ന്യൂയോർക്ക് ഹഷ് മണി കേസിൽ ഡോണൾഡ് ട്രംപിന് ‘ശിക്ഷയില്ലാ’ ശിക്ഷ?
text_fieldsവാഷിംങ്ടൺ: വിവാദമായ ന്യൂയോർക്ക് ഹഷ്-മണി കേസിൽ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ‘പ്രത്യേക ശിക്ഷ’ ലഭിച്ചേക്കും. എന്നാൽ, ഈ ശിക്ഷ ട്രംപിനെ കുറ്റവാളിയാക്കുമെങ്കിലും നിയമപരമായ വിധിയല്ലാതെ മറ്റൊരു നടപടിയും ഉണ്ടാകില്ലെന്നാണ് സൂചന.
നിയുക്ത പ്രസിഡന്റിന് കാര്യമായ പ്രത്യാഘാതങ്ങളൊന്നും നേരിടേണ്ടിവരില്ലെന്ന് കേസിൽ ഹാജരായ ജഡ്ജി ജുവാൻ മെർച്ചൻ സൂചിപ്പിച്ചു. പ്രതിയെ ‘തടവോ പിഴയോ പ്രൊബേഷൻ മേൽനോട്ടമോ കൂടാതെ’ വിട്ടയക്കുമെന്നും മർച്ചൻ പറഞ്ഞു. ഇതിനെ എതിർക്കുന്നില്ലെന്ന് മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗിന്റെ ഓഫിസ് പ്രതികരിച്ചു.
ട്രംപ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിന് ആഴ്ചകൾക്കുമുമ്പ് ചരിത്രപരവും നാടകീയവുമായ നിയമ നടപടിയാണിത്. കേസിൽ ശിക്ഷ വൈകിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമം സുപ്രീംകോടതി വ്യാഴാഴ്ച തള്ളിയിരുന്നു.
ജനുവരി 20 ന് പ്രസിഡന്റ് സ്ഥാനാരോഹണം നടത്താനിരിക്കുന്ന ട്രംപ്, ഒരു ക്രിമിനൽ വിചാരണ നേരിടുന്ന ആദ്യത്തെ യു.എസ് നിയുക്ത പ്രസിഡന്റാണ്. 2016ലെ തെരഞ്ഞെടുപ്പ് തനിക്കനുകൂലമാക്കാനുള്ള ശ്രമത്തിൽ 34 വ്യാജ രേഖാ ആരോപണങ്ങൾ ആണ് ട്രംപിനെതിരെ ഉയർന്നത്.
നീലചിത്ര നടി സ്റ്റോമി ഡാനിയേൽസുമായുള്ള വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാൻ അവർക്കു പണം നൽകിയെന്നതാണു ഹഷ് മണി കേസ്. ദുരുദ്ദേശ്യത്തോടെ ബിസിനസ് രേഖകളിൽ കൃത്രിമം കാണിച്ചെന്ന കേസിൽ മെയ് 30 ന് ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. സ്റ്റോമി ഡാനിയൽസിന് 130,000 ഡോളർ നൽകിയത് ട്രംപ് മറച്ചുവെച്ചിരുന്നു. കോഹനുമായുള്ള സാമ്പത്തിക ഇടപാടുകൾ രേഖകളിൽ ‘നിയമപരമായ ചെലവുകൾ’ ആയി ട്രംപ് അടയാളപ്പെടുത്തി.
ന്യൂയോർക്ക് സ്റ്റേറ്റ് നിയമപ്രകാരം, തടവോ പിഴയോ മേൽനോട്ടമോ ഇല്ലാതെ ചുമത്തപ്പെട്ട ഒരു ശിക്ഷയാണിത്. ഇതനുസരിച്ച് പ്രതിയുടെ വിടുതലിന് എന്തെങ്കിലും വ്യവസ്ഥകൾ ഏർപ്പെടുത്തുന്നതിലൂടെ ശരിയായ ലക്ഷ്യമൊന്നും നേടാനാവില്ലെന്ന് ന്യായാധിപൻ അഭിപ്രായപ്പെട്ടാൽ അത് ഉചിതമായി സ്വീകരിക്കപ്പെടും. അടിസ്ഥാനപരമായി, ട്രംപിനെ ജയിലിൽ അടക്കുകയോ വൈറ്റ് ഹൗസിലേക്കുള്ള മടങ്ങിവരവിനെ തടസ്സപ്പെടുത്തുന്ന മറ്റേതെങ്കിലും തരത്തിലുള്ള ശിക്ഷ നൽകുകയോ ചെയ്യാതെ തന്നെ പണത്തിന്റെ കേസ് അവസാനിപ്പിക്കാനുള്ള ഒരു മാർഗമാണിത്.
ഇതിനെ ന്യൂയോർക്കിലെ ‘ഇ’ ലെവൽ ക്രിമിനൽ കേസ് എന്ന് വിളിക്കുന്നു. ഏറ്റവും താഴ്ന്ന തലത്തിലുള്ള കുറ്റകൃത്യമായതിനാൽ ഇതിൽ തടവ് നിർബന്ധമാക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

