Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യ-പാക്...

ഇന്ത്യ-പാക് വെടിനിർത്തൽ: ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദത്തിൽ മോദി മൗനം വെടിയണമെന്ന് കോൺഗ്രസ്

text_fields
bookmark_border
ഇന്ത്യ-പാക് വെടിനിർത്തൽ: ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദത്തിൽ മോദി മൗനം വെടിയണമെന്ന് കോൺഗ്രസ്
cancel

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷം നിർത്തിയതുമായി ബന്ധ​പ്പെട്ട തന്റെ അവകാശവാദങ്ങൾ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും വീണ്ടും ആവർത്തിക്കുന്നതോടെ കഴിഞ്ഞ 70 ദിവസമായി അമേരിക്കൻ നേതാവിന്റെ പ്രസ്താവനകളുമായി ബന്ധ​പ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമായ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്.

പാർലമെന്റിന്റെ വരാനിരിക്കുന്ന മൺസൂൺ സമ്മേളനത്തിൽ ലോക്സഭയിലും രാജ്യസഭയിലും ട്രംപിന്റെ ഇന്ത്യ-പാകിസ്താൻ ‘വെടിനിർത്തൽ’ അവകാശവാദങ്ങൾക്ക് മോദി ഉത്തരം നൽകണമെന്ന് കോൺഗ്രസ് പറഞ്ഞു.

മെയ് 10ന് യു.എസ് മധ്യസ്ഥതയിൽ ഒരു രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്കുശേഷം ഇന്ത്യയും പാകിസ്താനും പൂർണവും ഉടനടിയുള്ളതുമായ വെടിനിർത്തലിന് സമ്മതിച്ചതായി ട്രംപ് പ്രഖ്യാപിച്ചതിനുശേഷം സംഘർഷങ്ങൾ പരിഹരിക്കാൻ താൻ സഹായിച്ചുവെന്ന അവകാശവാദം അദ്ദേഹം നിരവധി തവണ ആവർത്തിക്കുകയുണ്ടായി.

‘ഞങ്ങൾ ധാരാളം യുദ്ധങ്ങൾ നിർത്തിച്ചിട്ടുണ്ട്. എന്നാൽ ഇത് ഗുരുതരമായിരുന്നു. ഇന്ത്യയും പാകിസ്താനും വിമാനങ്ങൾ ആകാശത്ത് വെടിവച്ചു വീഴ്ത്തുകയായിരുന്നു. അഞ്ച് ജെറ്റുകൾ വെടിവച്ചിട്ടിരിക്കാമെന്ന് ഞാൻ കരുതുന്നു. ഇരുകൂട്ടരും മുന്നോട്ടും പിന്നോട്ടും പോയി. അത് കൂടുതൽ വലുതായിക്കൊണ്ടിരുന്നു. വ്യാപാരം മുൻ നിർത്തി ഞങ്ങളത് പരിഹരിച്ചു. നിങ്ങൾ ഒരു വ്യാപാര കരാർ ഉണ്ടാക്കണമെന്ന് ഞങ്ങൾ പറഞ്ഞു’ - എന്നായിരുന്നു യു.എസ് പ്രസിഡന്റിന്റെ ഇതു സംബന്ധിച്ച പുതിയ പ്രസ്താവന.

പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ആരംഭിക്കുന്നതിനു രണ്ട് ദിവസം മുമ്പ് 24-ാമത് തവണയും ‘ട്രംപ് മിസൈൽ പ്രയോഗിക്കുന്നു’ എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ഇൻ-ചാർജ് കമ്യൂണിക്കേഷൻസ് ജയറാം രമേശ് ഇതിനോട് പ്രതികരിച്ചു. ആണവായുധങ്ങൾ കൈവശം വെച്ചിരിക്കുന്ന രണ്ട് രാജ്യങ്ങളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം അമേരിക്ക അവസാനിപ്പിച്ചതായി ട്രംപ് വീണ്ടും അവകാശ​പ്പെടുന്നു. യു.എസുമായി വ്യാപാര കരാർ വേണമെങ്കിൽ ഇന്ത്യയും പാകിസ്താനും ഉടനടി വെടിനിർത്തലിന് സമ്മതിക്കണമെന്നും യുദ്ധം തുടർന്നാൽ വ്യാപാര കരാർ ഉണ്ടാകില്ലെന്നും യു.എസ് പ്രസിഡന്റ് ആവർത്തിച്ചുവെന്നും രമേശ് ചൂണ്ടിക്കാട്ടി. ഇത്തവണ പ്രസിഡന്റ് ട്രംപിന്റെ വെളിപ്പെടുത്തലിൽ പുതിയത് ‘അഞ്ച് ജെറ്റുകൾ വെടിവച്ചിട്ടിരിക്കാം’ എന്നതാണെന്നും രമേശ് പറഞ്ഞു.

2019 സെപ്റ്റംബറിൽ ‘ഹൗഡി മോദി’യും 2020 ഫെബ്രുവരിയിൽ ‘നമസ്‌തേ ട്രംപും’ ഒക്കെയായി പ്രസിഡന്റ് ട്രംപുമായി വർഷങ്ങളുടെ സൗഹൃദവും ബന്ധവും പുലർത്തിയ പ്രധാനമന്ത്രി മോദി, കഴിഞ്ഞ 70 ദിവസമായി ട്രംപ് എന്താണ് അവകാശപ്പെടുന്നതെന്ന് പാർലമെന്റിൽ വ്യക്തമായ ഒരു പ്രസ്താവന നടത്തേണ്ടതുണ്ടെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

ഈ അവകാശവാദങ്ങളിൽ മൗനം പാലിക്കാൻ തീരുമാനിച്ചത് സർക്കാറിന്റെ ഔദ്യോഗിക പ്രതികരണമായി കരുതാനാവില്ലെന്ന് കോൺഗ്രസ് എം.പി മാണിക്കം ടാഗോർ ‘എക്സി’ലെ പോസ്റ്റിൽ പ്രതികരിച്ചു. വിഷയത്തിൽ വ്യക്തത വരുത്തുന്നതിൽനിന്ന് സർക്കാറിനെ തടയുന്നതെന്താണെന്നും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ശത്രുത എങ്ങനെ അവസാനിച്ചു എന്നതിൽ ‘സത്യം പറയാൻ ഭയപ്പെടുന്നുണ്ടോ’ എന്നും ടാഗോർ ചോദിച്ചു.

‘ഒരു യുദ്ധം നിർത്തിയെന്ന് അദ്ദേഹം അവകാശപ്പെടുന്നത് ഇത് 25-ാം തവണയാണ്... ‘വ്യാപാര സമ്മർദം’ ഉപയോഗിച്ച് ആണവ സംഘർഷം തടയുന്നതിനെക്കുറിച്ച് ട്രംപ് വീമ്പിളക്കുന്നു. പാകിസ്താൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. അവർ നൊബേൽ സമ്മാനം പോലും നിർദേശിച്ചു. അപ്പോൾ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്?- ടാഗോർ ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:modi governmentUS-indiaTrump-Modi’s RoadshowTrump govtCongressIndia Pak ceasefire agreement
News Summary - 'Trump missile gets fired': Cong demands Modi’s statement after US President repeats India-Pak ceasefire claims
Next Story