''ട്രംപിനിപ്പോൾ കൂട്ട് കടുത്ത ഏകാന്തതയും ദുഃഖവും'' -വൈറ്റ്ഹൗസിലെ അവസാന നിമിഷങ്ങൾ വിവരിച്ച് മാധ്യമപ്രവർത്തകൻ
text_fieldsന്യൂയോർക്ക്: ഇനിയൊരിക്കൽ കൂടി അവസരം ലഭിക്കുമെന്ന പ്രതീക്ഷയുടെ സ്വർഗത്തിലിരിക്കെ ജനം വോട്ടുകുത്തി താഴെയിട്ട ട്രംപിെൻറ അവസാന നിമിഷങ്ങൾ അതീവ ദുഃഖിതവും ഏകാന്തവുമായിരുന്നുവെന്ന് മുതിർന്ന അമേരിക്കൻ മാധ്യമ പ്രവർത്തകെൻറ മൊഴി. ട്രംപ് പ്രസിഡൻറായിരിക്കെ ഉടനീളം ഒപ്പം സഞ്ചരിക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്ത സി.എൻ.എൻ സീനിയർ റിപ്പോർട്ടർ ജിം അക്കോസ്റ്റയുടെയാണ് വെളിപ്പെടുത്തൽ. ജോ ബൈഡൻ അധികാരമേറ്റ ബുധനാഴ്ച രാവിലെ വൈറ്റ്ഹൗസിൽനിന്ന് പടിയിറങ്ങി നാടുപിടിക്കാനായി ജോയിൻറ് ബേസ് ആൻഡ്രൂസിൽ വിമാനമേറാൻ നിൽക്കുേമ്പാൾ വിട നൽകാനുണ്ടായിരുന്നത് 200 ഓളം പേർ മാത്രം. കുടുംബവും അക്കോസ്റ്റ ഉൾപെടെ മാധ്യമ പ്രവർത്തകരും അനുഗമിച്ച് എയർ ഫോഴ്സ് വൺ വിമാനത്തിലായിരുന്നു പിന്നീട് േഫ്ലാറിഡ ലക്ഷ്യമിട്ട് യാത്ര.
''ദുഃഖം കിനിയുന്ന ദയനീയ കാഴ്ചയായിരുന്നു അത്''- അക്കോസ്റ്റ ഓർക്കുന്നു. ''ഇത്രയും ഖിന്നനായി പ്രസിഡൻറ് പദവി കാലയളവിൽ ഒരിക്കൽ പോലും കണ്ടിട്ടില്ല''. സി.എൻ.എൻ ചാനലിൽ അമേരിക്കൻ രാഷ്ട്രീയവും നേതാക്കളെയും കൈകാര്യം ചെയ്യുന്നതിൽ ഒന്നാം നിരയിലുള്ള അക്കോസ്റ്റ ഉടനീളം ട്രംപിനൊപ്പമായിരുന്നിട്ടും വലിയ മാറ്റം അദ്ഭുതപ്പെടുത്തിയെന്ന് പറയുന്നു. ജനുവരി ആറിന് ഭരണസിരാ കേന്ദ്രമായ യു.എസ് കാപിറ്റോളിൽ തെമ്മാടിക്കൂട്ടത്തെ ഇളക്കിവിട്ട് നിരവധി പേരുടെ മരണത്തിനും ലോകത്തിനു മുന്നിൽ അമേരിക്ക നാണംകെടാനും ഇടയാക്കിയ സംഭവമാണ് അമേരിക്കയെ മൊത്തത്തിൽ ട്രംപിനെതിരാക്കിയതെന്നാണ് അക്കോസ്റ്റയുടെ പക്ഷം. ഇല്ലായിരുന്നുവെങ്കിൽ യാത്ര രാജകീയമാക്കാനാകുമായിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായിരുന്നു ശ്രമമെങ്കിലും അത് നടന്നില്ലെന്ന് മാത്രമല്ല, നീണ്ടകാലം ട്രംപിൽ വിശ്വാസമർപിച്ച അണികളിൽ മഹാഭൂരിപക്ഷവും ശത്രുവായി അദ്ദേഹത്തെ കാണുന്നതിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്തു.
