Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ട്രംപ് പരാജയപ്പെട്ട പ്രസിഡന്റ്'; ഇത് ഒസോഫിന്റെ രണ്ടാമൂഴം, റിപ്പബ്ലിക്കന്മാർക്ക് തിരിച്ചടി

text_fields
bookmark_border
ട്രംപ് പരാജയപ്പെട്ട പ്രസിഡന്റ്; ഇത് ഒസോഫിന്റെ രണ്ടാമൂഴം, റിപ്പബ്ലിക്കന്മാർക്ക് തിരിച്ചടി
cancel

വാഷിങ്ടൺ: ട്രംപിനെ 'പരാജയപ്പെട്ട പ്രസിഡന്റ്' എന്ന് പരസ്യമായി വിമർശിച്ച് ശ്രദ്ധേയനായ ജോർജിയ സംസ്ഥാനത്തുനിന്ന് യു.എസ് സെനറ്റിലേക്ക് മത്സരിച്ച ഡെമോക്രാറ്റിക് സെനറ്റർ ജോൺ ഒസോഫ് വീണ്ടും തകർപ്പൻ വിജയം നേടി തന്റെ സീറ്റ് നിലനിർത്തി.

യു.എസ് സെനറ്റിന്റെയും പ്രതിനിധി സഭയുടെയും ഭൂരിപക്ഷം തിരിച്ചുപിടിക്കാനുള്ള ഡെമോക്രാറ്റുകളുടെ പോരാട്ടത്തിന് വലിയ ഊർജ്ജമാണ് ഒസോഫിന്റെ വിജയം നൽകിയിരിക്കുന്നത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് യു.എസ് ഇടക്കാല (മിഡ്‌ടേം) തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി ശക്തമായ മുന്നേറ്റം തുടരുകയാണ്. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ മൈക്ക് കോളിൻസിനെ പരാജയപ്പെടുത്തിയാണ് 39-കാരനായ ഒസോഫ് രണ്ടാമൂഴം ഉറപ്പിച്ചത്. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ച ജോർജിയയിൽ ഒസോഫിന്റെ വിജയം ഡെമോക്രാറ്റുകൾക്ക് നിർണ്ണായകമായിരുന്നു. രണ്ടാം തവണയും വൈറ്റ് ഹൗസിലെത്തിയ ട്രംപിന്റെ നയങ്ങൾക്കെതിരെ ഉയർന്ന ശക്തമായ ജനവികാരമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നത്.

ട്രംപ് ഭരണത്തിന് ജനങ്ങളുടെ തിരിച്ചടി

ഈ ഇടക്കാല തെരഞ്ഞെടുപ്പ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഭരണത്തിന്റെ ജനപ്രീതി അളക്കുന്ന വോട്ടെടുപ്പായാണ് വിലയിരുത്തപ്പെടുന്നത്. ജീവിതച്ചെലവുകൾ കുതിച്ചുയർന്നതും, ട്രംപ് ഏർപ്പെടുത്തിയ തീരുവകളും , പശ്ചിമേഷ്യയിൽ ഇറാനെതിരെയുള്ള യുദ്ധത്തെത്തുടർന്ന് ഇന്ധനവില വർദ്ധിച്ചതും അമേരിക്കൻ ജനതയെ വലിയ തോതിൽ ദുരിതത്തിലാക്കിയിരുന്നു. ട്രംപിന്റെ ജനപ്രീതി മുപ്പത് ശതമാനത്തിലേക്ക് താഴേക്ക് പതിച്ച പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

അമേരിക്കൻ ജനപ്രതിനിധി സഭയിലെ മുഴുവൻ 435 സീറ്റുകളിലേക്കും സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. കൂടാതെ 36 സംസ്ഥാനങ്ങളിൽ ഗവർണർ തെരഞ്ഞെടുപ്പും പൂർത്തിയായി. പ്രതിനിധി സഭയിൽ കേവലം 3 സീറ്റുകളും സെനറ്റിൽ 4 സീറ്റുകളും അധികമായി നേടിയാൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് ഇരുസഭകളുടെയും ഭരണം പിടിച്ചെടുക്കാൻ ഡെമോക്രാറ്റുകൾക്ക് കഴിയും.

പ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടിയാൽ ട്രംപിന്റെ ലെജിസ്ലേറ്റീവ് അജണ്ടകൾ പൂർണ്ണമായി തടസ്സപ്പെടും. ഭരണകൂടത്തിന്റെ സാമ്പത്തിക തീരുമാനങ്ങളിലും നയങ്ങളിലും കർശന പരിശോധനകൾ നടത്താനും അന്വേഷണങ്ങൾ പ്രഖ്യാപിക്കാനും ഡെമോക്രാറ്റുകൾക്ക് അധികാരമുണ്ടാകും. സെനറ്റ് ഭൂരിപക്ഷം നഷ്ടപ്പെടുന്നത് സുപ്രീം കോടതി ജഡ്ജിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നിയമനങ്ങളിൽ ട്രംപിന് തിരിച്ചടിയാകും.

2020-ൽ റിപ്പബ്ലിക്കൻ നേതാവ് ഡേവിഡ് പെർഡ്യൂവിനെ അട്ടിമറിച്ച് സെനറ്റിലെത്തിയ ജോൺ ഒസോഫ്, അന്നുമുതൽ ട്രംപിന്റെ കടുത്ത വിമർശകനായിരുന്നു. ട്രംപ് അനുകൂലികളുടെ കാപ്പിറ്റോൾ ആക്രമണ സംഭവത്തിന് ശേഷം ശക്തമായ രാഷ്ട്രീയ നിലപാടുകളിലൂടെ ജന ശ്രദ്ധനേടിയ ഒസോഫിന്റെ വിജയം രാജ്യത്തുടനീളമുള്ള ഡെമോക്രാറ്റിക് തരംഗത്തിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഡെമോക്രാറ്റുകൾ വൻ മുന്നേറ്റം തുടരുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'Trump is a Failed President'; This is Ossoff's Second Term, a Blow to Republicans
Next Story