Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിബിസിക്കെതിരായ മാനനഷ്ടക്കേസിൽ ട്രംപ് മൊഴി നൽകണം; നേരിട്ട് ഹാജരാകാൻ ഉത്തരവിട്ട് ഫെഡറൽ കോടതി

text_fields
bookmark_border
ബിബിസിക്കെതിരായ മാനനഷ്ടക്കേസിൽ ട്രംപ് മൊഴി നൽകണം; നേരിട്ട് ഹാജരാകാൻ ഉത്തരവിട്ട് ഫെഡറൽ കോടതി
cancel

വാഷിങ്ടൺ: ബി.ബി.സിക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഫയൽ ചെയ്ത 10 ബില്യൺ ഡോളറിന്റെ മാനനഷ്ടക്കേസിൽ, ഡിസംബർ 11നകം സത്യപ്രതിജ്ഞക്ക് വിധേയമായി മൊഴി നൽകണമെന്ന് ഫെഡറൽ കോടതി ഉത്തരവിട്ടു. വിചാരണ നേരിടുന്നതിൽ നിന്നും ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിൽ നിന്നും ട്രംപ് മനഃപൂർവ്വം ഒളിച്ചോടുകയാണെന്ന ബി.ബി.സിയുടെ വാദം അംഗീകരിച്ചതിന് പിന്നാലെയാണ് കോടതി നടപടി.

വ്യാഴാഴ്ച നടന്ന വാദത്തിനിടെ യു.എസ് മജിസ്ട്രേറ്റ് ജഡ്ജി എൻജോലിക് ലെറ്റയാണ് പ്രിസന്റിനോട് ഹാജരാകാൻ ഉത്തരവിട്ടത്. ബി.ബി.സിയുടെ അഭിഭാഷകർക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നാണ് നിർദേശം.നിശ്ചിത സമയപരിധിക്കുള്ളിൽ നേരിട്ട് ഹാജരായി മൊഴി നൽകിയില്ലെങ്കിൽ ട്രംപ് സമർപ്പിച്ച കേസ് പൂർണമായും തള്ളിക്കളയുന്നത് അടക്കമുള്ള കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് ഫെഡറൽ കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട് പ്രസിഡന്റിന്റെ ഔദ്യോഗിക തിരക്കുകൾ ചൂണ്ടിക്കാട്ടി ഒക്ടോബറിൽ നിശ്ചയിച്ചിരുന്ന മൊഴിയെടുപ്പിൽനിന്ന് ട്രംപ് പിന്മാറിയിരുന്നു.

കേസിലെ തെളിവെടുപ്പ് നടപടികളുടെ ഭാഗമായി ട്രംപിന്റെ ഉടമസ്ഥതയിലുള്ള മാർ-എ-ലാഗോ റിസോർട്ടിന്റെയും ബിസിനസ് സ്ഥാപനങ്ങളുടെയും സാമ്പത്തിക രേഖകൾ ഹാജരാക്കാൻ ബി.ബി.സി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ട്രംപിന്റെ പ്രസംഗത്തെക്കുറിച്ച് അന്വേഷണം നടത്തിയ മുൻ പ്രത്യേക കൗൺസെൽ ജാക്ക് സ്മിത്തിനും ബി.ബി.സി സമൻസ് അയച്ചിരുന്നു.

2021 ജനുവരി 6-ലെ യു.എസ് ക്യാപിറ്റോൾ ആക്രമണവുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ പ്രസംഗം തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ എഡിറ്റ് ചെയ്ത് സംപ്രേക്ഷണം ചെയ്തു എന്ന് ആരോപിച്ചാണ് ട്രംപ് ഫ്ലോറിഡയിലെ ഫെഡറൽ കോടതിയിൽ ഹർജി നൽകിയത്. 2024-ലെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ബി.സിയുടെ 'പനോരമ' പരിപാടിയിലാണ് ഈ ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്തത്.

എന്നാൽ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ എഡിറ്റ് ചെയ്തതായി ബി.ബി.സി നേരത്തേ സമ്മതിക്കുകയും ട്രംപിനോട് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ പ്രസിദ്ധീകരിച്ച ദൃശ്യങ്ങളുടെ പേരിൽ മാനനഷ്ടത്തിന് നിയമപരമായ ബാധ്യതയുണ്ടെന്ന ആരോപണം സ്ഥാപനം നിഷേധിച്ചിട്ടുണ്ട്.

മാധ്യമങ്ങൾക്കെതിരെ ട്രംപ് ഫയൽ ചെയ്തിട്ടുള്ള ഒന്നിലധികം സ്വകാര്യ സിവിൽ കേസുകളിൽ ഒന്നാണ് ബിബിസിക്കെതിരായ നടപടി. തനിക്ക് ഇഷ്ടമില്ലാത്ത വാർത്താ റിപ്പോർട്ടിങ്ങിനെതിരെ ട്രംപ് സ്വീകരിക്കുന്ന നിയമനടപടികളുടെ പശ്ചാത്തലത്തിലാണ് ഈ കേസും ശ്രദ്ധ നേടുന്നത്. കേസിൽ ബിബിസിക്ക് മാനനഷ്ടത്തിന് നിയമപരമായ ബാധ്യതയുണ്ടോയെന്നും ട്രംപിന് ആവശ്യപ്പെടുന്ന നഷ്ടപരിഹാരത്തിന് അർഹതയുണ്ടോയെന്നും ഇതുവരെ അന്തിമമായി തീരുമാനിച്ചിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Trump ordered to sit for deposition in his $10 billion BBC lawsuit
Next Story