''ട്രംപ് പ്രസിഡൻസിയുടെ ദുർമുഖം അവിടെ പൂർത്തിയാകുകയായിരുന്നു. നാല്- അഞ്ച് വർഷമെടുത്ത് വൈറ്റ്ഹൗസിലിരുന്ന് പ്രസിഡൻറ് നിർമിതി പൂർത്തിയാക്കിയ കുപ്രചാരണ ദുർമേതസ്സ് അങ്ങനെ അനാവരണം ചെയ്യപ്പെട്ടു''- അക്കോസ്റ്റയുടെ വാക്കുകൾ. കാപിറ്റോൾ കലാപത്തോടെ, ട്വിറ്ററിൽ ട്രംപിന് വിലക്കുവീണു. ഒന്നുരണ്ട് വിഡിയോ മെസ്സേജുകൾ മാറ്റിനിർത്തിയാൽ പുറംലോകത്തോടുള്ള വീരസ്യങ്ങളും അതോടെ അവസാനിച്ചു. പിന്നീട് മുഴങ്ങി കേട്ടത് ജോയിൻറ് ബേസ് ആൻഡ്രൂസിൽ പറഞ്ഞ ഒന്നുരണ്ട് വാക്കുകൾ മാത്രം. പൊതു മണ്ഡലത്തിൽ തുടിച്ചുപറന്ന ട്രംപിനിത് അസാധാരണമായ മൗനവൃത കാലം.
വൈറ്റ്ഹൗസിനു പുറത്താകുന്നതോടെ ട്രംപിനെയും തിരഞ്ഞ് മാധ്യമങ്ങൾ പായുന്ന ആ കാലവും അസ്തമിക്കും. ഫോക്സ് ഉൾപെടെ മുൻനിര ചാനലുകൾ േഫ്ലാറിഡയിൽ ട്രംപ് പറയുന്നതു കേൾക്കാൻ ആളെ നിർത്തേണ്ടെന്നുവരെ തീരുമാനമെടുത്തുകഴിഞ്ഞു.പക്ഷേ, ഏറെ കാലം മൗനീബാബയായി തുടരാൻ ട്രംപിനാകില്ലെന്ന് അക്കോസ്റ്റ പറയുന്നു.
''ഇത് താത്കാലികം മാത്രം. ട്രംപിനെ വൈറ്റ്ഹൗസിലേക്കയച്ച ആൾക്കൂട്ട രാഷ്ട്രീയ ശക്തികൾ ഇനിയും തിരിച്ചുവരാൻ ശേഷിയുള്ളവരാണ്. ഇനിയും ഇത്തരം ശക്തികളുടെ ബലത്തിൽ രാജ്യത്ത് വിഘടന രാഷ്ട്രീയം ട്രംപ് തുടരുക തന്നെ ചെയ്യും''.പക്ഷേ, അവസാന നാളുകളിൽ ജനം തിരിഞ്ഞുനോക്കാതായതു കൂട്ടിവായിച്ചാൽ വലിയ ആൾക്കൂട്ടം ഇനിയും രാഷ്ട്രീയം കൂടാൻ അദ്ദേഹത്തിനു പിന്നാലെയുണ്ടാകണമെന്നില്ല. പ്രസിഡൻറ് പദവി വീണ്ടെടുക്കാനുമാകില്ല. അംഗീകാരമായ ഇംപീച്ച്മെൻറ് സെനറ്റിൽ പരാജയപ്പെട്ടാലേ സാധ്യതകൾ തന്നെയുള്ളൂ.
''ഇനി ഒന്നും നേരെ പോകാൻ സാധ്യത കാണുന്നില്ല''- അക്കോസ്റ്റ കട്ടായം പറയുന്നു. അധികാരം പോയെങ്കിലും നുണകളുടെ സുൽത്താനാണ് ട്രംപെന്നതിന് മാറ്റമില്ലെന്നും അക്കോസ്റ്റ.'എന്നല്ല, സ്വന്തം മുറിവുകൾ നുണഞ്ഞ് മാർ-എ-ലാഗോയിൽ കഴിയുേമ്പാഴും അയാൾ രാഷ്ട്രത്തിന് ഭീഷണി തന്നെയാണ്''. വസ്തുതകൾ പരിശോധിക്കുന്നവർ പണി നിർത്താറായിട്ടില്ല. ഈ നീക്കവും കൃത്യമായി പരിശോധനക്കു വിധേയമാകണം. ട്രംപ് പോയിട്ടുണ്ടാകാം, ട്രംപിസം പക്ഷേ, അവിടെത്തന്നെയുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

