സൊഹ്റാൻ മംദാനിയുടെ ആശയങ്ങളോട് യോജിപ്പ്, അദ്ദേഹത്തെ സഹായിക്കും; ന്യൂയോർക്ക് മേയറെ പ്രശംസിച്ച് ട്രംപ്
text_fieldsവാഷിങ്ടൺ: സൊഹ്റാൻ മംദാനിയെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ്-ഹൗസിൽ വെള്ളിയാഴ്ച നടന്ന കൂടിക്കാഴ്ചക്കിടെയാണ് ട്രംപ് മംദാനിയെ പ്രശംസിച്ചത്. മംദാനിയുമായുള്ള ബന്ധത്തിൽ മാറ്റം വരുത്തുന്നുവെന്ന സൂചനയാണ് ട്രംപ് നൽകിയത്.
മംദാനിയുടെ അഭ്യർഥനമാനിച്ചാണ് വൈറ്റ്ഹൗസിൽ ട്രംപ് കൂടിക്കാഴ്ചക്ക് സമ്മതിച്ചത്. ന്യൂയോർക്കിലെ ജീവിതച്ചെലവ് ഉയരുന്നതും പൊതുസുരക്ഷ വിഷയങ്ങളും ട്രംപിനെ അറിയിക്കാൻ അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചിരിന്നു. മംദാനിയെ കണ്ടിരുന്നു. അദ്ദേഹം എന്നെ ആശ്ചര്യപ്പെടുത്തി. ന്യൂയോർക്കിൽ കുറ്റകൃത്യം ഇല്ലാതാക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. വാടക കുറക്കുകയെന്നും മംദാനിയുടെ ലക്ഷ്യമാണ്. എല്ലാകാര്യങ്ങളും താൻ അംഗീകരിക്കുകയാണെന്ന് ട്രംപ് പറഞ്ഞു.
ഞാൻ പത്രങ്ങളും അതിലെ വാർത്തകളും വായിക്കുന്നു. പക്ഷേ അതൊന്നും എനിക്ക് കേൾക്കാൻ കഴിയുന്നില്ല. മംദാനിയുടെ ഭാഗത്ത് നിന്ന് പോസിറ്റീവായ ഒരു നീക്കമാണ് ഉണ്ടായത്. ന്യൂയോർക്കിനെ ഇനിയും മഹത്തരമാക്കുകയാണ് തന്റെ ലക്ഷ്യം. ന്യൂയോർക്ക് നഗരത്തിൽ നിന്നാണ് താൻ വന്നതെന്നും നഗരത്തെ സ്നേഹിക്കുകയാണെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.
മംദാനിയെ അഭിനന്ദിച്ച ട്രംപ് ഒരുപാട് കാര്യങ്ങളിൽ പരസ്പരം യോജിപ്പിലെത്താൻ സാധിച്ചിട്ടുണ്ടെന്നും അറിയിച്ചു. ചർച്ച പ്രൊഡക്ടീവായിരുന്നുവെന്നും മംദാനിയും പ്രതികരിച്ചു. ന്യൂയോർക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇതാദ്യമായാണ് ഡോണൾഡ് ട്രംപുമായി സൊഹ്റാൻ മംദാനി കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ ദിവസവും മംദാനിയെ വിമർശിക്കുന്ന സമീപനമാണ് വൈറ്റ് ഹൗസ് സ്വീകരിച്ചത്. ഒരു കമ്യൂണിസ്റ്റ് മേയർ വൈറ്റ് ഹൗസിലേക്ക് എത്തുന്നുവെന്നായിരുന്നു മംദാനിയുടെ വരവിനെ കുറിച്ച് പ്രസ് സെക്രട്ടറിയുടെ പ്രതികരണം.
ട്രംപ് ഫാഷിസ്റ്റാണോ?
ട്രംപിനെ ഫാഷിസ്റ്റായി കാണുന്നുണ്ടോ എന്ന ചോദ്യം സംയുക്ത വാർത്തസമ്മേളനത്തിൽ വന്നപ്പോൾ മംദാനി ഒരു നിമിഷം നിശ്ശബ്ദനായി. പിന്നീട്, മംദാനി മറുപടി പറയാൻ തുടങ്ങിയ ഉടനെ ട്രംപ് ഇടപെട്ടു. ചോദ്യത്തെ ചിരിച്ചുതള്ളി ഒഴിവാക്കാനായിരുന്നു ശ്രമം. ‘ഞാൻ സംസാരിച്ചിട്ടുണ്ട്’’ എന്ന് പറഞ്ഞ് മറുപടി തുടങ്ങിയ മംദാനിയെ ട്രംപ് തന്ത്രത്തിൽ തടസ്സപ്പെടുത്തി. ‘സാരമില്ല, നിങ്ങൾക്ക് ‘അതെ’ എന്ന് മാത്രം പറയാം. വിശദീകരിക്കുന്നതിനെക്കാൾ എളുപ്പമാണത്. എനിക്കൊരു പ്രശ്നവുമില്ല’- ട്രംപ് ചിരിച്ചുകൊണ്ട് പറഞ്ഞു. ട്രംപുമായി ഒരുപാട് വിഷയങ്ങളിൽ വിയോജിപ്പുണ്ടെന്നും എന്നാൽ കൂടിക്കാഴ്ച അവയെക്കുറിച്ചായിരുന്നില്ലെന്നും മംദാനി പിന്നീട് വ്യക്തമാക്കി. ‘നിലപാടുകളും കാഴ്ചപ്പാടുകളും ഞങ്ങൾക്ക് രണ്ടുപേർക്കും വ്യത്യസ്തമാണ്. പക്ഷേ, ന്യൂയോർക്കുകാർക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിനെക്കുറിച്ചുള്ള കാര്യങ്ങളാണ് കൂടിക്കാഴ്ചയിൽ ചർച്ചയായത്’ - മംദാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

