അമേരിക്കൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ട്രംപിന്റെ നീക്കം? വോട്ടിങ് മെഷീനുകൾ നിരോധിക്കാൻ ശ്രമിച്ചെന്ന് റിപ്പോർട്ട്
text_fieldsവാഷിങ്ടൺ: കഴിഞ്ഞ വർഷം നടന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ രാജ്യത്തെ പകുതിയിലധികം സംസ്ഥാനങ്ങളിൽ ഉപയോഗിക്കുന്ന വോട്ടിങ് മെഷീനുകൾ നിരോധിക്കാൻ ഗൂഢനീക്കം നടത്തിയതായി വെളിപ്പെടുത്തൽ. മെഷീനുകളുടെ ഭാഗങ്ങൾ ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന് കാണിച്ച് വാണിജ്യ മന്ത്രാലയം വഴി ഇവ അസാധുവാക്കാനായിരുന്നു ശ്രമമെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
തീവ്ര വലതുപക്ഷ ഗൂഢാലോചന സിദ്ധാന്തങ്ങൾ തെളിയിക്കാൻ ട്രംപ് ചുമതലപ്പെടുത്തിയ വൈറ്റ് ഹൗസ് ഉപദേശകനും അഭിഭാഷകനുമായ കർട്ട് ഓൾസെൻ ആണ് 'ഡൊമിനിയൻ വോട്ടിങ് സിസ്റ്റംസ്' മെഷീനുകളെ ലക്ഷ്യമിട്ട് ഈ നീക്കങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത്. അമേരിക്കൻ ഭരണഘടനയനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം അതത് സംസ്ഥാനങ്ങൾക്കാണ്. എന്നാൽ ഈ അധികാരം ഫെഡറൽ ഗവൺമെന്റിൽ എത്തിക്കാനുള്ള ട്രംപിന്റെ താല്പര്യപ്രകാരമാണ് ഓൾസെനും സംഘവും കരുക്കൾ നീക്കിയത്.
മെഷീനുകൾക്ക് പകരം രാജ്യവ്യാപകമായി കൈകൊണ്ട് എണ്ണുന്ന പേപ്പർ ബാലറ്റുകൾ കൊണ്ടുവരാൻ ഓൾസെൻ ശ്രമിച്ചിരുന്നു. എന്നാൽ നിലവിലെ വോട്ടിങ് മെഷീൻ രീതിയെക്കാൾ കൃത്യത കുറഞ്ഞതും തിരിമറികൾക്ക് സാധ്യതയുള്ളതുമാണ് ഇതെന്നാണ് തെരഞ്ഞെടുപ്പ് സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
വോട്ടിങ് മെഷീനുകൾ നിരോധിക്കാനുള്ള പദ്ധതികളുമായി കഴിഞ്ഞ സെപ്റ്റംബറിൽ വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ മുന്നോട്ട് പോയിരുന്നു. എന്നാൽ മെഷീനുകൾ സുരക്ഷാ ഭീഷണിയാണെന്ന് തെളിയിക്കാൻ ഓൾസെനും സംഘത്തിനും കൃത്യമായ തെളിവുകൾ ഹാജരാക്കാൻ കഴിയാതെ വന്നതോടെ ഈ നീക്കം പാളുകയായിരുന്നു.
ഡൊമിനിയൻ വോട്ടിങ് മെഷീനുകളിൽ വെനസ്വേലൻ കോഡുകൾ ഉപയോഗിച്ച് ഹാക്കിങ് നടത്തിയാണ് ട്രംപിന്റെ വിജയം അട്ടിമറിച്ചതെന്ന വ്യാജ പ്രചാരണമാണ് ഓൾസെൻ പ്രധാനമായും ഉയർത്തിയത്. എന്നാൽ മുമ്പ് നടന്ന നിരവധി അന്വേഷണങ്ങളിലും കോടതികളിലും ഈ വാദം തള്ളപ്പെട്ടിട്ടുള്ളതാണ്. വ്യാജ ആരോപണം ഉന്നയിച്ചതിന് ഫോക്സ് ന്യൂസ് ചാനലിന് 2023ൽ ഡൊമിനിയൻ കമ്പനിക്ക് 787 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകേണ്ടി വന്നിട്ടുമുണ്ട്.
ഇതുകൂടാതെ 2025ൽ പ്യൂർട്ടോ റിക്കോയിലെ തെരഞ്ഞെടുപ്പ് മെഷീനുകൾ പിടിച്ചെടുത്ത് ഓൾസെന്റെ സംഘം പരിശോധന നടത്തിയിരുന്നു. ചൈന ഉൾപ്പെടെയുള്ള വിദേശ ശത്രുരാജ്യങ്ങളുടെ ചിപ്പുകൾ ഇതിലുണ്ടെന്ന് സ്ഥാപിക്കാനായിരുന്നു ശ്രമം. എന്നാൽ അമേരിക്കൻ കമ്പനിയായ ഇന്റൽ ചൈനയിൽ പാക്ക് ചെയ്ത ഒരു സാധാരണ ചിപ്പ് മാത്രമാണ് അതിൽ കണ്ടെത്താനായത്. സുരക്ഷാ ഭീഷണികളൊന്നും കണ്ടെത്താൻ കഴിയാതെ വന്നതോടെ റിപ്പോർട്ടിൽ ഇവ ഏഷ്യൻ ചിപ്പുകൾ എന്ന് പൊതുവായി രേഖപ്പെടുത്തി പരാജയം മറച്ചുവെക്കാനും സംഘം ശ്രമിച്ചു.
വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പുകളിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയുണ്ടായാൽ വോട്ടെടുപ്പ് തടസ്സപ്പെടുത്താനും വ്യാജ അട്ടിമറി ആരോപണങ്ങൾ ഉന്നയിക്കാനും ഭരണകൂടം ശ്രമിക്കുന്നതായാണ് ഡെമോക്രാറ്റുകളും തെരഞ്ഞെടുപ്പ് വിദഗ്ധരും ആശങ്കപ്പെടുന്നത്. ജനാധിപത്യത്തിന് ഭീഷണിയായ കർട്ട് ഓൾസെനെ പദവിയിൽ നിന്ന് അടിയന്തരമായി പുറത്താക്കണമെന്ന് ഡെമോക്രാറ്റിക് യു.എസ് സെനറ്റർ അലക്സ് പാഡില്ല ആവശ്യപ്പെട്ടു.
അതേസമയം, പുറത്തുവന്ന റിപ്പോർട്ടുകൾ മാധ്യമങ്ങൾ ബോധപൂർവം ചോർത്തിയ വ്യാജ വിവരങ്ങളാണെന്ന് വൈറ്റ് ഹൗസ് വക്താവ് ഡേവിസ് ഇംഗിൾ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

