം വാഷിങ്‌ടണിൽ തിരിച്ചെത്തിയ ട്രംപ് പറഞ്ഞു. ഇറാനുമായുള്ള തർക്കത്തിലും ഉടൻ തന്നെ സമാധാന വഴി തെളിയുമെന്ന സൂചനയും ട്രംപ് നൽകി.

ട്രംപിന്റെ അവകാശവാദങ്ങൾ പലതും വസ്‌തുതാവിരുദ്ധമാണെന്ന് അന്താരാഷ്ട്ര ഫാക്‌ട് ചെക്കിങ് ഏജൻസികൾ ചൂണ്ടിക്കാണിക്കുന്നു. ട്രംപ് ചൂണ്ടിക്കാട്ടുന്ന പല സംഘർഷങ്ങളും ഔദ്യോഗികമായി യുദ്ധങ്ങളായിരുന്നില്ലെന്നും, അവയിൽ യു.എസിന്റെ ഇടപെടൽ വ്യത്യസ്ത രീതിയിലായിരുന്നുവെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.

ഇന്ത്യ-പാകിസ്താൻ, ഇസ്രായേൽ-ഇറാൻ, കംബോഡിയ-തായ്‌ലാന്റ്, സെർബിയ-കൊസോവോ, റുവാണ്ട-ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഈജിപ്ത്-ഇത്യോപ്യ, അർമേനിയ-അസർബൈജാൻ എന്നീ സംഘർഷങ്ങളും, ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മിലുള്ള അബ്രഹാം ഉടമ്പടിയുമാണ് ട്രംപ് പ്രധാനമായും തന്റെ നേട്ടങ്ങളായി ഉന്നയിക്കുന്നത്.

എന്നാൽ, ഇന്ത്യ-പാകിസ്താൻ വെടിനിർത്തലിൽ യു.എസിന് യാതൊരു പങ്കുമില്ലെന്ന് ഇന്ത്യ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. ‘ഓപ്പറേഷൻ സിന്ദൂർ’ വേളയിൽ അമേരിക്കൻ ഇടപെടലുണ്ടായിട്ടില്ലെന്നും ഇരുരാജ്യങ്ങളും നേരിട്ടാണ് ധാരണയിലെത്തിയതെന്നും വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയതാണ്.

തന്റെ ആദ്യ ഭരണകാലം മുതൽ തന്നെ നൊബേൽ പുരസ്‌കാരത്തിനായി ട്രംപ് ശ്രമങ്ങൾ നടത്തുന്നുണ്ട്. 2018ൽ ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം രണ്ട് നോർവീജിയൻ രാഷ്ട്രീയക്കാർ അദ്ദേഹത്തെ നാമനിർദേശം ചെയ്തിരുന്നു. 2019ൽ അന്നത്തെ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയും തന്നെ നാമനിർദേശം ചെയ്തതായി ട്രംപ് അവകാശപ്പെട്ടിരുന്നു.

2009ൽ ബരാക് ഒബാമക്ക് പുരസ്‌കാരം നൽകിയതിനെയും ട്രംപ് രൂക്ഷമായി വിമർശിച്ചു. ‘ഒരു കാര്യവും ചെയ്യാതെയാണ് ഒബാമക്ക് നൊബേൽ നൽകിയത്. എനിക്ക് നാലോ അഞ്ചോ തവണ ഈ പുരസ്‌കാരം ലഭിക്കേണ്ടതായിരുന്നു’ -2025 ജൂണിൽ ട്രംപ് പറഞ്ഞു. 2025 ഫെബ്രുവരിയിൽ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിലും തനിക്ക് അർഹിച്ച പുരസ്‌കാരം നൊബേൽ കമ്മിറ്റി നൽകില്ലെന്ന് ട്രംപ് പരാതിപ്പെട്ടിരുന്നു.

2026ലെ നൊബേൽ സമാധാന പുരസ്‌കാരത്തിനായി റിപ്പബ്ലിക്കൻ പ്രതിനിധി ക്ലോഡിയ തെന്നി ട്രംപിനെ നാമനിർദേശം ചെയ്തിട്ടുണ്ട്. ഇസ്രായേൽ, പാകിസ്താൻ, കംബോഡിയൻ നേതാക്കളും ട്രംപിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

എന്നാൽ നാമനിർദേശം ചെയ്യപ്പെടുന്നത് പുരസ്‌കാരത്തിന് അർഹനായി എന്നതിന് തെളിവല്ല. നോർവീജിയൻ നൊബേൽ കമ്മിറ്റി ഇത്തരം നാമനിർദേശങ്ങൾ പുറത്തുവിടാറില്ലെന്ന് മാത്രമല്ല, 50 വർഷത്തേക്ക് ഇത് രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും. 2026ലെ പുരസ്‌കാരത്തിനായി 208 വ്യക്തികളും 79 സംഘടനകളും ഉൾപ്പെടെ 287 സ്ഥാനാർഥികളാണ് പരിഗണനയിലുള്ളത്.

നോർവേയുമായുള്ള തർക്കവും മെഡൽ വിവാദവും

ഗ്രീൻലാൻഡ് വിഷയത്തിൽ നോർവേയുമായുണ്ടായ തർക്കത്തിനിടെ നോർവീജിയൻ പ്രധാനമന്ത്രി യോനാസ് ഗാ സ്റ്റോറിന് ട്രംപ് നൽകിയ സന്ദേശവും വിവാദമായിരുന്നു. തനിക്ക് നൊബേൽ തരാത്തതിനാൽ ഇനി സമാധാനത്തെക്കുറിച്ച് മാത്രം ചിന്തിക്കേണ്ടതില്ലെന്നായിരുന്നു ട്രംപിന്റെ ഭീഷണി. എന്നാൽ പുരസ്‌കാരം നിർണയിക്കുന്നത് സ്വതന്ത്ര നൊബേൽ കമ്മിറ്റിയാണെന്നും നോർവീജിയൻ സർക്കാറല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

2025ൽ സമാധാന നൊബേൽ നേടിയ വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ വൈറ്റ് ഹൗസിലെത്തി ട്രംപിന് തന്റെ മെഡൽ സമ്മാനിച്ചിരുന്നു. എന്നാൽ പുരസ്‌കാരം കൈമാറാനോ മറ്റൊരാൾക്ക് നൽകാനോ കഴിയില്ലെന്നും മെഡൽ കൈമാറിയാലും പുരസ്‌കാരം മച്ചാഡോക്ക് തന്നെയാണെന്നും നൊബേൽ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

ഇറാനുമായുള്ള സൈനിക തർക്കവും സംഘർഷവും രൂക്ഷമായി നിലനിൽക്കെ, വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കുന്ന 2026ലെ സമാധാന നൊബേൽ ട്രംപിന് ലഭിക്കാൻ സാധ്യത കുറവാണെന്നാണ് റോയിട്ടേഴ്സ് വിലയിരുത്തുന്നത്. എങ്കിലും തന്റെ അവകാശവാദങ്ങളിൽ ഉറച്ചുനിന്ന് പ്രചാരണം ശക്തമാക്കുകയാണ് ട്രംപ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Trump Renews Nobel Peace Prize Claim, Says He Ended Eight Wars
Next Story