ട്രംപ് നാളെ സൗദിയിൽ; ഗസ്സ വെടിനിർത്തൽ ചർച്ചയാകും
text_fieldsഡോണൾഡ് ട്രംപും മുഹമ്മദ് ബിൻ സൽമാനും
വാഷിങ്ടൺ: ഇസ്രായേൽ ഗസ്സ ആക്രമണം ശക്തമാക്കിയിരിക്കെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സൗദി അറേബ്യ സന്ദർശനം ചൊവ്വാഴ്ച തുടങ്ങും. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തുന്ന ട്രംപ്, ഗസ്സ വെടിനിർത്തൽ നിർദേശവും പുനർനിർമാണ പദ്ധതിയും ചർച്ച ചെയ്യും. ഗസ്സയിലെ മാനുഷിക സഹായ വിതരണ പദ്ധതി ഏറ്റെടുക്കാനുള്ള നിർദേശവും അദ്ദേഹം അവതരിപ്പിക്കും.
മുഹമ്മദ് ബിൻ സൽമാനുമായുള്ള കൂടിക്കാഴ്ചയിൽ ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസ്, സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറാ, ലബനാൻ പ്രസിഡന്റ് ജോസഫ് ഔൻ എന്നിവരും പങ്കെടുക്കുമെന്ന് യു.കെയിലെ അൽ ഖുദ്സ് അൽ അറബി പത്രത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ഇതു സംബന്ധിച്ച് മുഹമ്മദ് ബിൻ സൽമാൻ മുന്നോട്ടുവെച്ച നിർദേശം ട്രംപ് അംഗീകരിക്കുകയായിരുന്നു.
രണ്ടാമത് പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായി ട്രംപ് നടത്തുന്ന പശ്ചിമേഷ്യ യാത്രയിൽ ഖത്തറും യു.എ.ഇയും സന്ദർശിക്കുന്നുണ്ട്. അതേസമയം, ഇസ്രായേൽ സന്ദർശനം ഒഴിവാക്കിയുള്ള ട്രംപിന്റെ പശ്ചിമേഷ്യ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിന്റെ സൂചനയല്ലെന്ന് യു.എസ് നയതന്ത്ര പ്രതിനിധി മൈക് ഹുക്കാബി പറഞ്ഞു. ട്രംപിന്റെ പശ്ചിമേഷ്യ സന്ദർശനത്തിന് മുമ്പ് ഗസ്സ വെടിനിർത്തൽ നടപ്പാക്കാൻ യു.എസ് ഉദ്യോഗസ്ഥർ ഇസ്രായേലിന് മേൽ സമ്മർദം ചെലുത്തുന്നതായാണ് വിവരം.
ഇസ്രായേലുമായി ബന്ധം സ്ഥാപിക്കണമെങ്കിൽ ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കണമെന്നാണ് സൗദിയുടെ ഉപാധി. നിലവിൽ ഇസ്രായേലിനെ അംഗീകരിക്കാത്ത രാജ്യമാണ് സൗദി. ഇസ്രായേൽ രാഷ്ട്രത്തെ നിരവധി അറബ് രാജ്യങ്ങൾ അംഗീകരിച്ച അബ്രഹാം കരാർ വിപുലീകരിക്കുകയാണ് ട്രംപിന്റെ സന്ദർശനത്തിലെ പ്രധാന ലക്ഷ്യമെന്ന് പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് വ്യക്തമാക്കിയിരുന്നു.
അബ്രഹാം കരാർ പ്രകാരമാണ് യു.എ.ഇ, ബഹ്റൈൻ, സുഡാൻ, മൊറോക്കോ തുടങ്ങിയ അറബ് രാജ്യങ്ങൾ ഇസ്രായേലിനെ അംഗീകരിച്ചത്. എന്നാൽ, ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കുന്നതിനും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതിനും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു എതിര് നിൽക്കുന്നത് കാരണം റിയാദിൽ നടക്കുന്ന അബ്രഹാം കരാർ വിപുലീകരണ ചർച്ചകളിൽ പുരോഗതി കൈവരിക്കാൻ സാധ്യതയില്ലെന്ന് റോയ്ട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

