വെനിസ്വേല എണ്ണക്കപ്പലുകൾക്ക് പൂർണ വിലക്കെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: വെനിസ്വേല എണ്ണക്കപ്പലുകൾക്ക് പൂർണ വിലക്ക് ഏർപ്പെടുത്തുകയാണെന്ന ഭീഷണിയുമായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ‘ഞങ്ങളുടെ സ്വത്ത് കട്ടെടുക്കുന്നതുകൊണ്ടും ഭീകരത, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത് തുടങ്ങിയവ കാരണവും വെനിസ്വേല സർക്കാർ ഭീകരസംഘടനയായി മാറിയിരിക്കുകയാണ്.
അതിനാൽതന്നെ, വെനിസ്വേലയിൽനിന്ന് പോകുകയും അവിടേക്ക് വരുകയും ചെയ്യുന്ന എല്ലാ എണ്ണക്കപ്പലുകൾക്കും പൂർണ വിലക്ക് ഏർപ്പെടുത്തുകയാണ്’ -ട്രംപ് ‘ട്രൂത്ത് സോഷ്യലി’ൽ കുറിച്ചു. കഴിഞ്ഞയാഴ്ച വെനിസ്വേലയുടെ എണ്ണക്കപ്പൽ യു.എസ് പിടിച്ചെടുത്തിരുന്നു. തുടർന്ന് മേഖലയിൽ വൻതോതിൽ സൈനികസാന്നിധ്യം വർധിപ്പിക്കുകയും ചെയ്തു.
യു.എസിന്റെ പുതിയ നീക്കത്തിനെതിരെ വെനിസ്വേല രംഗത്തെത്തിയിട്ടുണ്ട്. ‘അന്താരാഷ്ട്ര നിയമങ്ങളെ ധിക്കരിക്കുന്നതും സ്വതന്ത്രമായ കപ്പൽ സഞ്ചാരത്തിനും വ്യാപാരത്തിനുമുള്ള രാജ്യത്തിന്റെ അവകാശം നിഷേധിക്കുന്നതുമാണ് യു.എസിന്റെ നടപടി’യെന്ന് വെനിസ്വേല സർക്കാർ കുറ്റപ്പെടുത്തി.
തങ്ങളുടെ എണ്ണയും സമ്പത്തുമെല്ലാം പിടിച്ചെടുക്കാനുള്ള യു.എസിന്റെ നീക്കം വെച്ചുപൊറുപ്പിക്കാനാവില്ലെന്നും വെനിസ്വേല മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

