Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രംപ് അയർലൻഡിൽ; പ്രതിഷേധ പ്രകടനങ്ങൾ ആസൂത്രണം ചെയ്ത് ആയിരങ്ങൾ

text_fields
bookmark_border
ട്രംപ് അയർലൻഡിൽ; പ്രതിഷേധ പ്രകടനങ്ങൾ ആസൂത്രണം ചെയ്ത് ആയിരങ്ങൾ
cancel

ഡബ്ലിൻ:രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അയർലൻഡിലെത്തി. ഇന്ന് രാവിലെ ഡബ്ലിൻ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്, വിദേശകാര്യ മന്ത്രി ഹെലൻ മക്കെന്റി എന്നിവർ ചേർന്ന് സ്വീകരിച്ചു. അതേസമയം, ഏകീകൃത അയർലൻഡ് ഒരു 'മഹത്തായ കാര്യ'മായിരിക്കുമെന്ന് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചത് അന്താരാഷ്ട്ര തലത്തിൽത്തന്നെ വലിയ ചർച്ചയായിട്ടുണ്ട്. ട്രംപിന്റെ സന്ദർശനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

സന്ദർശനത്തിന്റെ ഭാഗമായി ഐറിഷ് പ്രസിഡന്റ് കാതറിൻ കോണലിയുമായി ട്രംപ് കൂടിക്കാഴ്ച നടത്തി. ഗസ്സ വിഷയം ഉൾപ്പെടെയുള്ള അമേരിക്കൻ നയങ്ങൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള നേതാവാണ് പ്രസിഡന്റ് കോണലി. ട്രംപിന്റെ താരിഫ് നയങ്ങളെ വിമർശിച്ചിട്ടുള്ള കോണലി, കൂടിക്കാഴ്ചയിൽ മിഡിൽ ഈസ്റ്റ് വിഷയം ഉന്നയിക്കണമെന്ന ആവശ്യവുമായി സിൻ ഫെയ്ൻ അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ രംഗത്തുവന്നിരുന്നു. യൂറോപ്യൻ യൂണിയനിലെ ഏറ്റവും ശക്തമായ ഫലസ്തീൻ അനുകൂല നിലപാടുള്ള രാജ്യങ്ങളിലൊന്നാണ് അയർലൻഡ്.

ഡബ്ലിനിലെ ഫീനിക്സ് പാർക്കിലുള്ള യു.എസ് അംബാസഡറുടെ ഔദ്യോഗിക വസതിയിലും വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തു. ചർച്ചകൾക്ക് ശേഷം, കൗണ്ടി ക്ലെയറിലുള്ള അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള 'ട്രംപ് ഇന്റർനാഷണൽ ഗോൾഫ് ലിങ്ക്സ് ആൻഡ് ഹോട്ടൽ ഡൂൺബെഗിൽ' നടക്കുന്ന ആംജെൻ ഐറിഷ് ഓപ്പൺ ഗോൾഫ് ടൂർണമെന്റ് കാണാൻ ട്രംപ് പോകും. ഗോൾഫ് കളിയോട് വലിയ താൽപ്പര്യമുള്ള ട്രംപ്, റോറി മാക്കൽറോയ് ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളുടെ പ്രകടനം കാണാനാണ് പ്രധാനമായും ഡൂൺബെഗിലേക്ക് പോകുന്നത്. മക്കളായ എറിക് ട്രംപും ഡൊണാൾഡ് ട്രംപ് ജൂനിയറും അദ്ദേഹത്തോടൊപ്പമുണ്ട്.

അതേസമയം, ട്രംപിന്റെ സന്ദർശനത്തിനെതിരെ ഡബ്ലിനിലും ഡൂൺബെഗിലും ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന പ്രതിഷേധ പ്രകടനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. സുരക്ഷ മുൻനിർത്തി അമേരിക്കൻ എംബസിക്ക് ചുറ്റും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ട്രംപിന്റെ യാത്രാപദ്ധതിയിൽ എംബസി സന്ദർശനം ഉൾപ്പെടുത്തിയിട്ടില്ല.

അമേരിക്കയും അയർലൻഡും തമ്മിലുള്ള ദൃഢമായ സാമ്പത്തിക, സാംസ്കാരിക ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ സന്ദർശനം സഹായിക്കുമെന്ന് പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ വ്യക്തമാക്കി. 2019-ലും 2023-ലും ട്രംപ് അയർലൻഡ് സന്ദർശിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ട്രംപ് അയർലൻഡിൽ; പ്രതിഷേധ പ്രകടനങ്ങൾ ആസൂത്രണം ചെയ്ത് ആയിരങ്ങൾ
Next Story