പാകിസ്താൻ ആണവപരീക്ഷണം നടത്തുന്നുണ്ട് ഉത്തരകൊറിയയും; യു.എസിനും അതാവശ്യമുണ്ടെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: ആണവായുധ പരീക്ഷണങ്ങൾ സജീവമായി നടത്തുന്ന രാജ്യങ്ങളിലൊന്നാണ് പാകിസ്താനെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യു.എസ് ആണവായുധ പരീക്ഷണങ്ങൾ പുനരാരംഭിക്കുമെന്ന വാർത്തകൾക്കിടെയാണ് ട്രംപിന്റെ പരാമർശം. റഷ്യ, ചൈന, ഉത്തരകൊറിയ, പാകിസ്താൻ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ ആണവ പരീക്ഷണങ്ങൾ നടത്തുന്നതിനാൽ യു.എസും അത് ചെയ്യുന്നത് ഉചിതമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
''റഷ്യയും ചൈനയുമൊന്നും ഇതെ കുറിച്ച് തുറന്നു സംസാരിക്കുന്നില്ല. എന്നാൽ ഇക്കാര്യത്തിൽ അമേരിക്ക ഒരു തുറന്ന പുസ്തകമാണ്.വ്യത്യസ്‍തരുമാണ്. അതിനാൽ അതിനെ കുറിച്ച് സംസാരിക്കുന്നു. ഞങ്ങൾ അതിനെക്കുറിച്ച് സംസാരിക്കണം. അല്ലാത്തപക്ഷം നിങ്ങൾ റിപ്പോർട്ട് ചെയ്യും. അവർക്ക് അതിനെക്കുറിച്ച് എഴുതാൻ പോകുന്ന റിപ്പോർട്ടർമാർ ഇല്ല''-എന്നാണ് സി.ബി.എസ് ന്യൂസിനോട് സംസാരിക്കവേ ട്രംപ് പറഞ്ഞത്.
മറ്റുള്ളവരെല്ലാം പരീക്ഷിക്കുന്നതിനാലാണ് ഞങ്ങൾ പരീക്ഷിക്കാൻ പോകുന്നത്. തീർച്ചയായും ഉത്തരകൊറിയ പരീക്ഷിക്കുന്നുണ്ട്. പാകിസ്താൻ പരീക്ഷിക്കുന്നുണ്ട്. ആണവായുധ പരീക്ഷണങ്ങൾ നടത്തുന്നുവെന്ന് പറയുന്ന ഈ ശക്തരായ രാജ്യങ്ങൾ അണ്ടർ ഗ്രൗണ്ട് പരീക്ഷണങ്ങളാണ് നടത്തുന്നത്. അവിടത്തെ ആളുകൾക്ക് എന്താണ് സംഭവിക്കുന്നത് എന്നുപോലും അറിയില്ല. ഉത്തരകൊറിയ നിരന്തരം പരീക്ഷണം നടത്തുന്നു. മറ്റ് രാജ്യങ്ങളും പരീക്ഷണം നടത്തുന്നു. പരീക്ഷണം നടത്താത്ത ഒരേയൊരു രാജ്യം യു.എസാണ്. പരീക്ഷണം നടത്താത്ത ഒരേയൊരു രാജ്യമാകാൻ ഞങൾ ആഗ്രഹിക്കുന്നില്ല-ട്രംപ് പറഞ്ഞു.
മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ ആണവായുധങ്ങൾ യു.എസിന്റെ കൈവശമുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. ലോകത്തെ 150 തവണ തകർക്കാൻ ശേഷിയുള്ള ആണവായുധങ്ങൾ യു.എസിന്റെ കൈവശമുണ്ട്. റഷ്യയുടെയും ചൈനയുടെയും കൈവശവും നിരവധി ആണവായുധങ്ങളുണ്ട്.റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും ആണവനിരായുധീകരണത്തെക്കുറിച്ച് ചർച്ച ചെയ്തതായും ട്രംപ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

