റഷ്യ- യുക്രൈയ്ൻ യുദ്ധം അവസാനിക്കുന്നു? സമാധാന പദ്ധതിക്ക് അംഗീകാരം നൽകി ട്രംപ്, റഷ്യക്ക് അനൂകൂലമെന്ന് വിമർശനം
text_fieldsകീവ്: റഷ്യ-യുക്രൈൻ സമാധാന പദ്ധതിയുടെ 28 ഇന കരാറിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകാരം നൽകിയതായി റിപ്പോർട്ടുകൾ. കരാറ് അന്തിമമാവുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിനും അവസാനമാവുമെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തൽ.
റഷ്യയുടെ ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിക്കുന്നതാണ് കരാറിനെ വ്യവസ്ഥകളെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡൊണാൾഡ് ട്രംപിന്റെ 20 പോയിന്റ് ഗാസ സമാധാന പദ്ധതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അമേരിക്കയുടെ നിർദ്ദേശം എന്നാണ് സൂചന.
യു.എസും റഷ്യൻ ഉദ്യോഗസ്ഥരും സംയുക്തമായി വികസിപ്പിച്ചെടുത്ത കരാർ നിർദേശങ്ങൾ ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ് വഴിയാണ് യുക്രൈയ്നെ അറിയിച്ചത്. റിപ്പോർട്ടുകളനുസരിച്ച് യുക്രെയ്ൻ ദേശീയ സുരക്ഷാ മേധാവി റസ്റ്റം ഉമെറോവുമായ മിയമിയിൽ കൂടിക്കാഴ്ച നടത്തിയ വിറ്റ്കോഫ് യുക്രൈൻ ഏറെ നാളുകളായി നിരസിക്കുന്ന വ്യവസ്ഥകളടക്കം അംഗീകരിച്ച് കരാറിൽ ഒപ്പിടാൻ നിർദേശിച്ചതായാണ് സൂചന.
റഷ്യൻ പ്രതിനിധിയും പുടിന്റെ വിശ്വസ്തനുമായ കിറിൽ ദിമിത്രിയേവും യുക്രൈൻ ഉദ്യോഗസ്ഥരും കരാർ സംബന്ധിച്ച് ചർച്ച ആരംഭിച്ചുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, റഷ്യയുമായി നയതന്ത്രബന്ധങ്ങളിൽ പുരോഗതി കാണിക്കാൻ ട്രംപ് ഭരണകൂടം യുക്രൈയ്ന് മേൽ കരാർ അടിച്ചേൽപ്പിക്കുകയാണെന്നും വിമർശനമുണ്ട്. കരാർ വ്യവസ്ഥകൾ അസന്തുലിതമാണെന്നും യുക്രൈയ്ന്റെ പരമാധികാരത്തെ പോലും ചോദ്യം ചെയ്യുന്നതാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുക്രൈയ്ൻ നിലവിൽ കൈവശം വെച്ചിരിക്കുന്നതടക്കം ഡോൺബാസ് മേഖല പൂർണമായി റഷ്യക്ക് വിട്ടുനൽകുന്നതടക്കം വ്യവസ്ഥകൾ കരാറിലുണ്ടെന്ന് മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. യുക്രൈയ്ൻ സൈന്യത്തിന്റെ ആയുധ ശേഷി കുറക്കുന്നതും അമേരിക്കയുടെ സൈനീക സഹകരണം അവസാനിപ്പിക്കുന്നതും പദ്ധതിയുടെ ഭാഗമാണെന്ന് റിപ്പോർട്ടുകളുണ്ട്.
കരാർ നിലവിൽ വരുന്നതോടെ റഷ്യയുടെ തന്ത്രപ്രധാനമായ കേന്ദ്രങ്ങൾ ലക്ഷ്യമിടാൻ ദീർഘദൂര മിസൈലെന്ന യുക്രൈയ്ന്റെ ഏറെനാളായുള്ള ആവശ്യവും നിരാകരിക്കപ്പെടും. യുക്രെയ്നിൽ റഷ്യൻ ഭാഷക്ക് ഔദ്യോഗിക ഭാഷാ പദവി നൽകണമെന്നും റഷ്യൻ ഓർത്തഡോക്സ് സഭയുടെ പ്രാദേശിക വിഭാഗത്തെ അംഗീകരിക്കണമെന്നും വ്യവസ്ഥകളുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

