Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസ്- കാനഡ വ്യാപാര...

യു.എസ്- കാനഡ വ്യാപാര തർക്കം രൂക്ഷമാകുന്നു: ഒന്റാറിയോ തടാകത്തിന്റെ പേര് 'ലേക്ക് അമേരിക്ക' എന്നാക്കി ട്രംപ്

text_fields
bookmark_border
യു.എസ്- കാനഡ വ്യാപാര തർക്കം രൂക്ഷമാകുന്നു: ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി ട്രംപ്
cancel

വാഷിങ്ടൺ: അയൽരാജ്യമായ കാനഡയുമായുള്ള വ്യാപാര തർക്കങ്ങൾ രൂക്ഷമായിരിക്കുന്നതിനിടെ, വടക്കേ അമേരിക്കയിലെ പ്രശസ്തമായ 'ഒന്റാറിയോ' തടാകത്തിന്റെ പേര് 'ലേക്ക് അമേരിക്ക' എന്ന് മാറ്റി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വ്യാഴാഴ്ച ഒപ്പുവെച്ച പുതിയ എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരം അമേരിക്കൻ ഫെഡറൽ ആവശ്യങ്ങൾക്ക് ഇനിമുതൽ ഈ പുതിയ പേരായിരിക്കും ഉപയോഗിക്കുക. കോടിക്കണക്കിന് ഡോളറിന്റെ വ്യാപാരങ്ങളെ ബാധിക്കുന്ന താരിഫ് പ്രശ്നങ്ങൾക്ക് പിന്നാലെയാണ് ട്രംപിന്റെ ഈ അപ്രതീക്ഷിത നീക്കം. എന്നാൽ, ഈ മാറ്റം അമേരിക്കൻ ഫെഡറൽ രേഖകൾക്ക് മാത്രമേ ബാധകമാകൂ എന്നും കാനഡയോ മറ്റ് അന്താരാഷ്ട്ര ഏജൻസികളോ ഈ പേര് ഉപയോഗിക്കാൻ ബാധ്യസ്ഥരല്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

‘ഒന്റാറിയോ തടാകത്തിന്റെ പേര് ഉടനടി പ്രാബല്യത്തിൽ വരുന്ന രീതിയിൽ ‘ലേക്ക് അമേരിക്ക’ എന്ന് മാറ്റുകയാണ്. ഏറെ നാളായി എന്റെ മനസ്സിലുണ്ടായിരുന്ന ഒരു കാര്യമാണിത്’- ഓവൽ ഓഫീസിൽ വെച്ച് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ 400 ലധികം വർഷത്തെ പഴക്കമുള്ള ഒന്റാറിയോ എന്ന പേര് മാറ്റാൻ തയാറല്ലെന്ന് പ്രഖ്യാപിച്ച് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുളും രംഗത്തെത്തി. തടാകത്തിന്റെ അതിർത്തി പങ്കിടുന്ന അമേരിക്കൻ സംസ്ഥാനമാണ് ന്യൂയോർക്ക്.

അമേരിക്കയുടെ വിദേശനയങ്ങളും വ്യാപാര ബന്ധങ്ങളും മാറിക്കൊണ്ടിരിക്കുകയാണെന്നും, എന്നാൽ യാഥാർത്ഥ്യം മനസ്സിലാക്കുന്ന കാനഡക്കാർ ഇതിനെ എക്കാലത്തും ഒന്റാറിയോ തടാകം എന്ന് തന്നെ വിളിക്കുമെന്നും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. തടാകത്തിന്റെ 52 ശതമാനവും കാനഡയിലാണ് ഉൾപ്പെടുന്നത്. ന്യൂയോർക്ക് ഒരിക്കലും ആ പേര് ഉപയോഗിക്കില്ല എന്ന് ഗവർണർ കാത്തി ഹോച്ചുളും വ്യക്തമാക്കി. കാനഡയുമായി അതിർത്തി പങ്കിടുന്ന വെർമോണ്ടിലെ റിപ്പബ്ലിക്കൻ ഗവർണർ ഫിൽ സ്കോട്ടും ട്രംപിന്റെ തീരുമാനത്തെ നിരാശാജനകം എന്നാണ് വിശേഷിപ്പിച്ചത്.

