Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാൻ ആണവ കരാർ...

ഇറാൻ ആണവ കരാർ ഉപേക്ഷിക്കാൻ ട്രംപ്?, ഞെട്ടിക്കുന്ന നീക്കം ഈ പ്രധാന ലക്ഷ്യത്തിന്...

text_fields
bookmark_border
donald trump
cancel

തെഹ്റാൻ/വാഷിങ്ടൺ: ഹുർമുസ് കടലിടുക്ക് തെഹ്റാൻ പൂർണമായി തുറന്നുകൊടുക്കുകയാണെങ്കിൽ, ഇറാനുമായുള്ള ഔദ്യോഗിക ആണവ കരാറിനായുള്ള ശ്രമങ്ങൾ ഉപേക്ഷിക്കാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തയ്യാറായേക്കുമെന്ന് റിപ്പോർട്ട്. പ്രമുഖ അമേരിക്കൻ മാധ്യമമായ ‘വാൾസ്ട്രീറ്റ് ജേർണൽ’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സമ്പൂർണവും അന്തിമവുമായ ഒരു ആണവ കരാറിനായി വാശിപിടിക്കുന്നതിന് പകരം, ഈ നിർണായക എണ്ണ പാതയിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നത് മേഖലയിലെ സൈനിക നടപടി അവസാനിപ്പിക്കുന്നതിനും നിലവിലെ വെടിനിർത്തൽ നീട്ടുന്നതിനുമുള്ള അടിസ്ഥാനമായി സ്വീകരിക്കാൻ ട്രംപ് ഭരണകൂടം തയ്യാറായേക്കാം.

ഇതിനുള്ള തയ്യാറെടുപ്പുകൾ കഴിഞ്ഞ ആഴ്ചകളിൽ ട്രംപ് നടത്തിവരുന്നതായും, പുതിയ ആണവ കരാറില്ലാതെ തന്നെ തനിക്ക് ഈ വിഷയം അവസാനിപ്പിച്ച് മുന്നോട്ടുപോകാൻ കഴിയുമെന്ന് അദ്ദേഹം മുതിർന്ന ഉപദേശകരെ സ്വകാര്യമായി അറിയിച്ചതായും യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതേസമയം, ജലപാത തുറക്കുന്നതിനായി ഇറാൻ കടുത്ത നിബന്ധനകളുടെ ഒരു വലിയ പട്ടികയാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.

ശതകോടിക്കണക്കിന് ഡോളറിന്റെ പണം നൽകുക, യു.എസ് നാവിക ഉപരോധം അവസാനിപ്പിക്കുക, മേഖലയിൽ നിന്നുള്ള അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റം ഉറപ്പാക്കുക, ഇറാനുമേലുള്ള ഉപരോധങ്ങൾ പിൻവലിക്കുക, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ മോചിപ്പിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

ഈ ആവശ്യങ്ങൾ വാഷിങ്ടണിന്റെ നയതന്ത്ര സാധ്യതകളെ സാരമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. പെട്ടെന്നുള്ള ഒത്തുതീർപ്പിനേക്കാൾ നീണ്ടുനിൽക്കുന്ന ഒരു ഏറ്റുമുട്ടലിനാണ് തെഹ്‌റാൻ തയ്യാറെടുക്കുന്നതെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് വാൾസ്ട്രീറ്റ് ജേർണൽ ചൂണ്ടിക്കാണിക്കുന്നു.

ഇറാനും ഒമാനും ഇടയിലുള്ള ഇടുങ്ങിയ സമുദ്രപാതയായ ഹുർമുസ് കടലിടുക്ക് തെഹ്‌റാന്റെ ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. മിസൈൽ, ഡ്രോൺ ആക്രമണങ്ങളിലൂടെ ഈ പാതയിലെ വാണിജ്യ ഗതാഗതം തടസ്സപ്പെടുത്താൻ ഇറാനു കഴിഞ്ഞിട്ടുണ്ട്. ഇത് കപ്പൽ ഗതാഗതം വൈകുന്നതിനും ആഗോള വിപണിയെ പ്രതികൂലമായി ബാധിക്കുന്നതിനും കാരണമായിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിന് ശേഷമാണ് ഇറാൻ ഈ ജലപാത അടച്ചത്. അമേരിക്കൻ യുദ്ധക്കപ്പലുകളും സഖ്യകക്ഷികളുടെ കപ്പലുകളും ഇതുവഴി കടന്നുപോകാൻ പാടില്ലെന്ന് ഇറാൻ കർശനമായി ശഠിക്കുകയും ചെയ്തു.

അതേസമയം, ഈ റൂട്ട് ഉപയോഗിക്കുന്ന വാണിജ്യ കപ്പലുകളിൽ നിന്ന് ടോൾ രൂപത്തിൽ പണം ഈടാക്കാനും രാജ്യം ശ്രമിക്കുന്നുണ്ട്. എന്നാൽ ഇറാന്റെ ഇത്തരം നിയന്ത്രണങ്ങളും ടോൾ ഈടാക്കാനുള്ള നീക്കങ്ങളും വാഷിംഗ്ടൺ പൂർണമായി തള്ളിക്കളയുകയായിരുന്നുവെന്ന് യു.എസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nuclear DealIran-USStrait of HormuzDonald Trump
Next Story