ട്രംപിന്റെ ‘ഫസ്റ്റ് ചോയ്സ്’ മോദി; ജി20യിൽ കൂടിക്കാഴ്ചയെന്ന് സൂചന നൽകി യു.എസ് അംബാസഡർ
text_fieldsന്യൂഡൽഹി: ഡിസംബറിൽ യു.എസിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആഗ്രഹിക്കുന്നതായി ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോർ. ട്രംപ് കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്ന ജി20 നേതാക്കളുടെ പട്ടികയിൽ മോദി ഒന്നാമനായിരിക്കുമെന്നും ഗോർ പറഞ്ഞു.
ഫ്ലോറിഡയിൽ നടക്കുന്ന ജി20 ഉച്ചകോടിക്കായി മോദി യു.എസ് സന്ദർശിക്കുമ്പോൾ ഉച്ചകോടിയിലെ കൂട്ടായ ചർച്ചകൾക്ക് പുറമെ ഇരുനേതാക്കളും പ്രത്യേകമായി കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇത്തരമൊരു ഉഭയകക്ഷി കൂടിക്കാഴ്ച സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
35 പേർ എത്തുന്നതിൽ ആരെയാണ് കാണാൻ ആഗ്രഹിക്കുന്നതെന്ന് പ്രസിഡന്റിനോട് ചോദിച്ചാൽ പ്രധാനമന്ത്രി ആ പട്ടികയിൽ ഒന്നാമനായിരിക്കും. പ്രധാനമന്ത്രിയെ പ്രസിഡന്റ് സുഹൃത്തായാണ് കാണുന്നത്. അതിനാൽ ഉച്ചകോടിയിൽ ഒതുങ്ങുന്നതായിരിക്കില്ല ആ സന്ദർശനമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യ ടുഡേ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ഗോർ പറഞ്ഞു.
ട്രംപ് അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കുമെന്ന സൂചനയും ഗോർ നൽകി. 2020ലെ ഇന്ത്യാ സന്ദർശനം ട്രംപ് ഇപ്പോഴും ഏറെ സന്തോഷത്തോടെ ഓർക്കുന്നുണ്ടെന്നും ഇന്ത്യയിലെ ജനങ്ങളെയും മോദിയുമായുള്ള സൗഹൃദത്തെയും അദ്ദേഹം പലപ്പോഴും പരാമർശിക്കാറുണ്ടെന്നും ഗോർ പറഞ്ഞു.
ഇന്ത്യ-യു.എസ് വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ യു.എസ് സുപ്രീംകോടതി വിധിക്ക് പിന്നാലെ പുനഃക്രമീകരിക്കുകയാണെങ്കിലും കരാറിലെത്താൻ ഇരുരാജ്യങ്ങളും വളരെ അടുത്തെത്തിയതായി ഗോർ വ്യക്തമാക്കി. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ കരാർ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. നിലവിൽ ഏകദേശം 240 ബില്യൺ ഡോളറായ ഇന്ത്യ-യു.എസ് ഉഭയകക്ഷി വ്യാപാരം 500 ബില്യൺ ഡോളറിലെത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യു.എസ് ഉന്നത ഉദ്യോഗസ്ഥരുടെ സന്ദർശനങ്ങൾ തുടരുമെന്നും ഗോർ പറഞ്ഞു. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഒക്ടോബറിൽ ഇന്ത്യയിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

