റിപ്പബ്ലിക്കൻ പാർട്ടി ജയിച്ചാൽ ഓരോ പൗരനും 5,000 ഡോളർ; ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ വാഗ്ദാനവുമായി ഡോണൾഡ് ട്രംപ്
text_fieldsഡോണൾഡ് ട്രംപ്
ഡാലസ്: നവംബറിൽ നടക്കുന്ന യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം നിലനിർത്തിയാൽ പ്രായപൂർത്തിയായ ഓരോ അമേരിക്കൻ പൗരനും 5,000 ഡോളർ (ഏകദേശം 4.2 ലക്ഷം രൂപ) വീതം നൽകുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം. ടെക്സസിലെ ഡാലസിൽ നടന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രത്യേക ഇടക്കാല കൺവെൻഷനിൽ സംസാരിക്കവെയാണ് വോട്ടർമാരെ സ്വാധീനിക്കാനായി ട്രംപ് അസാധാരണമായ ഈ വാഗ്ദാനം മുന്നോട്ടുവെച്ചത്.
'റിപ്പബ്ലിക്കൻ പാർട്ടി ജയിച്ചാൽ നിങ്ങളും ഞങ്ങളോടൊപ്പം വിജയിക്കുകയാണ്, നിങ്ങൾക്ക് 5,000 ഡോളർ ലഭിക്കും; ഇത് 'ട്രംപ് ഡിവിഡന്റ്' എന്നാണ് അറിയപ്പെടുക,' ട്രംപ് സദസ്സിനോട് പറഞ്ഞു. ജനപ്രതിനിധി സഭയിലും സെനറ്റിലും ഭൂരിപക്ഷം നിലനിർത്താൻ വോട്ടർമാർ തന്നെ നേരിട്ട് ബാലറ്റിൽ കാണുന്നതുപോലെ സങ്കൽപ്പിച്ച് വോട്ട് ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. 'ഞാൻ മത്സരരംഗത്തുണ്ടെന്ന് കരുതി നിങ്ങൾ വോട്ട് ചെയ്യുക, എനിക്ക് വേണ്ടി ഒരിക്കൽ കൂടി ബാലറ്റിൽ വിരലമർത്തുക,' ട്രംപ് ആഹ്വാനം ചെയ്തു.
എന്നാൽ, അമേരിക്കയിലെ 24 കോടിയോളം വരുന്ന മുതിർന്ന പൗരന്മാർക്ക് ഇത്തരത്തിൽ തുക വിതരണം ചെയ്യണമെങ്കിൽ ചുരുങ്ങിയത് ഒരു ട്രില്യൺ ഡോളറിലധികം (ഏകദേശം 85 ലക്ഷം കോടിയിലധികം രൂപ) ചെലവ് വരുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ. ഈ പണം എവിടെ നിന്ന് കണ്ടെത്തുമെന്ന കാര്യത്തിൽ ട്രംപ് കൃത്യമായ രൂപരേഖയൊന്നും നൽകിയിട്ടില്ല. രാജ്യം ഇപ്പോൾ വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കുന്നുണ്ടെന്ന പൊതുവായ ന്യായീകരണം മാത്രമാണ് അദ്ദേഹം നൽകിയത്.
വിലക്കയറ്റവും ഇറാന് നേരെ ആരംഭിച്ച യുദ്ധവും കാരണം നിലവിൽ ട്രംപിന്റെ ജനപ്രീതി റേറ്റിംഗ് 30 ശതമാനത്തിലേക്ക് ഇടിഞ്ഞതായാണ് അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ ഇരുസഭകളിലും ആധിപത്യം നേടുമെന്ന് പ്രവചനങ്ങൾ നിലനിൽക്കെയാണ്, സ്വന്തം സ്വാധീനം തിരിച്ചുപിടിക്കാനും വോട്ടർമാരെ പാർട്ടിക്കൊപ്പം നിർത്താനും ട്രംപ് അസാധാരണമായ നേരിട്ടുള്ള ധനസഹായ തന്ത്രം പുറത്തെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

