കരാറിനുള്ള ഏറ്റവും നല്ല അവസരം ഇതാണ്, തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായാൽ ട്രംപ് പ്രതികാരം തീർത്തേക്കാം; ഇറാന് മുന്നറിയിപ്പ്
text_fieldsവാഷിങ്ടൺ: യു.എസിൽ അടുത്ത ആഴ്ച നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ഭരണ കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയുണ്ടായാൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന്മേൽ വലിയ തോതിലുള്ള സൈനിക നടപടിക്ക് അനുമതി നൽകാൻ കൂടുതൽ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്."അദ്ദേഹത്തിന് അപമാനമോ അവഗണനയോ തോന്നിയാൽ, അദ്ദേഹം ശക്തമായ എന്തെങ്കിലും ചെയ്യും," ഒരു യു.എസ് ഉദ്യോഗസ്ഥൻ 'ആക്സിയോസിനോട്' പറഞ്ഞു. ഇറാനിയൻ ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിക്കുന്നുണ്ടെന്നും, കരാറിനുള്ള ഏറ്റവും നല്ല അവസരം ഇപ്പോഴാണെന്ന് അവരോട് പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഈ വാദങ്ങൾ തള്ളിക്കളഞ്ഞ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ, തിരഞ്ഞെടുപ്പ് ഫലങ്ങൾ ഇറാനെ സംബന്ധിച്ച ട്രംപിന്റെ തീരുമാനങ്ങളെ സ്വാധീനിക്കില്ലെന്ന് വ്യക്തമാക്കി.യു.എസും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിനായി ഖത്തർ മാധ്യസ്ഥർ വെള്ളിയാഴ്ച 12 മണിക്കൂറിലധികം ടെഹ്‌റാനിൽ ചെലവഴിക്കുകയും വൈറ്റ് ഹൗസുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ഒരു നയതന്ത്ര വൃത്തം ഇതിനെ "ഗുണകരമായ പുരോഗതി" എന്ന് വിശേഷിപ്പിച്ചു. ശനിയാഴ്ച ദോഹയിൽ ചർച്ചകൾ തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
പരസ്പരവിരുദ്ധമായ ആവശ്യങ്ങൾ കാരണം ചർച്ചകൾ സ്തംഭിച്ചിരിക്കുകയാണ്. ചർച്ചകളിലേക്ക് മടങ്ങണമെങ്കിൽ ഇറാൻ ആണവ പദ്ധതികളിൽ നിന്ന് പിന്മാറണമെന്നാണ് യു.എസിന്റെ ആവശ്യം. എന്നാൽ യുഎസ് ആദ്യം നാവിക ഉപരോധം നീക്കണമെന്നും മരവിപ്പിച്ച ഫണ്ട് റിലീസ് ചെയ്യണമെന്നും എണ്ണ വിൽപ്പന അനുവദിക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നു.
പരിമിതമായ ഉപരോധ ഇളവുകൾ നൽകുന്നതിന് പകരമായി, ബോംബാക്രമണത്തിനിരയായ ആണവ കേന്ദ്രങ്ങളിലേക്ക് യു.എൻ പരിശോധകരെ പ്രവേശിക്കാൻ അനുവദിക്കണമെന്ന് ഖത്തർ ഇറാനോട് ആവശ്യപ്പെടുന്നതായി റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ഏതെങ്കിലും തരത്തിലുള്ള കരാറിനോട് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇറാൻ നേതൃത്വത്തെ കൂടുതൽ ദുർബലപ്പെടുത്തുന്നതിനെയാണ് അവർ അനുകൂലിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, പ്രത്യേക ദൂതന്മാരായ സ്റ്റീവ് വിറ്റ്‌കോഫ്, ജാരേഡ് കുഷ്നർ എന്നിവർ ചർച്ചകൾ പുനരാരംഭിക്കുന്നതിനെ പിന്തുണയ്ക്കുന്നു.
ഫെബ്രുവരി 28-ന് യുഎസും ഇസ്രായേലും ചേർന്ന് ഇറാനിൽ ആക്രമണം നടത്തിയതോടെയാണ് മേഖല സംഘർഷത്തിലേക്ക് നീങ്ങിയത്. ജൂണിൽ യു.എസും ഇറാനും തമ്മിൽ സമാധാന ധാരണയിൽ ഒപ്പുവെച്ചിരുന്നെങ്കിലും വ്യവസ്ഥകൾ പാലിച്ചില്ലെന്ന് ആരോപിച്ച് ഇരുപക്ഷവും കരാറിൽ നിന്ന് പിന്മാറുകയായിരുന്നു.

