‘ഫാദർലാൻഡി’ലെ തോൽവിക്ക് പിന്നാലെ ‘മൈ ഫ്രണ്ടി’ന് തിരിച്ചടി; സമൂഹ മാധ്യമങ്ങളിൽ മോദിക്കും ഗ്യാനുവിനും പരിഹാസപ്പെരുമഴ
text_fieldsന്യൂഡൽഹി: ‘ഫാദർലാൻഡ്’ എന്ന് വിശേഷിപ്പിച്ച ഇസ്രായേലിലെ നെതന്യാഹുവിന്റെ തോൽവിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മൈ ഫ്രണ്ട്’ എന്ന് വിശേഷിപ്പിക്കുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് യു.എസ് മിഡ്ടേം തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ടതോടെ സമൂഹ മാധ്യമങ്ങളിൽ പരിഹാസപ്പെരുമഴ. ഫ്രാണ്ട് ഡൊണാൾഡിന് ഗ്യാനുവിനെ വേണം’ എന്ന് തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മൊയ്ത്ര എക്സിൽ കുറിച്ചപ്പോൾ ഗ്യാനേഷ് കുമാർ ഉണ്ടായിരുന്നെങ്കിൽ ട്രംപിന് ഒരിക്കലും ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്ന് അഭിജിത് ദിപ്കെയും പരിഹസിച്ചു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ട്വീറ്റുകളിലൂടെയും പ്രസംഗങ്ങളിലൂടെയും ‘മൈ ഫ്രണ്ട്’ എന്ന് പലപ്പോഴും വിശേഷിപ്പിച്ചിട്ടുള്ള ഡൊണാൾഡ് ട്രംപിന്റെ തോൽവിയിൽ ഇന്ത്യയിലെ ഇറാൻ എംബസിയും കടുത്ത പരിഹാസവുമായി രംഗത്തുവന്നു. ബോധരഹിതനായി വീണ ട്രംപിനെ വൈറ്റ് ഹൗസിൽ നിന്ന് വലിച്ചിഴച്ച് പുറത്തുകൊണ്ടുവന്ന് ‘അപകടകരമായ മാലിന്യം’ എന്നെഴുതിയ ഒരു ചവറ്റുകൊട്ടയിൽ തള്ളുന്നതിന്റെ എ.ഐ വീഡിയോ ആണ് ന്യൂഡൽഹിയിലെ ഇറാൻ എംബസി പങ്കുവെച്ചത്.
യു.എസിൽ വോട്ടിന് പൗരത്വം തെളിയിക്കുന്ന രേഖകൾ നൽകണമെന്ന് നിഷ്കർഷിക്കുന്ന ‘സേവ് ആക്ട്’ നടപ്പാക്കുന്നതിനെക്കുറിച്ചുള്ള പ്രചാരണവേളയിൽ ഇന്ത്യയിലെ വോട്ടർ ഐ.ഡി. സംവിധാനത്തെയും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെയും ട്രംപ് പ്രശംസിച്ചതാണ് പരിഹാസത്തിന്റെ മുഖ്യവിഷയം.
ഇത് കൂടാതെ ഫോട്ടോ പതിച്ച വോട്ടർ ഐ.ഡി. ഇല്ലാതെ എങ്ങനെയാണ് യു.എസ് തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന് ഗ്യാനേഷ് കുമാർ യു.എസ് ഉദ്യോഗസ്ഥരോട് ചോദിച്ചതായും ട്രംപ് പറഞ്ഞിരുന്നു. അന്നതിനെ പരിഹാസപൂർവം നേരിട്ട കോൺഗ്രസ് വക്താവ് പവൻ ഖേര ‘ബഹുമാനപ്പെട്ട ട്രംപ്, ദയവായി ഗ്യാനേഷ് കുമാറിനെ അമേരിക്കയിലേക്ക് കൊണ്ടുപോകൂ’ എന്ന് എക്സിൽ കുറിച്ചിരുന്നു. ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി പരാജയപ്പെടുകയും ട്രംപ് തോൽവി സമ്മതിക്കുകയും ചെയ്തതോടെയാണ് സോഷ്യൽ മീഡിയ ഇതേ പരിഹാസമേറ്റെടുത്തത്.

