Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനെതന്യാഹുവിനോട്...

നെതന്യാഹുവിനോട് അതൃപ്തിയുമായി ട്രംപ്, കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണം; യു.എസ് സമ്മർദ്ദത്തിനിടയിലും ലബനാനിൽ ഇസ്രായേൽ ആക്രമണം തുടരുന്നു

text_fields
bookmark_border
നെതന്യാഹുവിനോട് അതൃപ്തിയുമായി ട്രംപ്, കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണം; യു.എസ് സമ്മർദ്ദത്തിനിടയിലും ലബനാനിൽ ഇസ്രായേൽ ആക്രമണം തുടരുന്നു
cancel

വാഷിങ്ടൺ/ബെയ്റൂത്ത്: ലബനാനിലെ സൈനിക അധിനിവേശത്തിലും ഹിസ്ബുല്ലക്കെതിരെയുള്ള നീക്കങ്ങളിലും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോട് കടുത്ത അതൃപ്തി പരസ്യമാക്കി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നെതന്യാഹു കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ഇസ്രായേലിന്റെ നിലവിലെ നീക്കങ്ങളിൽ താൻ ഒട്ടും സന്തുഷ്ടനല്ലെന്നും ട്രംപ് വ്യക്തമാക്കി.

അതിനിടെ, യു.എസുമായി ഒപ്പുവെച്ച താൽക്കാലിക കരാറിന് വിരുദ്ധമാണ് ലബനാനിലെ ഇസ്രായേലിന്റെ തുടർന്നുള്ള അധിനിവേശമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ലബനാനിൽ ഇനിയുണ്ടാകുന്ന ഏതൊരു ഇസ്രായേൽ ആക്രമണവും പ്രദേശങ്ങൾ കൈയടക്കി വെക്കുന്നതും യു.എസ്-ഇറാൻ കരാറിന്റെ ലംഘനമായി കണക്കാക്കുമെന്ന് തെറഹ്റാൻ വ്യക്തമാക്കി.

അതേസമയം, ഇറാനുമായുള്ള കരാറിന്റെ ഭാഗമായി ലബനാനിലെ യുദ്ധം അവസാനിപ്പിക്കാൻ യു.എസിൽനിന്ന് കടുത്ത സമ്മർദ്ദമുണ്ടായിട്ടും തെക്കൻ ലബനാനിൽ ഇസ്രായേൽ വ്യോമാക്രമണം തുടരുകയാണ്.

നബാത്തിയ ജില്ലയിലെ വിവിധ പ്രദേശങ്ങളിലാണ് ഇസ്രായേൽ യുദ്ധവിമാനങ്ങൾ ബോംബെറിഞ്ഞത്. വ്യോമാക്രമണത്തിന് പുറമെ നബാത്തിയയിലെ അലി അൽ-താഹർ കുന്നുകൾക്ക് നേരെ ഇസ്രായേൽ ആർട്ടിലറി (വലിയ പീരങ്കികൾ, റോക്കറ്റുകൾ, മിസൈലുകൾ എന്നിവ ഉപയോഗിച്ച് നടത്തുന്ന ആക്രമണം) ആക്രമണവും നടത്തി. ആക്രമണങ്ങളിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഇതിനിടെ ഇസ്രായേലുമായുള്ള അഞ്ചാം റൗണ്ട് ചർച്ചകൾക്കുള്ള ഒരുക്കങ്ങൾ ലബനാൻ ഭരണകൂടം ആരംഭിച്ചു. ജൂൺ 22നാണ് ചർച്ചകൾ നിശ്ചയിച്ചിരിക്കുന്നത്. ചർച്ചകൾക്ക് മുന്നോടിയായി ലബനാൻ പ്രസിഡന്റ് ജോസഫ് ഔനും പ്രധാനമന്ത്രി നവാഫ് സലാമും തമ്മിൽ കൂടിക്കാഴ്ച നടത്തി ഒരുക്കങ്ങൾ വിലയിരുത്തി.

