കരകയറാനോ കരയുദ്ധമോ? ദുരൂഹ നീക്കവുമായി ട്രംപ്; പശ്ചിമേഷ്യയിലേക്ക് കൂടുതൽ യു.എസ് സൈനികർ
text_fieldsതെഹ്റാൻ/വാഷിങ്ടൺ: കരയുദ്ധമാണോ യുദ്ധവിരാമമാണോ യു.എസിന്റെ മനസ്സിലെന്ന് വ്യക്തമാകാത്ത വിധം നിഗൂഢ നീക്കങ്ങളുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പശ്ചിമേഷ്യൻ സംഘർഷം 28 ദിവസം പിന്നിടവേ, ഇറാനിലെ ഊർജ നിലയങ്ങൾ 10 ദിവസത്തേക്കുകൂടി ആക്രമിക്കില്ലെന്ന് വെള്ളിയാഴ്ച അറിയിച്ച ട്രംപ് മറുവശത്ത് പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനികരെ എത്തിച്ചുകൊണ്ടിരിക്കുകയാണ്.
വെടിനിർത്തൽ നീട്ടി സമാധാന ചർച്ചകൾ സജീവമാക്കുന്നതിനിടെയാണ് സമാന്തരമായുള്ള സൈനിക നീക്കം. യു.എസിന്റെ നീക്കം മുൻകൂട്ടിക്കണ്ട് ഇറാനും അതിജാഗ്രതയിലാണ്. മറുതന്ത്രമെന്ന നിലയിൽ, ഹുർമുസിൽ ഇനി ശത്രുരാജ്യങ്ങളുടെ കപ്പലുകൾ പ്രവേശിപ്പിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. അതേസമയം, മേഖലയിൽ ആക്രമണ-പ്രത്യാക്രമണങ്ങളും ശക്തമായി തുടരുകയാണ്. ഇറാനിലും ലബനാനിലുമായി 24 മണിക്കൂറിനിടെ 80ലധികം പേർ കൊല്ലപ്പെട്ടു. ഇറാനുമായി സമാധാന ചർച്ച നല്ല നിലയിൽ തുടരുന്ന സാഹചര്യത്തിൽ ഊർജനിലയങ്ങൾക്കുനേരെയുള്ള വെടിനിർത്തൽ പത്തുദിവസം കൂടി നീട്ടുന്നുവെന്നാണ് കഴിഞ്ഞദിവസം ട്രംപ് ‘ട്രൂത്തി’ൽ കുറിച്ചത്. ഇറാന്റെ അഭ്യർഥന കൂടി പരിഗണിച്ചാണിതെന്നും അവർ ആവശ്യപ്പെട്ടതിനേക്കാൾ മൂന്ന് ദിവസം അധികമായി നൽകുകയാണെന്നും ട്രംപ് പറയുന്നു.
ഈ പ്രസ്താവനക്കുപിന്നാലെയാണ്, പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനികരെ അയക്കാനുള്ള നീക്കം വൈറ്റ്ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 10,000 സൈനികരെ അയക്കുന്നതായാണ് റിപ്പോർട്ട്. കരയാക്രമണത്തിന് ട്രംപിന് പദ്ധതിയുള്ളതായും അതിനുള്ള ഒരുക്കങ്ങൾക്കാണ് പത്തുദിവസത്തെ വെടിനിർത്തൽ എന്നും വാൾസ്ട്രീറ്റ് ജേർണൽ വിലയിരുത്തുന്നു.
അതേസമയം, വീട്ടുവീഴ്ചക്കില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് ഇറാൻ. ഹുർമുസിൽ പ്രതിരോധം കടുപ്പിച്ച ഇറാൻ ഇസ്രായേലിനും ഗൾഫ് രാജ്യങ്ങൾക്കുമെതിരായ പ്രത്യാക്രമണവും ശക്തമാക്കി. സൗദി തലസ്ഥാനമായ റിയാദിനെ പ്രത്യേകം ലക്ഷ്യംവെക്കുമെന്ന് ഇറാൻ സേന പറഞ്ഞു. തെൽ അവീവിൽ ഇന്നലെയും മിസൈൽ ആക്രമണങ്ങൾ നടന്നു. മറുവശത്ത്, പ്രശ്ന പരിഹാര ശ്രമം തുടരുന്നതായി പാകിസ്താൻ പറയുന്നു. ചൈനീസ് വിദേശകാര്യ മന്ത്രിയുൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയിട്ടുെണന്നെും ഈ മാസം അവസാനത്തോടെ സമാധാന കരാറിലേക്ക് എത്താൻ കഴിയുമെന്ന് പാക് വിദേശകാര്യ മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

