വീണ്ടും പുതിയ താരിഫുകളുമായി ട്രംപ്: 60 രാജ്യങ്ങൾക്ക് മേൽ ഇരട്ടയക്ക നികുതി ചുമത്തി, ഇന്ത്യക്ക് 10 ശതമാനം
text_fieldsവാഷിങ്ടൺ: അമേരിക്കൻ സുപ്രീം കോടതിയിൽ നിന്ന് ഏറ്റ തിരിച്ചടിക്ക് പിന്നാലെ, രാജ്യത്തിന്റെ വ്യാപാര നയങ്ങൾ കർശനമാക്കിക്കൊണ്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുതിയ ഇരട്ടയക്ക താരിഫുകൾ പ്രഖ്യാപിച്ചു. ചൈനയും ഇന്ത്യയും ഉൾപ്പെടെയുള്ള പ്രധാന വ്യാപാര പങ്കാളികളായ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്കാണ് യു.എസ് പുതിയ തീരുവ ഏർപ്പെടുത്തിയിരിക്കുന്നത്. നിർബന്ധിത തൊഴിൽ ചൂഷണത്തിലൂടെ നിർമിക്കപ്പെടുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തടയുന്നതിൽ ഈ രാജ്യങ്ങൾ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. ഇതുവഴി അമേരിക്കയുടെ ആകെ ഇറക്കുമതിയുടെ 99 ശതമാനവും പുതിയ നികുതിയുടെ പരിധിയിൽ വരും.
തടവുകാരെക്കൊണ്ടോ മറ്റ് നിർബന്ധിത സാഹചര്യങ്ങളിലോ ജോലി ചെയ്യിപ്പിച്ച് ഉൽപ്പാദിപ്പിക്കുന്ന വസ്തുക്കളുടെ നിരോധനം അമേരിക്ക നൂറ്റാണ്ടുകളായി കർശനമായി നടപ്പിലാക്കുന്നുണ്ടെന്നും, ഇനി ഞങ്ങളുടെ വ്യാപാര പങ്കാളികളും അതേ പാത പിന്തുടരേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും യു.എസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ വ്യക്തമാക്കി. മാനുഷ്യാവകാശ ലംഘനങ്ങൾ തടയുന്നതിനും വിപണിയിലെ അനാരോഗ്യകരമായ മത്സരങ്ങൾ ഒഴിവാക്കുന്നതിനുമാണ് ഈ നടപടിയെന്നും ജാമിസൺ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഫെബ്രുവരിയിൽ അടിയന്തര അധികാരങ്ങൾ ഉപയോഗിച്ച് ട്രംപ് നടപ്പാക്കിയ വ്യാപകമായ താരിഫുകൾ അമേരിക്കൻ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിനെത്തുടർന്ന് താരിഫുകൾ താൽക്കാലികമായി പുനസ്ഥാപിക്കാൻ ട്രംപ് 10 ശതമാനം ആഗോള നികുതി കൊണ്ടുവന്നിരുന്നുവെങ്കിലും, അതിന്റെ കാലാവധി വെള്ളിയാഴ്ച പുലർച്ചെയോടെ അവസാനിച്ചു. ഈ സാഹചര്യത്തിലാണ് നിയമപരമായ സുരക്ഷിതത്വം മുൻനിർത്തി ട്രംപ് 1974ലെ വ്യാപാര നിയമത്തിലെ സെക്ഷൻ 301 പ്രകാരമുള്ള കൂടുതൽ ശക്തമായ താരിഫുകളിലേക്ക് കടന്നിരിക്കുന്നത്.
ഇറക്കുമതി തീരുവകൾ ചുമത്താൻ പ്രസിഡന്റിന് വ്യാപകമായ അധികാരം നൽകുന്നതാണ് സെക്ഷൻ 301 നിയമം. രാജ്യത്തിന്റെ വ്യാപാര താൽപ്പര്യങ്ങൾക്ക് ഹാനികരമായ രീതികൾ സ്വീകരിക്കുന്ന രാഷ്ട്രങ്ങൾക്കെതിരെ ഈ നിയമം ഉപയോഗിച്ച് നടപടിയെടുക്കാം. തൊഴിൽ ചൂഷണം തടയുന്നതിൽ വീഴ്ച വരുത്തിയ രാജ്യങ്ങൾക്ക് 10 ശതമാനം മുതൽ 12.5 ശതമാനം വരെയാണ് പുതിയ തീരുവ ചുമത്തിയിരിക്കുന്നത്. ഇതിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 10 ശതമാനത്തിന്റെ കുറഞ്ഞ നികുതിയാണ് ബാധകമാക്കിയിട്ടുള്ളത്.
അമേരിക്കൻ ഉത്പാദന മേഖലയെ ഉയിർത്തെഴുപ്പിക്കാനും ആഗോള വ്യാപാരക്കമ്മി പരിഹരിക്കാനും ഉയർന്ന താരിഫുകൾ മാത്രമാണ് പോംവഴിയെന്നാണ് ട്രംപിന്റെ വാദം. കോടതി തിരിച്ചടികൾ നൽകിയെങ്കിലും, തന്റെ സുപ്രധാന നയങ്ങൾ നടപ്പിലാക്കാൻ മറ്റ് നിയമപരമായ പഴുതുകൾ തേടി മുന്നോട്ട് പോവുകയാണ് ട്രംപ് ഭരണകൂടം.
എന്നാൽ അമേരിക്കയുടെ ഈ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ വിവിധ രാജ്യങ്ങളിൽ നിന്ന് ശക്തമായ എതിർപ്പുകൾ ഉയർന്നു വരുന്നുണ്ട്. തങ്ങളുടെ രാജ്യത്ത് തൊഴിൽ ചൂഷണം തടയാൻ കൃത്യമായ നിയമങ്ങളുണ്ടെന്നും ഈ താരിഫുകൾക്ക് യാതൊരുവിധ അടിത്തറയുമില്ലെന്നും നോർവെ വ്യക്തമാക്കുകയുണ്ടായി. ആസ്ട്രേലിയയും ബ്രസീലും ഈ നടപടിയെ വിമർശിക്കുകയും താരിഫുകൾ പിൻവലിക്കാൻ ആവശ്യപ്പെടുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഈ നീക്കം ബിസിനസ്സ് മേഖലക്കും അമേരിക്കൻ മത്സരക്ഷമതക്കും തിരിച്ചടിയാകുമെന്ന് ചില പ്രാദേശിക ഭരണാധികാരികളും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
കോടതികളിൽ വീണ്ടും ചോദ്യം ചെയ്യപ്പെടാൻ സാധ്യത കുറവുള്ള സെക്ഷൻ 301 നിയമം ഉപയോഗിച്ചതിലൂടെ, അമേരിക്കൻ ഉത്പാദന മേഖലയെ സംരക്ഷിക്കാനും ആഗോള വ്യാപാരത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനും സാധിക്കുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ഉറച്ച വിശ്വാസം. ഭാവിയിലും കൂടുതൽ രാജ്യങ്ങൾക്കെതിരെ സമാനമായ നടപടികൾ ഉണ്ടാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