യു.എസ്-ഇറാൻ ധാരണാപത്രം മേഖലയിലെ സംഘർഷങ്ങൾ കുറക്കുന്നതിനും സമാധാനപരമായ പരിഹാരങ്ങൾക്കും യുദ്ധം അവസാനിപ്പിക്കുന്നതിനും അനുകൂല ഘടകമാണെന്ന് ഇരു നേതാക്കളും സംയുക്ത പ്രസ്താവനയിൽ വിലയിരുത്തി.

വാഷിങ്ടൺ ചർച്ചകളിലൂടെ സ്ഥിരമായ വെടിനിർത്തൽ, അധിനിവേശ പ്രദേശങ്ങളിൽ നിന്നുള്ള ഇസ്രായേൽ സൈന്യത്തിന്റെ പിന്മാറ്റം, അന്താരാഷ്ട്ര അതിർത്തി വരെ ലബനീസ് സൈന്യത്തെ വിന്യസിക്കൽ, തടവിലാക്കപ്പെട്ട ലബനീസ് പൗരന്മാരുടെ മോചനം, പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കൽ എന്നിവയാണ് ലബനാൻ ലക്ഷ്യമിടുന്നത്.

ഈ യുദ്ധത്തിൽ ഇസ്രായേൽ പിടിച്ചടക്കിയ ലബനീസ് പ്രദേശങ്ങളിൽ നിന്ന് സൈന്യത്തെ പൂർണമായി പിൻവലിക്കാതെ സംഘർഷാവസാനം അപൂർണമായിരിക്കുമെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും വ്യക്തമാക്കി.

യു.എസും ഇറാനും തമ്മിലുണ്ടാക്കിയ പുതിയ സമാധാന കരാർ ഇസ്രായേലിനെ സംബന്ധിച്ച് ‘ചതി’ യായി വ്യാഖ്യാനിക്കപ്പെടാമെന്ന് മുൻ ഇസ്രായേൽ പ്രധാനമന്ത്രി ഇഹൂദ് ഒൽമർട്ട് ഐറിഷ് മാധ്യമമായ ആർ.ടി.ഇയോട് പറഞ്ഞു.

നെതന്യാഹുവിന്റെ യഥാർഥ നിലപാടുകളിൽ നിന്ന് നോക്കുമ്പോൾ ഇതൊരു വഞ്ചനയായി തോന്നാം. എന്നാൽ, ട്രംപിന്റെ പിന്തുണയെയും ബന്ധത്തെയും പൂർണമായി ആശ്രയിച്ചു കഴിയുന്നതിനാൽ നെതന്യാഹുവിന് ഇത് പരസ്യമായി പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലബനാനുമായി ഒരു കരാറിലെത്താനുള്ള വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് വിശ്വസിക്കുന്നതായി ഒൽമർട്ട് പറഞ്ഞു. ചർച്ചകളുടെ ഭാഗമായി ഇസ്രായേൽ തെക്കൻ ലബനാനിൽനിന്ന് പിന്മാറണം. തെക്കൻ ലബനാനിലെ ഒരു പ്രദേശവും ഇസ്രായേലിന് ആവശ്യമില്ലെന്നും, അവിടെനിന്ന് പൂർണമായി പിന്മാറി പ്രാദേശിക കരാറുകളിലൂടെ സമാധാനത്തിന് ശ്രമിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

എന്നാൽ, യു.എസ്-ഇറാൻ കരാർ നിലവിലുണ്ടെങ്കിലും തെക്കൻ ലബനാനിലെ അധിനിവേശ പ്രദേശങ്ങളിൽ നിന്ന് സൈന്യം പിന്മാറില്ലെന്നാണ് ഉന്നത ഇസ്രായേൽ ഉദ്യോഗസ്ഥരുടെ നിലപാട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelBenjamin NetanyahuLebanonDonald Trump
News Summary - Trump Expresses Displeasure with Netanyahu as Israel Continues Lebanon Strikes Despite US Pressure
Next Story