തടാകത്തിന്റെ പേര് മാറ്റിയതിൽ ശക്തമായ പ്രതിഷേധവുമായി ക്യുബെക്കിലെ വെൻഡാറ്റ് ഗോത്രവർഗ്ഗ വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. അവരുടെ ഭാഷയിൽ ഒന്റാറിയോ എന്നാൽ 'മനോഹരമായ വലിയ തടാകം' എന്നാണ് അർത്ഥം. തങ്ങളുടെ ചരിത്രം മായ്ച്ചുകളയാനാണ് പ്രസിഡന്റ് ട്രംപ് ശ്രമിക്കുന്നതെന്നും, ഈ തീരുമാനത്തിൽ കടുത്ത ഞെട്ടലും രോഷവുമുണ്ടെന്നും വെൻഡാറ്റ് ഗ്രാൻഡ് ചീഫ് പിയറി പിക്കാർഡ് പ്രതികരിച്ചു.

തന്റെ ഭരണകാലയളവിലെ ഏറ്റവും കുറഞ്ഞ ജനപ്രീതി നേരിടുന്ന സമയത്താണ് ട്രംപ് ഈ നീക്കം നടത്തിയിരിക്കുന്നത്. പണപ്പെരുപ്പം തടയുമെന്നും പുതിയ വിദേശ യുദ്ധങ്ങൾ ഒഴിവാക്കുമെന്നും വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ട്രംപ്, ഇപ്പോൾ കാനഡയുമായുള്ള വ്യാപാര യുദ്ധവും ഇറാനുമായുള്ള യുദ്ധവും കാരണം കടുത്ത പ്രതിസന്ധിയിലാണ്. കഴിഞ്ഞ ആഴ്ച നടന്ന വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് യു.എസ് കാനഡക്ക് മേൽ തീരു​വ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ട്രംപിന്റെ നീക്കത്തിൽ അതൃപ്തി പ്രകടിപ്പിച്ച മാർക്ക് കാർണി, യു.എസിന് മേൽ തങ്ങൾ തീരുവ ചുമത്തുമന്നും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരസ്പരം പഴിചാരിയുള്ള ഈ പുതിയ വിവാദം ചൂടുപിടിക്കുന്നത്. നിലവിൽ ഇറാൻ യുദ്ധവും വ്യാപാര യുദ്ധവും അമേരിക്കക്കാരുടെ ജീവിതച്ചെലവ് കുതിച്ചുയരാൻ കാരണമായിട്ടുണ്ട്.

‘നമുക്കിപ്പോൾ ഒരു ഗൾഫും ഒരു തടാകവുമുണ്ട്, ഇനി നമുക്ക് വേണ്ടത് ഒരു സമുദ്രമാണ്. ഒരുപക്ഷേ അറ്റ്ലാന്റിക് സമുദ്രത്തിന്റെയോ പസഫിക് സമുദ്രത്തിന്റെയോ പേര് കൂടി നമ്മൾ മാറ്റിയേക്കാം,’ എന്ന് പറഞ്ഞ് ട്രംപ് പുതിയ വിവാദങ്ങൾക്ക് കൂടി തിരികൊളുത്തിയിട്ടുണ്ട്. 2025 ജനുവരിയിൽ ഗൾഫ് ഓഫ് മെക്സിക്കോയുടെ പേര് 'ഗൾഫ് ഓഫ് അമേരിക്ക' എന്ന് അദ്ദേഹം മാറ്റിയിരുന്നു. പുതിയ അധികാര കാലയളവിൽ സുപ്രധാന കെട്ടിടങ്ങൾക്കും നാവികസേനാ കപ്പലുകൾക്കും മറ്റ് ഗവൺമെന്റ് പദ്ധതികൾക്കും സ്വന്തം പേര് നൽകാനും അദ്ദേഹം ശ്രമിച്ചിരുന്നു.

അമേരിക്കക്കും കാനഡക്കും ഇടയിലുള്ള പ്രകൃതിദത്ത അതിർത്തിയായി നിലകൊള്ളുന്ന അഞ്ച് വലിയ തടാകങ്ങളിൽ ഒന്നാണ് ഒന്റാറിയോ. ഈ തടാകത്തിന്റെ ഭൂരിഭാഗവും കാനഡയിലെ 'ഒന്റാറിയോ' പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്. ബാക്കിയുള്ള 48 ശതമാനം ഭാഗം ന്യൂയോർക്ക് അതിർത്തിയിലാണ്. കാനഡയുടെ പ്രധാന നഗരമായ ടൊറന്റോ അടക്കമുള്ള വലിയ നഗരങ്ങൾ സ്ഥിതി ചെയ്യുന്നത് ഈ തടാകതീരത്തായതിനാൽ ഇരു രാജ്യങ്ങൾക്കും ഒരുപോലെ നിർണായകമായ ജലാശയമാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USCanadaUS Trade TariffDonald Trumptrade dispute
News Summary - Trump renames Lake Ontario as 'Lake America' amid Canada trade war
Next Story