ഖത്തറിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധവേണമെന്ന് നെതന്യാഹുവിനോട് ട്രംപ്: ‘ഹമാസിനെതിരെ പ്രവർത്തിച്ചോളൂ, പക്ഷേ, ഖത്തർ നമ്മുടെ മഹത്തായ സഖ്യകക്ഷി’
text_fieldsന്യൂജേഴ്‌സി: ഖത്തറിന്റെ കാര്യത്തിൽ ഇടപെടുമ്പോൾ കൂടുതൽ ശ്രദ്ധാലുവായിരിക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനോട് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ന്യൂജേഴ്‌സിയിലെ മോറിസ്‌ടൗൺ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ഖത്തറിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം. ഹമാസ് നേതാക്കൾ താമസിച്ച കെട്ടിടത്തിന് നേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടിരുന്നു.
‘ദോഹ ആക്രമണത്തെ കുറിച്ച് നെതന്യാഹുവിനോട് എന്തെങ്കിലും പറയാനുണ്ടോ’ എന്ന് മാധ്യമപ്രവർത്തകൻ ട്രംപിനോട് ചോദിച്ചപ്പോൾ ‘വളരെ വളരെ ശ്രദ്ധാലുവായിരിക്കണം എന്നതാണ് എന്റെ സന്ദേശം. അവർ ഹമാസിനെതിരെ ചെയ്യട്ടെ, പക്ഷേ ഖത്തർ അമേരിക്കയുടെ മഹത്തായ സഖ്യകക്ഷിയാണ്’ -എന്നായിരുന്നു മറുപടി.
വെള്ളിയാഴ്ച ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായി അത്താഴവിരുന്നിൽ ട്രംപ് പങ്കെടുത്തിരുന്നു‘അത്ഭുതകരമായ വ്യക്തിയാണ് അദ്ദേഹം’ എന്നായിരുന്നു ട്രംപ് എന്ന് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയെ വിശേഷിപ്പിച്ചത്. ആളുകൾ ഖത്തറിനെക്കുറിച്ച് വളരെ മോശമായി സംസാരിക്കുന്നത് ഒഴിവാക്കാൻ മികച്ച പബ്ലിക് റിലേഷൻ സംവിധാനം ഖത്തർ ഉണ്ടാക്കണമെന്ന് ട്രംപ് പറഞ്ഞു.
അതിനിടെ, ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര അറബ് -ഇസ്‌ലാമിക് ഉച്ചകോടി ഇന്ന് ദോഹയിൽ നടക്കും. ഇന്നലെ രാവിലെ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുടെ അധ്യക്ഷതയിലാണ് അറബ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗം ആരംഭിച്ചത്. ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപറേഷനിലെ (ഒ.ഐ.സി) നേതാക്കളും 22 അംഗ അറബ് ലീഗിലെ നേതാക്കളുമാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെയുള്ള പ്രതികരണമായി നയതന്ത്ര ബന്ധങ്ങൾ വിഛേദിക്കുന്നത് അടക്കം ശക്തമായ തീരുമാനങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന. വ്യാപാര നിയന്ത്രണങ്ങൾ ഉൾപ്പെടെ ഇസ്രായേലിനെതിരെ സമ്മർദം ചെലുത്താൻ അറബ് രാജ്യങ്ങൾ മുന്നോട്ടുവന്നേക്കാമെന്നും കരുതുന്നു. ഇസ്രായേലിനെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് ഖത്തർ നേരത്തേ അറിയിച്ചിരുന്നു. ഫലസ്തീനിൽ തുടങ്ങി ഖത്തറിൽ വരെ എത്തിനിൽക്കുന്ന, അറബ് ലോകത്തിനെതിരായ ഇസ്രായേൽ ആക്രമണങ്ങളുടെ പരമ്പരയുടെ പശ്ചാത്തലത്തിലാണ് ദോഹയിലെ അറബ് -ഇസ്‌ലാമിക് ഉച്ചകോടി നടക്കുന്നതെന്നും അടിയന്തര നടപടികളുണ്ടാകുമെന്നുമാണ് ഇതുസംബന്ധിച്ച് രാഷ്ട്രീയ വിദഗ്ധർ പ്രകടിപ്പിക്കുന്നത്.
ആക്രമണത്തിനുശേഷം യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് അടക്കം വിവിധ രാജ്യങ്ങളുടെ തലവന്മാർ ഖത്തറിൽ നേരിട്ടെത്തി ഐക്യാദാർഢ്യമറിയിച്ചിരുന്നു. ഇസ്രായേലിനെ ഒറ്റപ്പെടുത്താനും ഖത്തറിന്റെ നിലപാടുകൾ വിശദീകരിക്കാനും ലക്ഷ്യമിട്ട് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൽ ബിൻ ജാസിം ആൽഥാനി അമേരിക്കയിലെത്തി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പശ്ചിമേഷ്യൻ ദൂതൻ സ്റ്റീവ് വിറ്റ്കോഫ് എന്നിവരുമായി കൂടിക്കാഴ്ചയും നടത്തി.
രാജ്യത്തിന്റെ പരമാധികാരത്തിനുനേരെയുള്ള ആക്രമണത്തിനെതിരെ ആഗോളതലത്തിൽ പിന്തുണ ആർജിക്കുന്നതിന് ഖത്തർ നയതന്ത്ര ശ്രമങ്ങൾ തുടരുന്നുണ്ട്. ആക്രമണത്തിനു പിന്നാലെ ആഗോളതലത്തിൽ ഖത്തറിന് വലിയ പിന്തുണ ലഭിച്ചിരുന്നു. യു.എൻ രക്ഷസമിതിയിൽ ഖത്തറിനെ പിന്തുണച്ചും യു.എസ് അടക്കം 15 അംഗരാജ്യങ്ങളും ഒന്നിച്ചു പ്രസ്താവനയിറക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

