‘നമുക്ക് ഫ്രാൻസിലേക്ക് പോകാം, അവിടെ പ്രശ്നങ്ങളോ വിപ്ലവങ്ങളോ ഒന്നുമില്ലല്ലോ’; ഫ്രാൻസിലെ പ്രക്ഷോഭങ്ങളെ പരിഹസിച്ച് ട്രംപ്
text_fieldsഡോണാൾഡ് ട്രംപ്
പാരീസ്: ഉയർന്ന പണപ്പെരുപ്പത്തിനും ജീവിതച്ചെലവിനുമെതിരെയുണ്ടായ ജനകീയ പ്രക്ഷോഭം തെരുവ് യുദ്ധമായി മാറിയതിന് പിന്നാലെ ഫ്രാൻസിനെ പരിഹസിച്ച് യു.എസ് പ്രസിഡന്റ് ഡോൾഡ് ട്രംപ്. ഫ്രാൻസ് ‘വിപ്ലവങ്ങൾക്ക്’ ഏറ്റവും അനുയോജ്യമായ നാടാണെന്ന് വിശേഷിപ്പിച്ച ട്രംപ്, ‘നമുക്ക് ഫ്രാൻസിലേക്ക് പോകാം, അവിടെ പ്രശ്നങ്ങളോ വിപ്ലവങ്ങളോ ഒന്നുമില്ലല്ലോ’ എന്ന് പരിഹസിച്ചു.
ശനിയാഴ്ച ഫ്രാൻസിൽ ഉടനീളം വൻ പ്രക്ഷോഭങ്ങളാണ് അരങ്ങേറിയത്. ജീവിതച്ചെലവ് വർധിച്ചതിനെതിരെ തൊഴിലാളി യൂനിയനുകളും വിദ്യാർഥികളും നടത്തിയ മാർച്ചുകൾ പിന്നീട് വ്യാപകമായ അക്രമങ്ങളിലേക്കും കൊള്ളിവെപ്പിലേക്കും കലാശിക്കുകയായിരുന്നു. പൊലീസും പ്രക്ഷോഭകരും തമ്മിൽ ഏറ്റുമുട്ടി. രാജ്യത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 5,50,000 പേരും, പ്രക്ഷോഭത്തിൽ പങ്കെടുത്ത സി.ജി.ടി യൂനിയന്റെ കണക്കുപ്രകാരം 8,00,000 ആളുകളും പ്രക്ഷോഭത്തിൽ അണിനിരന്നു.
പ്രക്ഷോഭകർക്കുനേരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കികളും പ്രയോഗിച്ചു. പാരീസിൽ മാത്രം വലിയ തോതിലുള്ള അക്രമങ്ങളാണ് അരങ്ങേറിയതെന്നും നിരവധി തെരുവുകൾ തകർക്കപ്പെട്ടതായും നഗരത്തിന്റെ ഡെപ്യൂട്ടി മേയർ ഇമ്മാനുവൽ ഗ്രെഗോയിർ വ്യക്തമാക്കി. മാസ്ക് ധരിച്ചെത്തിയ സംഘം നിർത്തിയിട്ടിരുന്ന കാറുകൾക്ക് തീയിടുകയും കടകൾ കൊള്ളയടിക്കുകയും ചെയ്തു.
പ്രക്ഷോഭം അതിരുവിട്ടതോടെ ഫ്രാൻസിലെ വിവിധ നഗരങ്ങളിൽ സർക്കാർ സ്ഥാപനങ്ങൾ വ്യാപകമായി ആക്രമിക്കപ്പെട്ടു. ലിമോസിൽ 140 വർഷത്തിലേറെ പഴക്കമുള്ള നഗരസഭാ കാര്യാലയം (ടൗൺ ഹാൾ) പ്രക്ഷോഭകർ തീവെച്ച് പൂർണ്ണമായി നശിപ്പിച്ചു. മാർസൈൽ, ലില്ലെ എന്നിവിടങ്ങളിലും ടൗൺ ഹാളുകൾ ആക്രമിക്കപ്പെട്ടു. ബോർഡോയിൽ ഒരു പൊലീസ് കോമ്പൗണ്ടും ലിയോണിൽ ഒരു ടൂറിസ്റ്റ് ഓഫിസും സമരക്കാർ അഗ്നിക്കിരയാക്കി. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഭരണത്തിനെതിരെ ആറുമാസങ്ങൾക്ക് ശേഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജ്യത്ത് വലിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.
അക്രമങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുന്നറിയിപ്പ് നൽകി. ‘അക്രമങ്ങൾക്കും കൊള്ളിവെപ്പുകൾക്കും നേതൃത്വം നൽകിയവരും ഭരണസിരാകേന്ദ്രങ്ങളെ ആക്രമിച്ചവരും ആരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശിക്ഷിക്കും’-മാക്രോൺ വ്യക്തമാക്കി.
ഫ്രാൻസിലെ അക്രമങ്ങളിൽ പ്രതികരണവുമായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും രംഗത്തെത്തി. പാശ്ചാത്യ രാജ്യങ്ങളിലെ ലിബറലുകൾ വൈവിധ്യത്തിന്റെയും കാരുണ്യത്തിന്റെയും പേരിൽ കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചതാണ് ഇത്തരം പ്രതിസന്ധികൾക്ക് കാരണമെന്ന് അദ്ദേഹം എക്സ് സമൂഹമാധ്യമത്തിൽ കുറിച്ചു. സാംസ്കാരികമായ പൊരുത്തപ്പെടലുകളെക്കുറിച്ചുള്ള ചോദ്യങ്ങൾ അവർ അവഗണിച്ചെന്നും, അമേരിക്കയിലെ ഡെമോക്രാറ്റുകൾ നയിക്കുന്ന നയങ്ങളും രാജ്യത്തെ ഇതേ അവസ്ഥയിലേക്ക് നയിക്കുമെന്നും വാൻസ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

